
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ഡോ.എസ് സുനിൽകുമാറിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി ഒരു വിദ്യാർഥി മുന്നോട്ടു വന്നിരുന്നു. അധ്യാപകനിൽ നിന്നു നേരിട്ട മാനസിക ശാരീരിക ചൂഷണങ്ങളെക്കുറിച്ച് പോലീസിൽ ഉൾപ്പെടെ സഹപാഠി പരാതിപ്പെട്ടെങ്കിലും വേണ്ട നടപടിയുണ്ടായില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഈ സാഹചര്യത്തിൽ സഹപാഠിക്ക് ഐകൃദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർഥികൾ നടത്തിവരുന്ന സമരം പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരാരും അധ്യാപകൻ ചെയ്ത കുറ്റകൃത്യങ്ങളെ ചൂണ്ടികാണിക്കുകയോ അയാൾക്കെതിരെ ആവശ്യമായ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിൽ പെൺകുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച്, പോസ്റ്റ് പങ്കുവെച്ചിരുന്നു. അധ്യാപകന്റെ അറസ്റ്റിൽ കവിഞ്ഞ് മറ്റൊരു ഒത്തുതീർപ്പിനും ഇല്ലെന്നാണ് സമരത്തിലുള്ള വിദ്യാർഥികളുടെ പ്രതികരണം. വിഷയത്തിൽ മാതൃഭൂമി ഡോട്ട്കോമുമായി പ്രതികരിക്കുകയാണ് സമരത്തിന്റെ കൺവീനറായ കല്ലു കല്ല്യാണി.

അറസ്റ്റ് വരെ സമരം തുടരും...
സംഭവം നടന്നിട്ട് കുറച്ചായി. പക്ഷേ ഞങ്ങളെല്ലാം അറിയുന്നത് അൽപം വൈകിയാണ്. അധ്യാപകർ ഈയിടെ ഒരാവശ്യവുമില്ലാത്ത ഒരു മീറ്റിങ് വിളിപ്പിച്ചിരുന്നു. പെൺകുട്ടികൾക്കെതിരെ കുറച്ചു സദാചാര ഭീഷണികളും പ്രശ്നങ്ങളുമൊക്കെയാണ് മീറ്റിങ്ങിൽ മുഴക്കിയത്. ഹോസ്റ്റൽ വാർഡനോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു അവരുടെ പ്രധാന പ്രശ്നം. തീയേറ്റർ പഠിക്കുന്ന വിദ്യാർഥികളാണ് ഞങ്ങൾ. സാധാരണ പഠനരീതി പോലെയല്ലിത്. രാത്രികളിലെല്ലാം പഠന സംബന്ധമായ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാലും സദാചാരക്കണ്ണുകളോടെ പിന്തുടരുന്ന രീതിയാണ്. പ്രാക്റ്റിക്കൽ വർക്കുകൾക്കായി രാവും പകലും എന്നില്ലാതെ പ്രവർത്തിക്കേണ്ടി വരും. അപ്പോൾ ആൺകുട്ടികൾക്കില്ലാത്ത വിലക്കുകളാണ് പെൺകുട്ടികൾക്ക് മുന്നിലേക്ക് നൽകുന്നത്. ഈ വിഷയം സംസാരിക്കാനായാണ് മീറ്റിങ് വിളിപ്പിച്ചത്. അപ്പോഴാണ് അതിക്രമത്തിനിരയായ പെൺകുട്ടി തനിക്ക് സംഭവിച്ച പീഡനം തുറന്നുപറയുന്നത്. ഇപ്പോൾ സംസാരിക്കുന്നതിനേക്കാൾ ഗുരുതരമായ വിഷയങ്ങൾ അവിടെ സംഭവിക്കുന്നുണ്ടെന്നു പറഞ്ഞ് തനിക്ക് നേരിട്ട മാനസിക ശാരീരിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. മാനസിക സമ്മർദത്താൽ ആത്മഹത്യ വരെ ചെയ്യാൻ ശ്രമിച്ച് ജീവിതത്തിലേക്ക് തിരികെവന്ന പെൺകുട്ടിയാണ്. ഇതെല്ലാം സംഭവിച്ചിട്ടും ഇവയുടെ നിജസ്ഥിതി അറിയാതെ എല്ലാവരും മിണ്ടാതിരിക്കുകയാണ്. അതാണ് വിദ്യാർഥികൾ ഒറ്റക്കെട്ടായി സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. ക്ലാസുകളും