തൃശ്ശൂർ: ‘എന്താ മോളെ കുറച്ചുദിവസം ആയല്ലോ കണ്ടിട്ട്’ വെറ്ററിനറി സർവകലാശാലയിൽനിന്ന് വിരമിച്ച ജീവനക്കാരൻ അബ്ദുൾ ലത്തീഫ് മിനിയോട് ചോദിച്ചു. ‘സുഖമില്ലായിരുന്നു ഇക്കാ.. ഒരാഴ്ച വിശ്രമത്തിലായിരുന്നു’ -ഉടൻ മറുപടിയെത്തി. ലത്തീഫിന്റെ മാത്രമല്ല, മണ്ണുത്തി-ചാലക്കുടി റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക യാത്രക്കാരുടെയും പ്രിയപ്പെട്ട കണ്ടക്ടറാണു പുതുക്കാട് ഡിപ്പോയിലെ വി. മിനി.

To advertise here,

അമ്മൂ.. കുട്ടാ.. ചേട്ടാ.. ചേച്ചീ.. തുടങ്ങിയ വിളികളുമായി പുതുക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ 15 വർഷമായി മിനിയുണ്ട്. ഐ.ടി.ഐ. അധ്യാപികയായിരുന്ന ഈ നാൽപ്പത്താറുകാരി 2010-ൽ ആണ് കണ്ടക്ടറായി കെ.എസ്.ആർ.ടി.സി.യിൽ ചേർന്നത്. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ അങ്ങനെ ബസിൽ കയറുന്ന പലരുടെയും മകളും സഹോദരിയും കൂട്ടുകാരിയുമായി. ഇപ്പോൾ മണ്ണുത്തി-ചാലക്കുടി റൂട്ടിലെ കണ്ടക്ടറാണ്.

ഇപ്പോഴും മിനിയെ ടീച്ചറേന്ന് വിളിക്കുന്നവരുണ്ട്. വിദ്യാർഥികളോട് ഒരു അമ്മയുടെ വാത്സല്യത്തോടെയും മുതിർന്നവരോട് മകളുടെ കരുതലോടെയുമാണ് മിനിയുടെ സമീപനം. യാത്രക്കാരാരെങ്കിലും ഒരു ദിവസം ബസിൽ കയറിയില്ലെങ്കിൽ എന്തുപറ്റിയെന്ന് അന്വേഷിക്കാനും ബസ് സ്റ്റോപ്പിൽ മാറിനിൽക്കുന്നവരെ വിളിച്ച് ബസിൽ കയറ്റാനുമെല്ലാം ഏറെ ആവേശമാണ്. ‘ലത്തീഫിക്കാ സ്ഥലമെത്തി..’ സ്ഥിരം യാത്രക്കാരുടെ സ്റ്റോപ്പെത്തിയാൽ വിളിച്ച് ഓർമിപ്പിക്കുന്നതും ശീലമാണ്.

‘ദിവസവും ആയിരത്തോളം ആളുകൾ ബസിൽ കയറാറുണ്ട്. ചെയ്യുന്ന ജോലി ആസ്വദിച്ചുചെയ്യുക. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുക. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക. കുറച്ചുമനുഷ്യരിലെങ്കിലും നമ്മൾ കാരണം ചിരി പടർത്തുക. അത്രേ ഞാൻ ചെയ്യുന്നുള്ളൂട്ടോ..’- മിനി പറയുന്നു. ബസിലെ യാത്രക്കാരിൽ ചിലർ മിനിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ട് സ്നേഹം അറിയിച്ച് ഡിപ്പോയിലേക്ക് കത്തുകൾ അയച്ചിട്ടുണ്ട്.

6.20-നാണ് മിനിയുടെ ആദ്യ ട്രിപ്പ്. പുലർച്ചെ നാലിന് എഴുന്നേറ്റ് വീട്ടുജോലിയും കഴിഞ്ഞ് ഇവർ ജോലിക്കെത്തും. ഭർത്താവ് കെ. രാമൻകുട്ടിയും മിനിയുടെ അമ്മയും ഭർത്താവിന്റെ അമ്മയുമാണ് മറ്റത്തൂർ വാസുപുരത്തെ വീട്ടിലുള്ളത്. രാമൻകുട്ടി ഇലക്‌ട്രീഷനാണ്. മക്കളായ ഗായത്രി മേനോൻ ഡൽഹി കേന്ദ്ര സർവകലാശാലാ കാമ്പസിൽ മൂന്നാംവർഷ ബി.എസ്‌സി. മാത്തമാറ്റിക്സ് (ഓണേഴ്സ്) വിദ്യാർഥിയും ഗൗരി അവന്തിക മേനോൻ ജർമനിയിൽ നഴ്സിങ് വിദ്യാർഥിയുമാണ്. ബസിൽ കയറുന്നവരോട് വിശേഷം ചോദിച്ചും സ്നേഹം പങ്കുവെച്ചും മിനിയുടെ യാത്ര തുടരുകയാണ്.