റോജ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് മധു ഷാ  എന്നറിയപ്പെടുന്ന മധുബാല. യോദ്ധാ എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കും മധു പരിചിതയായി. 56-ാം വയസ്സിലും തന്റെ ചുറുചുറുക്കും ആരോഗ്യവും നിലനിർത്തുന്ന താരം, പ്രായം കൂടുന്തോറും ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഒരു കാലത്ത് ഭക്ഷണപ്രിയയായിരുന്ന താൻ എങ്ങനെയാണ് ആരോഗ്യകാര്യത്തിൽ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതെന്ന് സെലിബ്രിറ്റി ഷെഫ് ശീതൾ വഞ്ചാരിയുമായുള്ള അഭിമുഖത്തിൽ അവർ പറയുന്നുണ്ട്. 

To advertise here,

ചെറുപ്പത്തിൽ ഒരുപാട് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്നാൽ അതിനൊപ്പം തന്നെ ശാരീരികമായി വളരെ സജീവമായിരുന്നുവെന്നും മധു ഓർത്തെടുത്തു. ‘രാവിലെ എഴുന്നേൽക്കുക, ഓടുക, വ്യായാമം ചെയ്യുക, നൃത്തം ചെയ്യുക.. അതിനുശേഷം നന്നായി ഭക്ഷണം കഴിക്കുക എന്നതായിരുന്നു രീതി. അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. ചൂട് ചപ്പാത്തിയും ആലു ഭാജിയും കഴിച്ച് വളർന്ന എനിക്ക് അന്നൊന്നും കലോറി നോക്കുന്ന ശീലമേ ഉണ്ടായിരുന്നില്ല’-56 കാരിയായ മധു പറയുന്നു. 

കാലക്രമേണ ഭക്ഷണത്തോടുള്ള സമീപനത്തിൽ വന്ന മാറ്റത്തെക്കുറിച്ചും മധു സംസാരിച്ചു. വിവിധ വിദേശ വിഭവങ്ങളോടുള്ള പ്രിയവും സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലവും ഭക്ഷണത്തെ വെറുമൊരു ആഹാരം എന്നതിലുപരി ഒരു അനുഭവമാക്കി മാറ്റി. എന്നാൽ പ്രായം കൂടുന്തോറും ശാരീരികമായ അധ്വാനത്തേക്കാൾ എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിലാണ് കാര്യമെന്ന് താൻ തിരിച്ചറിഞ്ഞതായി മധു പറയുന്നു.

‘ഇന്ന് എല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. അമിതമായി കഴിക്കുന്ന ഒരു സംസ്‌കാരമാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ ഇപ്പോൾ ഞാൻ ലെസ് ഈസ് മോർ’ എന്ന തത്വത്തിലാണ് വിശ്വസിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം പോലെ തന്നെ പ്രധാനമാണ് അതിന്റെ അളവും. ഇപ്പോൾ വളരെ കുറച്ച് മാത്രമേ ആഹാരം കഴിക്കാറുള്ളൂ’- 

ചെറുപ്പത്തിൽ ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കൂടുതലായിരിക്കുമെന്നും ശാരീരിക അധ്വാനം അധികമുള്ളതിനാൽ എത്ര കഴിച്ചാലും അത് ഊർജ്ജമായി മാറുമെന്നും അവർ പറയുന്നു. എന്നാൽ പ്രായമാകുമ്പോൾ മെറ്റബോളിസം കുറയുന്നതിനാൽ ഭക്ഷണത്തിന്റെ പോർഷൻ കൺട്രോൾ (അളവ് നിയന്ത്രിച്ച് കഴിക്കുക) കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.