ഓഫീസ് പ്രവർത്തനങ്ങളും മരവിപ്പിച്ചാണ് സമരം നടത്തുന്നത്. ഈ മാസം 25 ഒക്കെയായപ്പോഴാണ് സമരം തുടങ്ങിയതെങ്കിലും ഇന്ന് ഗേറ്റ് ഉൾപ്പെടെ അടച്ച് പൂർണമായ പ്രവർത്തനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. സുനിൽ എന്ന അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം. അവൾക്ക് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് നിരന്തരം ഫോൺകോളുകൾ ലഭിക്കുന്നുണ്ട്. പോലീസുകാരുടെ ഭാഗത്തു നിന്നും ഡോക്ടർമാരുടെ ഭാഗത്തു നിന്നുമൊക്കെ മാനസിക സമ്മർദം ഉണ്ടാകുന്നുണ്ട്. അയാളെ പിന്തുണയ്ക്കാൻ നിരവധി പേരുണ്ട്. ഞങ്ങൾ ഒറ്റയ്ക്കാണ് ഈ പോരാട്ടത്തിൽ, ഒരു വിദ്യാർഥി സംഘടന പോലും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടില്ല.
തുറന്നു പറയാൻ ഒരു പരാതി പരിഹാര സെല്ലില്ല
പരാതി വന്നതിനുശേഷം ഒരുവട്ടമാണ് സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകൻ എത്തിയത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു. പഠിക്കട്ടെ, സിൻഡിക്കേറ്റ് കൂടട്ടെ എന്നെല്ലാമാണ് യൂണിവേഴ്സിറ്റിയുടെ നിലപാട്. ഞങ്ങൾക്കത് പോര, അയാളുടെ പേരിലുള്ള കുറ്റം പകൽ പോലെ വ്യക്തമാണ്. ഇപ്പോഴും തനിക്കൊന്നും അറിയില്ല, താനൊന്നും ചെയ്തിട്ടില്ല എന്നാണ് അധ്യാപകന്റെ വാദം. വിശ്വസിക്കാൻ പറ്റിയ ഒരു ബോർഡോ പരാതി പരിഹാര സെല്ലോ ഉണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി പണ്ടേ പ്രശ്നം തുറന്നു പറഞ്ഞേനെ. നിരവധി പെൺകുട്ടികൾക്ക് പ്രസ്തുത അധ്യാപകനിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. ഈ പെൺകുട്ടി ആത്മവിശ്വാസത്തോടെ പരാതിയുമായി മുന്നോട്ടു പോയതുകൊണ്ടാണ് ഇപ്പോൾ സമരം വരെ എത്തിയത്. സമരം തുടങ്ങിയപ്പോൾ അതിനിടയാക്കിയ വിഷയത്തേക്കുറിച്ചല്ല പല അധ്യാപകരുടെയും ആശങ്ക. മറിച്ച് അക്കാദമിക്സ് മുടങ്ങുന്നു എന്ന വിഷമമാണ് പലർക്കും. വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാൻ അവരാരും ശ്രമിക്കുന്നില്ല.
സദാചാര പോലീസിങ്ങിനേക്കാൾ പുറത്തുവരേണ്ട മറ്റു കാര്യങ്ങളുണ്ട്...
ഇവിടുത്തെ സദാചാര പോലീസിങ്ങിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ വിഷയത്തിൽ നിന്ന് തെന്നിമാറേണ്ടിവരും, കാരണം അത്രമാത്രം പുറത്തുവരേണ്ട മറ്റു വിഷയങ്ങളുണ്ട്. സദാചാരപോലീസിങ്ങിനെ കുട്ടികൾ കൃത്യമായി ചോദ്യം ചെയ്യുകയും തടയുകയും ചെയ്യും. അതിനപ്പുറം ആർക്കും സംസാരിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആണ് വേണ്ടത്. ക്യാമ്പസുകൾക്കകത്ത് പെൺകുട്ടികൾ സുരക്ഷിതരായിരിക്കണം. അവർക്ക് സംസാരിക്കാൻ പറ്റിയ ബോഡികൾ ഉണ്ടായിരിക്കണം. അതു മനസ്സിലാക്കാൻ കഴിവുള്ള അധ്യാപകരുണ്ടാവണം. പുതിയ തലമുറയെക്കുറിച്ച് യാതൊന്നും അറിയാത്ത കുറേപേരാണ് ഇവിടെ തീരുമാനങ്ങളെടുക്കുന്നത്.
അതിക്രമത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലേക്ക്...
2021 നവംബർ 21 ന് സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ് എടുക്കാൻ എത്തിയ വിസിറ്റിംഗ് ഫാക്കൽറ്റി ആയ രാജ വാര്യർ ക്ലാസ്സിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയോട് വളരെ മോശമായി പെരുമാറുകയും ഫിസിക്കൽ അബ്യുസ് നടത്തുകയും ചെയ്തു. ക്ലാസ്സിന്റെ തുടക്കം മുതലേ ഇതേ വിദ്യാർത്ഥിനിയെ വ്യക്തിഹത്യ നടത്തുകയും "വലിയ കണ്ണട വച്ചാൽ മാത്രം പോരാ തലക്ക് അകത്തു വല്ലതും വേണം" എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ക്ലാസ്സിലുള്ള മറ്റു കുട്ടികളോടും മോശമായി പെരുമാറുകയും, ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തു. തുടർന്ന് ക്ലാസ് നടക്കുന്നതിനിടയിൽ വളരെ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവും കൂടാതെ അതേ വിദ്യാർത്ഥിനിയെ അടിക്കുകയും,അതിന്റെ കാരണം അന്വേഷിച്ച വിദ്യാർത്ഥിനിയോട് " പഞ്ചേന്ദ്രീയങ്ങളുടെ പ്രവർത്തനത്തെ, പഞ്ചേന്ദ്രീയങ്ങളിൽ ഒന്നായ ത്വക്ക്, ഇപ്പോളത് മനസ്സിലായിക്കാണുമല്ലോ" എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഉടനടിത്തന്നെ ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയോട് "ഞാനൊരു വഷളനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കരുതികൊള്ളു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ക്ലാസിനവസാനം നന്ദി പറഞ്ഞ ഇതേ വിദ്യാർത്ഥിനിയോട് കയർത്തു സംസാരിക്കുകയും,പരിഹസിക്കുകയും, മറ്റു വിദ്യാർത്ഥികളുടെ മുമ്പിൽ വച്ച് അപമാനിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഉന്നയിച്ച വെല്ലുവിളി "മൂന്നാം വർഷം കഴിഞ്ഞതിനുശേഷം നീ എന്തെങ്കിലുമൊക്കെ ആയിത്തീർന്നതിനു ശേഷം നീ ഇതുതന്നെ പറയുകയാണെങ്കിൽ ഞാനെന്റെ ജോലി തന്നെ രാജി വച്ചുകൊള്ളാം"എന്നായിരുന്നു. ഇത്തരത്തിലുള്ള ഒരു ദുരനുഭവത്തിലൂടെ ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ ആ കുട്ടിക്ക് കടുത്ത അപമാനവും മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വന്നു.
വിദ്യാർത്ഥിനി ഈ വിഷയം അധ്യാപകർ പലരോടുമായി സംസാരിച്ചിരുന്നെങ്കിലും അവർ ഇതിനെ കാര്യമായി പരിഗണിക്കുകയോ ഇതിൽ ഇടപെടുകയോ ചെയ്തില്ല. ആ നിലയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ സ്ഥിര അധ്യാപകനായ എസ് സുനിൽകുമാറിനോടും വിദ്യാർത്ഥിനി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴും ശേഷവും വിശ്വാസത്തോടുകൂടി സുനിൽകുമാർ എന്ന അധ്യാപകനോട് ഇടപെട്ട വിദ്യാർത്ഥിനിയെ അയാൾ ചൂഷണം ചെയ്യുന്ന വിധം വലിയ വിഷയങ്ങൾ ആയിരുന്നു പിന്നീട് ഞെട്ടിപ്പിക്കും വിധം സംഭവിച്ചത്.
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് തൃശ്ശൂരിലെ അദ്ധ്യാപകനായ എസ് . സുനിൽ കുമാർ (46) ൽ നിന്നും ഇതേ വിദ്യാർത്ഥിനിക്ക് കുറച്ചു മാസങ്ങളായി ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കോളേജിലെ അദ്ധ്യാപക - വിദ്യാർത്ഥി എന്ന ബന്ധത്തിനുപരിയായി ഉണ്ടായിരുന്ന സൗഹൃദബന്ധത്തെ ദുരുപയോഗപെടുത്തികൊണ്ട് അധികാര ദുർവിനിയോഗം ചെയ്യുകയാണുണ്ടായത്. രാത്രികാലങ്ങളിലും മറ്റും മദ്യപിച്ചും ചിലപ്പോൾ അല്ലാതെയും നിരന്തരം ഫോൺ ചെയ്യുകയും, തുടർന്ന് പല കാര്യങ്ങളുണ്ടാക്കി വിമർശിക്കുകയും, പിന്നീട് അതിനെല്ലാം മാപ്പപേക്ഷിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.
കലയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ആരോഗ്യകരമായ സംഭാഷണങ്ങൾക്കിടയിൽ ഇദ്ദേഹം വിദ്യാർത്ഥിയോട് "ഒരു കോളേജ് പ്രൊഫസറും, അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥിനിയുമായുണ്ടാകുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുണ്ടാവുന്ന വിഷയങ്ങളും ആസ്പദമാക്കിയ "irrational man" എന്ന സിനിമ കാണാൻ ആവശ്യപ്പെടുകയുണ്ടായി ". ഇദ്ദേഹം പിന്നീട് ഇത്തരത്തിലുള്ള സംസാരത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിദ്യാർത്ഥിനിയെ നിർബന്ധിച്ചുകൊണ്ടിരുന്നു. നിരന്തരമായ ഈ സമീപനം വിദ്യാർത്ഥിനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. എന്തു ചെയ്യണമെന്ന ആശങ്കയിലും anxiety യും അലട്ടികൊണ്ടിരുന്നതിനാൽ ആരോടും തുറന്നുപറയാൻ സാധിക്കാത്ത ഒരു സാഹചര്യത്തിലായി. കോളേജിൽ ഇത്തരത്തിലുള്ള ഒരു ദുരനുഭവം മുൻപ് ചൂണ്ടിക്കാട്ടിയ ഈ വിദ്യാർത്ഥിനിയോട് അദ്ധ്യാപകർ സ്വീകരിച്ച മനോഭാവവും വിദ്യാർത്ഥിനിക്ക് തുറന്നുപറയാൻ തടസ്സമായി. വീണ്ടും അദ്ദേഹം ശാരീരികമായി വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ തടയാൻ ശ്രമിച്ചപ്പോൾ അദ്ധ്യാപകന് ego hurt ആയി എന്നതിന്റെ പേരിൽ വളരെ കഠിനമായ ഭാഷയിൽ സംസാരിക്കുകയും ആക്രമിക്കുകയുമാണുണ്ടായത്. വളരെ വേദനിപ്പിക്കുന്ന രീതിയിൽ penetrate sex ചെയ്തുകൊണ്ടിരുന്ന ഇദ്ദേഹത്തോട് നിർത്താനാവശ്യപ്പെട്ടപ്പോൾ ബലം പ്രയോഗിച്ചു തുടർന്നുകൊണ്ടേയിരുന്നു. ഇതിനുശേഷം അദ്ദേഹം പറഞ്ഞത് " ഇതെല്ലാം എന്റെ ഒരുപാട് കാലത്തെ ഫാന്റസി ആയിരുന്നു" എന്നാണ്. ഇതിനെതിരെ പിന്നീട് ചോദ്യം ചെയ്ത സംസാരിച്ച വിദ്യാർത്ഥിനിയോട് "എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ പുറത്തു ചെയ്തതാണിതെല്ലാം" എന്ന് ന്യായീകരിക്കുകയായിരുന്നു. എന്നാൽ അദ്ദേഹവുമായുള്ള യാതൊരു വഴിവിട്ട ബന്ധത്തിനും വിദ്യാർത്ഥിനി തയ്യാറായിരുന്നില്ല.
