അടുത്തിടെയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നൂറ് കോടി ഡോളര്‍ ആസ്തിയുള്ളവരുടെ പട്ടികയിൽ ഇടം നേടിയത്. ഇപ്പോഴിതാ ദുബായിലെ അംബരചുംബിയായ അന്താരാഷ്ട്ര വാണിജ്യ കെട്ടിടവും താരത്തിൻ്റെ പേരിൽ അറിയപ്പെടാൻ പോവുകയാണ്.

To advertise here,

മുംബൈയിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചാണ് ദുബായ് ആസ്ഥാനമായുള്ള ഡാനൂബ് ഗ്രൂപ്പ് പുതിയ വാണിജ്യ ടവറായ ‘ഷാരൂഖ്‌സ്’ അവതരിപ്പിച്ചത്. ഷാരൂഖ് ഖാനിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. ഡാനൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജനോടൊപ്പം നടനും ചടങ്ങിൽ പങ്കെടുത്തു. ഒരു നടന്റെ പേര് ഇത്രയും വലിയ ഒരു അംബരചുംബിക്കെട്ടിടത്തിന് നൽകുന്നത് ഇന്ത്യയിൽ ഇതാദ്യമാണ്.

തന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഏറെ അഭിമാനം തോന്നിയേനെ എന്ന് ചടങ്ങിൽ ഷാറൂഖ് പറഞ്ഞു. താൻ എത്രത്തോളം മുന്നോട്ട് പോയി എന്ന് മക്കൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ പ്രത്യേകതകൾ

4,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഷാരൂഖ്‌സ് ബൈ ഡാനൂബ് ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ് 55 നിലകളുള്ള വാണിജ്യ ഗോപുരമായി ഉയരുക.

'ഹാങ്ങിംഗ് ടവർ' എന്ന ആശയത്തിലാണ് രൂപകൽപ്പന. ഓരോ വാണിജ്യ യൂണിറ്റുകൾക്കും 460,000 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. 

2029-ന്റെ രണ്ടാം പാദത്തോടെ ടവറിന്റെ നിർമ്മാണം പൂർത്തിയാകാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.