കൊല്ലം: പ്രിയദർശിനി സൗജന്യയാത്രാപദ്ധതി നിലവിൽവന്നപ്പോൾ, കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ജോലിഭാരം കൂടിയെങ്കിലും സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത കിട്ടും. ദിവസം 150-200 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ 300 രൂപ വരെയാണ് ബത്ത. സൗജന്യയാത്ര നടത്തുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്കുകൂടി കണക്കാക്കിയാണ് കളക്ഷൻ ബത്ത നൽകുന്നത്.

To advertise here,

സ്ത്രീകൾക്കു നൽകുന്ന ടിക്കറ്റിൽ അവർ യാത്രചെയ്യുന്ന സ്ഥലവും യാത്രാനിരക്കും കാണിച്ചാണ് ടിക്കറ്റ് കൊടുക്കുന്നത്. നൽകേണ്ട തുക പൂജ്യമായി കാണിക്കുന്നുണ്ടെങ്കിലും സാധാരണ ടിക്കറ്റിലെ മറ്റു വിവരങ്ങളെല്ലാം ഇതിലുണ്ട്. രണ്ടാഴ്ചയിലൊരിക്കലാണ് തൊഴിലാളികൾക്ക് കളക്ഷൻ ബത്ത നൽകുന്നത്.

പദ്ധതി തുടങ്ങിയ ശേഷമുള്ള ബത്ത അക്കൗണ്ടിൽ എത്തിയിട്ടില്ല. ആകെ കളക്ഷൻ 14,000 രൂപയ്ക്കു മുകളിലായാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരുശതമാനം വീതമാണ് ബത്ത. കൊല്ലം-പത്തനംതിട്ട പോലുള്ള പ്രധാന ചെയിൻ സർവീസുകളിൽ പ്രതിദിന കളക്ഷൻ 30,000-ത്തിലേക്ക് ഉയർന്നിട്ടുണ്ട്.

ഒരു ദിവസം മൂന്ന് ടിക്കറ്റ് റോൾ (ടിക്കറ്റ് പ്രിന്റുചെയ്യാനുള്ള പേപ്പർ) മാത്രം ഉപയോഗിച്ചിരുന്ന ബസുകളിൽ അഞ്ചെണ്ണമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

പരമാവധി 750 ടിക്കറ്റ് വിറ്റിരുന്ന ബസുകളിൽ ദിവസം 1400-ലേറെ ടിക്കറ്റ് വരെ ഇപ്പോൾ വിൽക്കുന്നുണ്ട്. കൂടുതൽ ബത്ത ലഭിക്കുമെങ്കിലും ഇത്തരം റൂട്ടുകളിൽ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.

നാലിൽ മൂന്ന് യാത്രികരും സ്ത്രീകൾ

സൗജന്യയാത്രാപദ്ധതി പത്തുദിവസം പിന്നിട്ടപ്പോൾ, ഓർഡിനറി ബസുകളിലെ നാലിൽ മൂന്ന് യാത്രികരും സ്ത്രീകളായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ ആകെ യാത്രക്കാരുടെ 70-75 ശതമാനവും സ്ത്രീകളാണ്. ഓരോ ദിവസവും ഇതു കൂടിവരുന്നുണ്ട്. പല പ്രധാന ചെയിൻ സർവീസുകളിലും 70-75 ശതമാനവും സീറോ ടിക്കറ്റാണ്.

പദ്ധതി ആരംഭിക്കുന്നതിനു മുൻപ് ഓർഡിനറി സർവീസുകളിൽ പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണുണ്ടായിരുന്നത്. പദ്ധതി തുടങ്ങി തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ ഇത് 11.84 ലക്ഷമായി ഉയർന്നു. മൂന്നാം ദിവസം മുതൽ ഓർഡിനറിയിലെ യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ഇത് 70 ശതമാനം കടന്നത്. അതേസമയം, ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ടിക്കറ്റ് വരുമാനം 10 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളെ ആശ്രയിച്ചിരുന്ന സ്ത്രീകൾ, യാത്ര ഓർഡിനറിയിലേക്കു മാറ്റിയതാണ് കാരണം.

സമാന്തര സർവീസുകൾക്ക് പൂട്ട്

സൗജന്യയാത്രാപദ്ധതി വന്നതോടെ സമാന്തര സർവീസുകൾക്ക് പൂട്ടുവീണു. ഇത്തരം സർവീസുകളിലൂടെ പ്രതിദിനം 60 ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുന്നതായാണ് കെ.എസ്.ആർ.ടി.സി. കണക്കാക്കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും സമാന്തര സർവീസ് ഉണ്ടായിരുന്നത്.

സംസ്ഥാനത്താകെ 1,200 വാഹനങ്ങൾ സമാന്തര സർവീസ് നടത്തുന്നുണ്ടെന്നും ഒരോന്നിനും ശരാശരി 5,000 രൂപ വരുമാനമുണ്ടാക്കുന്നുവെന്നും കാട്ടിയുള്ള റിപ്പോർട്ട് വിജിലൻസ് വിഭാഗം നേരത്തേ മാനേജ്മെന്റിനു കൈമാറിയിരുന്നു.