ഗർഭിണിയാണെന്ന് അറിഞ്ഞതോടെ റിയാലിറ്റി ഷോ അവതാരകയുടെ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ മിനി മാത്തൂർ. ജോലി ചെയ്യുന്ന അമ്മമാരോട് വിനോദ വ്യവസായ മേഖല എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നുള്ളതിനുള്ള നേർസാക്ഷ്യമായാണ് മിനി തന്റെ അനുഭവം പറഞ്ഞത്. 'അലയൻസ്' സീസൺ 1-ലെ വിജയിയാണ് മിനി മാത്തൂർ.

To advertise here,

ഇന്ത്യൻ ഐഡൽ സംഗീത റിയാലിറ്റി ഷോ അവതാരകയായിരുന്നു ഇവർ. എന്നാൽ അഞ്ചാം സീസണിൽ ഇവർക്ക് അവതാരകയായി തുടരാനായി സാധിച്ചില്ല. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നുവെന്നും അത് നിർമാതാക്കളെ അറിയിച്ചതോടെയാണ് ആ സ്ഥാനത്തുനിന്ന് തന്നെ നീക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഗർഭിണിയായ ഒരു സ്ത്രീ ഇന്ത്യൻ ഐഡൽ പോലൊരു റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത് കാണാൻ കാണികൾ ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞതും അവർ ഓർത്തെടുത്തു.

സീസൺ അഞ്ച് ആരംഭിക്കുന്നതിന് മുൻപേ തന്നെ ഗർഭിണിയാണെന്ന വിവരം അവർ അണിയറപ്രവർത്തകരെ അറിയിച്ചിരുന്നു. ഓഡിഷൻ റൗണ്ടുകളിലെങ്കിലും അവതാരകയായി തുടരാമെന്നാണ് അവർ കരുതിയിരുന്നത്. ഗർഭാവസ്ഥയിലും ജോലിയുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഫൈനൽ എത്തുമ്പോഴേക്കും അവർ ഗർഭിണിയാണെന്നത് വ്യക്തമാകും എന്ന കാരണത്താൽ അവരെ അവതാരകയായി തിരഞ്ഞെടുക്കാൻ നിർമാതാക്കൾ വിസമ്മതിക്കുകയായിരുന്നു.

'സീസൺ നാലിന് ശേഷമാണ് സൈറയെ ഗർഭം ധരിച്ചത്. ഇന്ത്യൻ ഐഡൽ ടീം അഞ്ചാം സീസൺ തുടങ്ങാനിരിക്കുകയായിരുന്നു. ഞാൻ ഗർഭിണിയാണെന്ന കാര്യം ടീമിനെ അറിയിച്ചു. ഓഡിഷൻ സമയത്ത് പ്രശ്‌നമുണ്ടാകില്ല എന്നാൽ ഫൈനൽ എപ്പിസോഡുകളിൽ എത്തുമ്പോഴേക്കും വയർ പുറത്തുകാണും. അപ്പോൾ സീസൺ 5 ചെയ്യേണ്ട എന്നവർ എന്റെ മുഖത്തുനോക്കി പറഞ്ഞു. അതിന് കാരണമായി പറഞ്ഞത് ഗർഭിണിയായ അവതാരകയെ ഇന്ത്യൻ കാണികൾ ഇഷ്ടപ്പെടില്ലെന്നാണ്.' അണിയറ പ്രവർത്തകരുടെ പ്രതികരണത്തിൽ തനിക്ക് വിഷമം തോന്നിയെന്നും മിനി പറയുന്നുണ്ട്. ഈ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ പോലും കഴിയാത്ത ആളുകളെ ഓർത്ത് എനിക്ക് വിഷമം തോന്നിയെന്നാണ് ആ നിമിഷത്തെ കുറിച്ച് മിനി പറയുന്നത്.

എന്നാൽ സീസൺ ആറിലേക്ക് തന്നെ അവർ വീണ്ടും ക്ഷണിച്ചിരുന്നു എന്നും മിനി ഓർക്കുന്നു. എന്നാൽ ആ സമയമായപ്പോഴേക്കും ഷോയോടുള്ള തന്റെ ആഭിമുഖ്യം തന്നെ മാറിപ്പോയെന്നും തിരിച്ചുപോകേണ്ടെന്ന് തീരുമാനിച്ചുവെന്നും അവർ പറയുന്നു.

ആർ. മാധവനൊപ്പം തോൽ മോൽ കേ ബോൽ തുടങ്ങിയ ഷോകളിൽ മിനി അഭിനയിച്ചിട്ടുണ്ട്. മ്യൂസിക് ചാനലിന്റെ വി.ജെ. ആയി കരിയർ തുടങ്ങിയ മിനി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. ചില പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.