ഫെമിനിസത്തെ കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായത്തെയാണ് ശാരദക്കുട്ടി വിമർശിച്ചത്

മീനാക്ഷി അനൂപ്, ശാരദക്കുട്ടി | ചിത്രങ്ങൾ: മാതൃഭൂമി
ഫെമിനിസത്തെ കുറിച്ചുള്ള നടി മീനാക്ഷിയുടെ നിലപാടിനെതിരെ തുറന്ന വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫെമിനിസത്തെ കുറിച്ച് മീനാക്ഷി പറഞ്ഞത് പൊട്ടത്തരമാണെന്നും യഥാര്‍ഥ ജീവിതം ജീവിച്ചുതുടങ്ങുമ്പോള്‍ ഇക്കാര്യം മനസിലാകുമെന്നും ശാരദക്കുട്ടി പറഞ്ഞു. പുരുഷന്റെ അവകാശങ്ങള്‍ വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണെന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസമെന്നാണ് മീനാക്ഷി നേരത്തേ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്നെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനവും.
മീനാക്ഷി പണ്ട് റിയാലിറ്റി ഷോയില്‍ പറഞ്ഞ തമാശ ഓര്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തില്‍ രണ്ടാകുന്നതു പോലെ. -ശാരദക്കുട്ടി തുടര്‍ന്നു.
തുടര്‍ന്ന് മീനാക്ഷിയുടെ അഭിപ്രായം ഉദ്ധരിച്ചശേഷം യഥാര്‍ഥ ജീവിതം തുടങ്ങുമ്പോള്‍ മീനാക്ഷി ഈ അഭിപ്രായം മാറ്റിപ്പറയുമെന്നും ശാരദക്കുട്ടി കുറിച്ചു. ഇപ്പോള്‍ പറഞ്ഞത് റിയാലിറ്റി ഷോകളില്‍ പറയാവുന്ന പൊട്ടത്തരങ്ങില് ഒരു പൊട്ടത്തരം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശാരദക്കുട്ടിയുടെ കുറിപ്പ്
മീനാക്ഷി പണ്ട് പറഞ്ഞതും ടോപ്പ് സിങ്ങറില്‍ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി - ഇരുമ്പ് തമാശ ഓര്‍ക്കുന്നു.
ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തില്‍ രണ്ടാകുന്നതു പോലെ.
ഫെമിനിസ്റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നല്കിയ ഉത്തരം താഴെ കൊടുക്കുന്നു.
'ചോദ്യം ഫെമിനിസ്റ്റാണോ....
ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവില്‍ ചെറിയ വാചകങ്ങളില്‍ ... ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ 'ഫെമിനിസം.'....'
മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാര്‍ഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
യഥാര്‍ഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ.
ഇപ്പോള്‍ പറഞ്ഞത് ടോപ്പ് സിങ്ങര്‍ വേദിയില്‍ എംജി അങ്കിളിന്റെ ഒക്കെ മുന്നില്‍ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളില്‍ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.
ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കില്‍ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങള്‍ മനസ്സിലാക്കാനും.
പക്ഷേ, അങ്ങനെ പറയുമ്പോള്‍ മുന്‍പു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും.
മറ്റൊരു 'പ്രിയങ്ക'രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി നടക്കാനാകട്ടെ.
Content Highlights: 'Nonsense': Writer Saradakutty Slams Actress Meenakshi's Stance on Feminism
Published: 25 Nov 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented