മഹാകുംഭമേളയ്ക്കിടെ 'ഡിജിറ്റല്‍ സ്‌നാന'വും. കുംഭമേളയ്‌ക്കെത്തിയ യുവതിയാണ് വീഡിയോകോളില്‍വന്ന ഭര്‍ത്താവിനായി മൊബൈല്‍ ഫോണ്‍ നദിയില്‍ മുക്കി 'ഡിജിറ്റലായി' സ്‌നാനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. 

To advertise here,

കുംഭമേളയ്‌ക്കെത്തിയ യുവതി വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ മൊബൈല്‍ഫോണില്‍ വീഡിയോകോള്‍ചെയ്തുകൊണ്ട്  സ്‌നാനത്തിനായി നദിയിലിറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. പിന്നാലെ ഭര്‍ത്താവിന് 'ഡിജിറ്റല്‍ സ്‌നാനം' ചെയ്യാനായി വീഡിയോകോളിലിരിക്കെ തന്നെ മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ പലതവണ മുക്കിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി ഭര്‍ത്താവിനായി നടത്തിയ 'ഡിജിറ്റല്‍ സ്‌നാന'ത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്‌നാനചടങ്ങുകള്‍ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേര്‍ പുണ്യസ്‌നാനം ചെയ്‌തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.

മഹാകുംഭമേളയുടെ അവസാനദിവസം വന്‍തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമുതല്‍ സംഗമം നടക്കുന്നയിടത്തേക്ക് വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. പ്രയാഗ്രാജിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വന്നിറങ്ങുന്ന പ്രവേശനകവാടങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഘട്ടുകള്‍ ഉപയോഗിക്കാന്‍ തീര്‍ഥാടകരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ശുചിത്വപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. 15000 തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ ജോലികള്‍ ഗിന്നസ് റെക്കോഡിലും ഇടംനേടി. ഇതിന്റെ പ്രഖ്യാപനം 27-നുണ്ടാകുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളയെ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ഉത്സവമെന്നും സംസ്ഥാനത്തെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രമുഖര്‍ ഇതുവരെ പുണ്യസ്‌നാനം നടത്തി.