മനോഹരമായ നൃത്തച്ചുവടുകളുമായി നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ്. ഷാരൂഖ് ഖാന്റെ ചിത്രമായ ചെന്നൈ എക്‌സ്പ്രസിലെ 'തിത്‌ലി' എന്ന ഗാനത്തിന് അനുസരിച്ചാണ് മീനാക്ഷി ചുവടുകള്‍ വെച്ചത്. ഇതിന്റെ മനോഹരമായ വീഡിയോ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

ചുവപ്പ് നിറത്തിലുള്ള കലംകാരി കുര്‍ത്തയും കറുപ്പ് ലെഗ്ഗിങ്‌സുമായിരുന്നു മീനാക്ഷിയുടെ ഔട്ട്ഫിറ്റ്. മീനാക്ഷി പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ച് കമന്റ് ചെയ്തത്. അതീവ മെയ് വഴക്കത്തോടെയാണ് നൃത്തം ചെയ്യുന്നതെന്നും സിനിമയില്‍ എപ്പോഴാണ് അരങ്ങേറ്റം കുറിക്കുക എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തേയും ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ വൈറലായിരുന്നു. ബാല്യകാല സുഹൃത്തായ ആയിഷ നാദിര്‍ഷയുടെ റിസപ്ഷന് നടി നമിത പ്രമോദിനൊപ്പം ചെയ്ത മീനാക്ഷിയുടെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

കഴിഞ്ഞ മെയില്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തിലും മീനാക്ഷി പങ്കെടുത്തിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് താരപുത്രി എത്തിയത്. ഗ്രേ നിറത്തിലുള്ള ലെഹങ്കയായിരുന്നു റിസപ്ഷന് ധരിച്ചത്. ഇതിന്റെ ചിത്രങ്ങളും മീനാക്ഷി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.