മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇപ്പോൾ ലണ്ടനിലാണ്. സ്‌റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് താരം ലണ്ടനിലെത്തിയത്. ഇപ്പോഴിതാ ലണ്ടനിലെ തെരുവിൽ അപ്രതീക്ഷിതമായി പ്രിയതാരത്തെ കണ്ട അനുഭവം പങ്കുവെക്കുകയാണ് ഒരു ആരാധിക. കാറോടിച്ച് പോകുമ്പോഴാണ് തെരുവിലൂടെ മമ്മൂട്ടി നടന്നുപോകുന്നത് കണ്ടതെന്നും അപ്പോൾ തന്നെ വണ്ടി നിർത്തി അദ്ദേഹത്തിനരികിലേക്ക് ഓടിപ്പോയെന്നും ആരാധികയായ ഡോ. അജിതാ മോഹൻ പറയുന്നു.

To advertise here,

'ലണ്ടൻ തെരുവിൽ മമ്മൂക്കയെ കണ്ടപ്പോൾ ഒരു നിമിഷം സമയം നിന്നുപോയ പോലെ! ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം' എന്നാണ് മമ്മൂട്ടിയെ കണ്ട അനുഭവം പറയുന്ന വീഡിയോയ്‌ക്കൊപ്പം അജിത കുറിച്ചത്. സെൻട്രൽ ലണ്ടനിൽ കറങ്ങാനായി പോയപ്പോഴാണ് തെരുവിലൂടെ മമ്മൂട്ടി നടക്കുന്നത് കണ്ടതെന്ന് അവർ പറഞ്ഞു. കണ്ണുകളെ തനിക്ക് വിശ്വസിക്കാനായില്ല. ഉടൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി സംസാരിച്ചുവെന്നും ചിത്രങ്ങളെടുത്തുവെന്നും അജിത പറഞ്ഞു. പ്രിയതാരത്തെ കണ്ടതിന്റെ ആവേശം അജിതയുടെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു.

മമ്മൂട്ടിക്കൊപ്പം സെൽഫിയെടുക്കുന്നതിന്റെ ചിത്രം മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ അജിത പങ്കുവെച്ചു. 'ജീവിതത്തിൽ ആദ്യമായി ലണ്ടൻ റോഡിൽ കാർ നിർത്തിയിട്ട് ഓടി! കാരണം മുന്നിൽ മമ്മൂക്ക ഉണ്ടായിരുന്നു' എന്നാണ് ഈ ചിത്രത്തിനൊപ്പം അവർ കുറിച്ചത്. അജിതയുടെ സുഹൃത്ത് നസീർ മുഹമ്മദാണ് ഈ ചിത്രം പകർത്തിയത്. താൻ പൂർണമായി 'ഫാൻ ഗേളാ'യ നിമിഷമാണ് ഈ ചിത്രത്തിലുള്ളതെന്നും അജിത പറയുന്നു.

അജിതയുടെ പോസ്റ്റുകൾ ഇതിനകം പതിനായിരക്കണക്കിന് പേരാണ് കണ്ടത്. അവിസ്മരണീയമായ നിമിഷം ലഭിച്ചതിന് ഒട്ടേറെ പേർ അജിതയെ കമന്റുകളിലൂടെ അഭിനന്ദിച്ചു.