ഒരു കോടതിവിധി മനുഷ്യരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റം വരുത്താം? ചിലർക്ക് കടുത്ത ശിക്ഷയോ മറ്റു ചിലർക്ക് നിയമക്കുരുക്കുകളിൽനിന്ന് രക്ഷപ്പെടുന്നതിന്റെ ആശ്വാസമോ നൽകുന്നതാകാം. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌കിന്റെ കാര്യത്തിൽ അങ്ങനെയൊന്നുമല്ല സംഭവിച്ചത്.

To advertise here,

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 749 ബില്യൺ (74900 കോടി) ഡോളറായി കുതിച്ചുയർന്നു. ഇതോടെ ചരിത്രത്തിൽ 700 ബില്യൺ ഡോളറിന് മുകളിൽ ആസ്തിയുള്ള ലോകത്തെ ആദ്യത്തെ വ്യക്തിയായി മസ്‌ക് മാറി. ഒരു കോടതിവിധിയാണ് ഇതിനെല്ലാം കാരണമായത്.

2018-ൽ മസ്‌കിനുവേണ്ടി ടെസ്‌ല പ്രഖ്യാപിച്ച ശമ്പള പാക്കേജ് 2024-ൽ കോടതി റദ്ദാക്കിയിരുന്നു. ഈ പാക്കേജ് ഡെലാവേർ സുപ്രീം കോടതി പുനഃസ്ഥാപിച്ച നടപടിയണ് മസ്‌കിന്റെ ആസ്തികൾ വണ്ടും വർധിക്കാൻ ഇടയാക്കിയത്. പാക്കേജ് റദ്ദാക്കിയത് അനുചിതവും അനീതിയുമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പേക്കേജിലെ വ്യവസ്ഥകളും പുനഃസ്ഥാപിച്ചു. ഒരു ടെസ്‌ല ഓഹരി ഉടമയാണ് ശമ്പള പാക്കേജിനെതിരെ കോടതിയെ സമീപിച്ചത്.

പിന്നാലെ 2024-ൽ ഡെലാവേർ കോടതിക്ക് പാക്കേജ് റദ്ദാക്കി. ഇതിനെതിരെ മസ്‌ക് അപ്പീൽ നൽകി. സുപ്രീം കോടതി അപ്പീലിലെ വാദങ്ങൾ അംഗീകരിക്കുകയും പാക്കേജ് റദ്ദാക്കിയ വിധി അനുചിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

നിയമനടപടികൾ കോടതിയിൽ തുടരുന്നതിനിടെ ടെസ്‌ലയിൽ മറ്റു ചില നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ടെസ്‌ല ഓഹരി ഉടമകൾ മസ്‌കിനുവേണ്ടിയുള്ള ഭീമമായ പുതിയ ശമ്പള പാക്കേജിന് അംഗീകാരം നൽകി. നിർമിതബുദ്ധി, റോബോട്ടിക്‌സ്, വിപണിയിലെ വളർച്ച തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ മസ്‌കിന് 1 ട്രില്യൺ (1,000,000,000,000) ഡോളർ പ്രതിഫലം ലഭിക്കുന്നതാണ് പുതിയ ശമ്പള പാക്കേജ്. പുതിയ പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷമാണ് ആദ്യ ശമ്പള പാക്കേജുമായി ബന്ധപ്പെട്ട കോടതിവിധി മസ്‌കിന്റെ ആസ്തി കുതിച്ചുയരുന്ന സാഹചര്യം സൃഷ്ടിച്ചത് എന്നതാണ് കൗതുകകരം.

മസ്‌കിന്റെ സമ്പത്ത് നിലവിൽ ഫോർബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിലെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളിയായ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിനേക്കാൾ ഏകദേശം 500 ബില്യൺ ഡോളർ മുന്നിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.