ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കി ചൈനീസ് അമേരിക്കന്‍ ലൂസി ഗ്വോ. 33-ാം വയസ്സില്‍ ശതകോടീശ്വരിയായ പോപ് ഇതിഹാസം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പേരിലാണ് രണ്ടുവര്‍ഷത്തോളമായി ഈ റെക്കോര്‍ഡ്. കഴിഞ്ഞദിവസമാണ് ഫോബ്‌സ് പട്ടിക പുറത്തുവിട്ടത്.

To advertise here,

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറും എന്‍ജിനീയറുമായ ലൂസി, സ്‌കെയില്‍ എഐ എന്ന നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയുടെ ഉടമയാണ്. 30-ാം വയസ്സിലാണ് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്വയാര്‍ജിത ശതകോടീശ്വരിയെന്ന നേട്ടം ലൂസി സ്വന്തമാക്കിയത്. കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ലൂസി സംരംഭകരംഗത്തേക്ക് ഇറങ്ങിയത്. 130 കോടി ഡോളറാണ് ലൂസിയുടെ ആകെ ആസ്തി. 21-ാം വയസ്സില്‍ അലക്‌സാണ്ടര്‍ വാങ്ങുമായി ചേര്‍ന്നാണ് ലൂസി സ്‌കെയില്‍ എഐ സ്ഥാപിച്ചത്.

യുഎസിലേക്ക് കുടിയേറിയ ചൈനീസ് കുടുംബത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ലൂസി ജനിച്ചത്. മിഡില്‍ സ്‌കൂള്‍ കാലത്തുതന്നെ കോഡിങ് പഠിച്ചു. കാര്‍ണഗി മെല്ലണ്‍ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരുലക്ഷം ഡോളറിന്റെ സംരംഭക സ്‌കോളര്‍ഷിപ് ലഭിച്ചു. പിന്നാലെ കോളേജ് പഠനം അവസാനിപ്പിച്ച ലൂസി സ്‌കെയില്‍ എഐ സ്ഥാപിച്ചു. ഏറെ വൈകാതെ സഹസ്ഥാപകനുമായുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് ലൂസിയെ കമ്പനിയില്‍നിന്ന് പുറത്താക്കി. എങ്കിലും കമ്പനിയിലെ അഞ്ചുശതമാനം ഓഹരി ലൂസിയുടെ കൈവശമുണ്ടായിരുന്നു. ഇതാണ് ലൂസിയെ ശതകോടീശ്വരിയാക്കിയത്.