
കണ്ണൂര്‍: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി പഞ്ചായത്ത് ഓഫീസില്‍ കാത്തിരിക്കേണ്ട. നീണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട. ലോകത്തിന്റെ ഏത് കോണില്‍നിന്നും രജിസ്റ്റര്‍ ചെയ്യാം. വധുവും വരനും ഒരേസമയം വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കിലും പ്രശ്നമില്ല. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി പത്തുമിനിറ്റിനകം ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷന് നടത്താം. സംസ്ഥാനത്ത് വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദമ്പതിമാരായി പിണറായി സ്വദേശി വൈഷ്ണവും കല്യാശ്ശേരി സ്വദേശി അശ്വതിയും.
ഏപ്രില്‍ ആറിനായിരുന്നു വിവാഹം. തിരുവനന്തപുരം ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വധൂവരന്മാര്ക്കൊപ്പം മന്ത്രി എം.ബി. രാജേഷ് പങ്കെടുത്തു. ഓണ്‍ലൈന്‍ നടപടിയിലൂടെ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നവദമ്പതിമാര്‍ക്ക് മന്ത്രി അപ്പോള്‍തന്നെ കൈമാറി.
സുഹൃത്തുക്കളായ കെ. വരുണും പി. ശ്വേതയും വഴിയാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് കമ്പനി പുതുതായി രൂപകല്പന ചെയ്ത വിവാഹ രജിസ്ട്രേഷന് സോഫ്റ്റ്വേറിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യല്‍ പുതിയ പദ്ധതി പ്രകാരമാകാമെന്ന് തീരുമാനിച്ചു. പഞ്ചായത്തുതലത്തില്‍ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയതോടെയാണ് ഇരുവരുടെയും വിവാഹം സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമാകുന്നത്. നഗരസഭയിലും കോര്‍പ്പറേഷനിലും ഇത് നേരത്തേ നടപ്പാക്കിയിരുന്നു.
Content Highlights: Register marriages from anywhere in the world through K-Smart application. First couple from Kannur
Published: 11 Apr 2025, 08:06 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented