പരസ്പര ബഹുമാനം, വിശ്വസ്തത, വൈകാരികമായ സുരക്ഷിതത്വം എന്നിവയിലാണ് ഒരു നല്ല ദാമ്പത്യം കെട്ടിപ്പടുക്കപ്പെടുന്നത്.

2008-ലാണ് ബോളിവുഡ് താരം സഞ്ജയ് ദത്തും മാന്യതയും വിവാഹിതരാകുന്നത്. അടുത്തിടെ ശേഖർ സുമന് നൽകിയ അഭിമുഖത്തിൽ, തന്റെ പ്രണയകഥയെക്കുറിച്ചും ഭാര്യ മാന്യതയുമായുള്ള 20 വയസ്സിന്റെ പ്രായവ്യത്യാസത്തെക്കുറിച്ചും ബോളിവുഡ് താരം തുറന്നുപറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
'അവൾ ബേബി സ്ട്രോളറിൽ ഇരിക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ടെന്ന് അവൾ എന്നോട് തമാശയായി പറയാറുണ്ട്. എനിക്ക് അവളേക്കാൾ 20 വയസ്സ് കൂടുതലുണ്ട്. ഞങ്ങൾ കണ്ടുമുട്ടി, പിന്നീട് പ്രണയത്തിലായി. ഒരു അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും മാന്യത കാണിക്കുന്നത്ര സമർപ്പണബോധവും പ്രതിബദ്ധതയുമുള്ള മറ്റൊരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. എന്റെ അമ്മയ്ക്ക് (നടി നർഗീസ്) ശേഷം, ജീവിതത്തിലെ പ്രതിസന്ധികളിൽ പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന ഒരേയൊരു വ്യക്തി അവളാണ്. ജയിൽവാസത്തിന്റെ കാലത്താകട്ടെ, മറ്റെന്തെങ്കിലും ഘട്ടത്തിലാകട്ടെ, അവൾ എപ്പോഴും എന്റെ നിഴലായി കൂടെയുണ്ടായിരുന്നു.' സഞ്ജയ് പറയുന്നു.
പരസ്പരം വലിയ പ്രായവ്യത്യാസമുള്ള പങ്കാളികൾ തമ്മിലുള്ള ബന്ധം, ഒരേ പ്രായത്തിലുള്ളവർ തമ്മിലുള്ള ബന്ധം പോലെ തന്നെ ആരോഗ്യകരവും സംതൃപ്തവുമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. പ്രായത്തിലെ വ്യത്യാസം മാത്രം ഒരു ബന്ധത്തിന്റെ വിജയത്തെയോ പരാജയത്തെയോ നിർവചിക്കില്ല. പ്രായവ്യത്യാസം എത്രയുണ്ടെങ്കിലും പരസ്പരം നൽകുന്ന ബഹുമാനമാണ് ബന്ധത്തിന്റെ അടിത്തറ. ജീവിതത്തോടും മൂല്യങ്ങളോടുമുള്ള കാഴ്ചപ്പാടുകളിൽ ദമ്പതികൾ പുലർത്തുന്ന ഐക്യവും തുറന്ന ആശയവിനിമയവും പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള ശേഷിയും പ്രധാനമാണ്. അതുപോലെ കുടുംബ കാര്യങ്ങളിൽ രണ്ടുപേർക്കും തുല്യ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
പ്രായവ്യത്യാസമുള്ള ദമ്പതികൾക്ക് ചില സാഹചര്യങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കരിയറിലെ മുൻഗണനകൾ, ആരോഗ്യം, കുടുംബം വിപുലീകരിക്കൽ എന്നിവയിൽ രണ്ടുപേരുടെയും ആവശ്യങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിലായിരിക്കാം. പങ്കാളികളിൽ ഒരാൾക്ക് സാമ്പത്തികമായോ, സാമൂഹികമായോ, വൈകാരികമായോ കൂടുതൽ സ്വാധീനമുള്ള സാഹചര്യത്തിൽ, അതും ബന്ധത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാനിടയുണ്ട്. പങ്കാളികൾക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള സ്വാതന്ത്ര്യം അതിനാൽ ആരോഗ്യകരമായ ബന്ധത്തിന് അനിവാര്യമാണ്.
സമൂഹത്തിന്റെ പൊതുധാരണകൾക്ക് പുറത്തുള്ള ബന്ധങ്ങൾ പലപ്പോഴും ബാഹ്യമായ വിമർശനങ്ങൾക്കും വിലയിരുത്തലുകൾക്കും ഇരയാകാറുണ്ട്. ഇത് ബന്ധങ്ങളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. ഇതിനെ അതിജീവിക്കാൻ പങ്കാളികൾ തമ്മിൽ സുതാര്യമായി കാര്യങ്ങൾ സംസാരിക്കുകയും ഒരൊറ്റ ശക്തിയായി നിലകൊള്ളുകയും ചെയ്യുക. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വരുന്ന അനാവശ്യ ഇടപെടലുകൾക്ക് വ്യക്തമായ അതിരുകൾ നിർണ്ണയിക്കുക. എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനേക്കാൾ, സ്വന്തം ബന്ധത്തിന്റെ ആഴവും ഗുണനിലവാരവും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
അടുത്ത ബന്ധുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ ഉണ്ടാകുന്ന ചോദ്യങ്ങളെല്ലാം എതിർപ്പുകളല്ലെന്നും, പലപ്പോഴും അത് അവരുടെ ആകാംക്ഷയോ ആശങ്കയോ മാത്രമാണെന്ന് മനസ്സിലാക്കി ശാന്തമായി പ്രതികരിക്കണം. സ്വയംമതിപ്പിനെയോ ബന്ധത്തിലെ സന്തോഷത്തെയോ ഇത്തരം വിമർശനങ്ങൾ ബാധിച്ചു തുടങ്ങുകയാണെങ്കിൽ പ്രൊഫഷണൽ കൗൺസിലിംഗിന്റെ സഹായം തേടാവുന്നതാണ്.
ചുരുക്കത്തിൽ, പൊതുജനങ്ങളുടെ അഭിപ്രായങ്ങളോ സാമൂഹിക പ്രതീക്ഷകളോ അല്ല ഒരു ബന്ധത്തിന്റെ വിജയം തീരുമാനിക്കുന്നത്. മറിച്ച് പരസ്പര ബഹുമാനം, വിശ്വസ്തത, വൈകാരികമായ സുരക്ഷിതത്വം എന്നിവയിലാണ് ഒരു നല്ല ദാമ്പത്യം കെട്ടിപ്പടുക്കപ്പെടുന്നത്.
Content Highlights: Sanjay Dutt shares insights on his 20-year age gap with Manyata, highlighting the importance of respect and mutual understanding in relationships.
Published: 17 Oct 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented