
മുഹമ്മദ് ഇബ്രാഹിം സഹൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ പാട്ട് പാടുന്നു
മഞ്ചേശ്വരം: രണ്ടുദിവസം മുൻപ് ഒരു അഞ്ച് വയസ്സുകാരന്റെ പാട്ടിന് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വേദിയായി. ആ പാട്ട് ഇന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ഒരു പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് രക്ഷിതാക്കളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയതായിരുന്നു മുഹമ്മദ് ഇബ്രാഹിം സഹൽ. ആദ്യമായാണ് അവൻ പോലീസ് സ്റ്റേഷനും പോലീസുകാരെയും ഇത്ര അടുത്ത് കാണുന്നത്. സ്റ്റേഷന്റെ ചുറ്റുവട്ടം കൗതുകത്തോടെ വീക്ഷിച്ച് കുസൃതി കാട്ടുന്നതിനിടെ അവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾസലാമിന്റെ സമീപത്തെത്തി അപ്രതീക്ഷിതമായി ഒരു ചോദ്യമെറിഞ്ഞു. ഒരു പാട്ട് പാടിക്കോട്ടെ?
‘ഓ, അതിനെന്താ പാടിക്കോളൂ’ എന്ന് അദ്ദേഹം മറുപടി നൽകി. നഴ്സറിപ്പാട്ടുകൾ എന്തെങ്കിലുമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പോലീസുകാരെ അക്ഷരാർഥത്തിൽ അവൻ ഞെട്ടിച്ചു. ‘വാഴ’ സിനിമയിലെ ‘ഏയ് ബനാനെ ഒരു പൂ തരാമോ...’ എന്ന ഹിറ്റ് ഗാനമാണ് ആദ്യവസാനം ഈ കുഞ്ഞ് പോലീസ് സ്റ്റേഷനിൽ പാടിത്തകർത്തത്.
പാട്ട് റെക്കോഡ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിനന്ദനപ്രവാഹമായി. പാട്ട് കഴിഞ്ഞതോടെ പോലീസിന്റെ വക അഭിനന്ദനം. അതിന് നന്ദിയും പറഞ്ഞാണ് മുഹമ്മദ് ഇബ്രാഹിം സഹൽ സ്റ്റേഷൻ വിട്ടത്. ഉപ്പള ബപ്പായി തൊട്ടിയിലെ മുഹമ്മദ് അഷ്റഫിന്റെയും ഫാത്തിമത്ത് സുനൈനയുടെയും മകനായ സഹൽ ഉപ്പള മുട്ടത്തെ സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
Content Highlights: 5-year-old Muhammed Ibrahim Sahal sings the hit 'Vazha' movie song at Manjeshwaram Police Station; video goes viral on social media.
Published: 07 Nov 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented