ചെറുപ്രായത്തിലെ സ്മാർട്ട്ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ വിനിയോഗവും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന മുന്നറിയിപ്പുമായി പുതിയ ശാസ്ത്രീയ പഠനം. 12 വയസ്സിൽ സ്വന്തമായി സ്മാർട്ട്ഫോൺ ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികളിൽ, ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട മാനസിക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ ഉയർന്നതാണെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞരുടെ പഠനത്തിൽ വ്യക്തമാകുന്നത്.

To advertise here,

12 വയസ്സിൽ സ്മാർട്ട്ഫോൺ കൈവശം വെക്കുന്ന കുട്ടികളിൽ, കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിൽ അനാവശ്യമായ ഭയവും, ശരീരഭാരത്തെക്കുറിച്ചുള്ള തെറ്റായ ചിന്തകളും, അനോറെക്‌സിയ തുടങ്ങിയ ഗുരുതരമായ ആഹാര തകരാറുകളുടെ ലക്ഷണങ്ങളും വൻതോതിൽ വർധിക്കുന്നതായി കണ്ടത്തി. സോഷ്യൽ മീഡിയയുടെയും ബോഡി ഇമേജിന്റെയും സ്വാധീനം കുട്ടികളിൽ ഉണ്ടാകുന്നുണ്ട്. സ്മാർട്ട്ഫോണുകളിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരന്തരം ഉപയോഗിക്കുന്നത് കുട്ടികളിൽ തങ്ങളുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് അപകർഷതാബോധം ഉണ്ടാക്കുന്നു. ഫിൽട്ടറുകൾ ഉപയോഗിച്ചുള്ള ചിത്രങ്ങളും കൃത്രിമ സൗന്ദര്യ സങ്കൽപങ്ങളുംകണ്ട് അത് സ്വന്തം ശരീരവുമായി താരതമ്യം ചെയ്യുന്നത് കുട്ടികളെ മാനസിക സമ്മർദത്തിലാക്കുന്നു.

അമിതമായ സ്‌ക്രീൻ ടൈം കുട്ടികളുടെ ഉറക്കത്തെയും ക്രമമായ ഭക്ഷണ സമയത്തെയും ബാധിക്കുന്നു. സ്മാർട്ട്ഫോൺ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിശപ്പിന്റെയും വയറ് നിറഞ്ഞതിന്റെയും സൂചനകൾ തിരിച്ചറിയാനുള്ള മസ്തിഷ്‌ക ശേഷിയെ കുറയ്ക്കുകയും അമിതാഹാരത്തിലേക്കോ പട്ടിണി കിടക്കുന്നതിലേക്കോ നയിക്കുകയും ചെയ്യുന്നു.

ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകുന്നത് അവരുടെ മാനസികാരോഗ്യത്തെയും ശാരീരിക വളർച്ചയെയും ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ ഓർമിപ്പിക്കുന്നു.

ഫോൺ നൽകുന്ന പ്രായം വൈകിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സോഷ്യൽ മീഡിയയുടെയും സ്മാർട്ട്ഫോണുകളുടെയും ഉപയോഗത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക. ബോഡി ഇമേജിനെക്കുറിച്ചും സോഷ്യൽ മീഡിയയിലെ വ്യാജ സൗന്ദര്യ സങ്കൽപങ്ങളെക്കുറിച്ചും കുട്ടികളുമായി തുറന്നു സംസാരിക്കാനും, അവരുടെ ഭക്ഷണരീതികളിലെ മാറ്റങ്ങൾ കൃത്യമായി ശ്രദ്ധിക്കാനും രക്ഷിതാക്കൾ മുൻകൈയെടുക്കേണ്ടതാണ്.