വാർധക്യം ചർമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനും, സ്വാഭാവിക ഭംഗിയും ഇലാസ്തികതയും നിലനിർത്താനും പുതിയ കാലത്ത് നിരവധി അത്യാധുനിക സൗന്ദര്യവർദ്ധക ചികിത്സാരീതികളാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ സെലിബ്രിറ്റികൾ പലപ്പോഴും ഇത്തരം ചികിത്സകൾ രഹസ്യമാക്കി വെക്കുകയാണ് പതിവ്. അതിൽ നിന്നും വ്യത്യസ്തമായി, അൻപതാം വയസ്സിൽ താൻ ചെയ്ത സ്‌കൾപ്ട്ര (Sculptra) എന്ന കൊളാജൻ ബയോസ്റ്റിമുലേറ്റർ ചികിത്സയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രദ്ധ നേടുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനറും ടെലിവിഷൻ താരവുമായ സീമ സജ്‌ദേ.തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് സീമ ഈ അനുഭവങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

To advertise here,

പ്രായം കൂടുന്തോറും ചർമത്തിലെ സ്വാഭാവിക കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം കുറയുന്നു. ഇത് ചർമം തൂങ്ങുന്നതിനും ചുളിവുകൾ വീഴുന്നതിനും കാരണമാകുന്നു. ഇതിന് പരിഹാരമായി യു.എസ്. എഫ്.ഡി.എ അംഗീകാരം നൽകിയ ചികിത്സാരീതിയാണ് സ്‌കൾപ്ട്ര. പോളി-എൽ-ലാക്റ്റിക് ആസിഡ് അടങ്ങിയ മൈക്രോപാർട്ടിക്കിളുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ചർമത്തിനുള്ളിലേക്ക് കുത്തിവെക്കുമ്പോൾ, ചർമത്തിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു. സാധാരണ ഫില്ലറുകളിൽനിന്ന് വ്യത്യസ്തമായി, കൃത്രിമമായി വോളിയം നൽകുന്നതിന് പകരം ചർമ്മത്തിന്റെ ഘടനയെയും ഇലാസ്തികതയെയും സ്വാഭാവിക രീതിയിൽ വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നു.താൻ ഈ ചികിത്സ തിരഞ്ഞെടുക്കുന്നതിന് മുൻപ് എ.ഐ സാങ്കേതികവിദ്യയായ ചാറ്റ് ജി.പി.ടിയോട് ഇതിന്റെ വിജയശതമാനത്തെക്കുറിച്ച് അന്വേഷിച്ചതായും, 76.6 ശതമാനം ആളുകളും ഇതിന്റെ ഫലത്തിൽ സംതൃപ്തരാണെന്ന് അറിഞ്ഞശേഷമാണ് മുന്നോട്ട് പോയതെന്നും സീമ പറയുന്നുണ്ട്.

മുംബൈയിലെ പ്രശസ്ത കോസ്‌മെറ്റോളജിസ്റ്റായ ഡോ. ഹർഷന ബിജ്ലാനിയുടെ മേൽനോട്ടത്തിലാണ് സീമ ഈ ട്രീറ്റ്മെന്റ് പൂർത്തിയാക്കിയത്. കുത്തിവെപ്പ് സമയത്ത് വേദന ഒഴിവാക്കാനായി ചർമത്തിൽ പ്രത്യേക മരവിപ്പ് ക്രീം പുരട്ടി 45 മിനിറ്റ് കാത്തിരിക്കണം. ഓരോരുത്തരുടെയും ചർമത്തിന്റെ കട്ടി അനുസരിച്ചാണ് മരുന്നിന്റെ അളവും കുത്തിവെക്കുന്ന രീതിയും തീരുമാനിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ചർമഘടനയിലെ വ്യത്യാസങ്ങൾ ഇതിൽ പ്രധാനമാണ്.ഒറ്റ സിറ്റിങ് കൊണ്ട് പൂർണ്ണഫലം ലഭിക്കില്ല. ചർമ്മത്തിന്റെ ആവശ്യാനുസരണം 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ സിറ്റിങ്ങുകൾ ആവശ്യമായി വരും.കുത്തിവെപ്പിന് ശേഷം ചർമത്തിൽ മറ്റുപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ദിവസവും അഞ്ചു തവണ വീതം മുകളിലേക്കും വെളിയിലേക്കും എന്ന രീതിയിൽ മുഖം മസ്സാജ് ചെയ്യേണ്ടതുണ്ട്.കുത്തിവെപ്പിന് ശേഷം ഒന്നോ രണ്ടോ ദിവസം മുഖത്ത് ചെറിയ രീതിയിലുള്ള വീക്കം അനുഭവപ്പെടാമെങ്കിലും, ഒരു മാസത്തിനുള്ളിൽ ചർമത്തിൽ ദൃശ്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങും.

പ്രായമായി എന്ന് കരുതി അങ്ങനെ ചർമം ശ്രദ്ധിക്കാതെ നടക്കാനാകില്ലെന്ന് സീമ പറയുന്നു. സൗന്ദര്യചികിത്സകൾ വിപണിയിൽ ലഭ്യമാണെങ്കിലും, ഏതൊരു ചികിത്സ തിരഞ്ഞെടുക്കുന്നതിന് മുൻപും വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അവർ ഓർമിപ്പിച്ചു.സൗന്ദര്യചികിത്സകളെക്കുറിച്ച് തുറന്നുപറഞ്ഞ സീമയുടെ നിലപാടിനെ സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം പ്രശംസിച്ചു. സ്വന്തം ശരീരത്തിലും ചർമത്തിലും മാറ്റങ്ങൾ വരുത്താനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മിക്കവരും പിന്തുണച്ചപ്പോൾ, പ്രായത്തെ സ്വാഭാവികമായി സ്വീകരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായങ്ങൾ പങ്കുവച്ചവരുമുണ്ട്.