ഇദ്ദേഹത്തിന്റെ തുടർച്ചയായ ഫോൺകോളുകളും, മെസ്സേജുകളും, കോളേജിലെ ഇദ്ദേഹത്തിന്റെ സാമിപ്യവും വിദ്യാർത്ഥിനിയെ വല്ലാതെ മാനസികസമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി 13ന് വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലാക്കിയ വിദ്യാർത്ഥിനിയെ ഈ അദ്ധ്യാപകൻ അവിടെ ചെന്നും നിരന്തരമായി മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നു. പുറത്തുപറഞ്ഞാൽ അദ്ദേഹം കാറോടിച്ചു കടലിലേക്ക് ഇറക്കി ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും,വിദ്യാർത്ഥിനിയുടെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് 'അവൾക്ക് മാനസിക പ്രശ്നമാണെന്നും അതിനാൽ പലതും പറയാൻ സാധ്യതയുണ്ടെന്നും ' പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ് ഉണ്ടായത്. ഇക്കാരണങ്ങളാൽ വിദ്യാർത്ഥിനി ഈ സംഭവങ്ങൾ പുറത്തു പറയാൻ മടിക്കുകയും,എന്നാൽ നിരന്തരമായ അദ്ദേഹത്തിന്റെ ശല്യം സഹിക്കാതാവുകയും,മറ്റു അധ്യാപകർ ഒരു മുന്നറിയിപ്പുമില്ലാതെ പെൺകുട്ടികളെ വിളിച്ചുവരുത്തി,വളരെ മോശമായി സംസാരിച്ചതുകൊണ്ട് നടത്തിയ മീറ്റിങ്ങിലാണ് ഈ വിദ്യാർത്ഥിനി എസ് സുനിൽകുമാർ എന്ന അധ്യാപകനെതിരെയും കോളേജിൽ ക്ലാസ് എടുക്കാൻ വന്ന രാജാ വാര്യർ എന്ന മറ്റൊരു അധ്യാപകനെതിരെയുമുള്ള പരാതി തുറന്നു പറഞ്ഞത്.
ഈ വിഷയത്തിൽ പോലീസിന്റെ സമീപനം വളരെ മോശമായിരുന്നു.ആദ്യം എടുത്ത മൊഴിയുടെയും പരാതിയുടെയും ഭാഗമായി പോലീസ് തയ്യാറാക്കിയ FIR തീരെ ബലം കുറഞ്ഞതും രാജാ വാര്യർ ഒന്നാം പ്രതിയായതും ആയ FIR ആണ്. ഇതിൽ എസ് സുനിൽകുമാർ ചെയ്ത കുറ്റകൃത്യങ്ങളെ ചൂണ്ടികാണിക്കുകയോ അയാൾക്കെതിരെ ആവശ്യമായ FIR ഇടുകയോ ചെയ്തിട്ടില്ല. അതുപ്രകാരം കാര്യങ്ങൾ കൃത്യമായി വിശദീകരിച്ച പുതിയ പരാതിയുമായി വീണ്ടും ചെന്നിട്ടും അത് സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബൈജു കെ.സി പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ കൂടെ വന്ന വിദ്യാർത്ഥികളോട് പോലും വളരെ മോശമായിട്ടാണ് പെരുമാറിയത്, കൂടാതെ പരാതിക്കാരിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും കരയിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ നിർബന്ധത്തിനു വഴങ്ങി പരാതി സ്വീകരിച്ചെങ്കിലും ഈ നേരമായിട്ടും അനുകൂലമായ FIR സമയബന്ധിതമായി ഇടുകയോ നിയമപരമായി സഹായം വിദ്യാർത്ഥികൾക്ക് ഉറപ്പു വരുത്തുകയോ ചെയ്തിട്ടില്ല. മെഡിക്കൽ ചെക്കപ്പിനായി പോവാനൊരുങ്ങിയ പരാതിക്കാരിയായ വിദ്യാർത്ഥിനിയെ ഒറ്റക്ക് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവാനും മാനസികമായി ഉപദ്രവിക്കുകയുമാണ് പോലീസ് ചെയ്തത്. ശേഷം ലീഗൽ അഡ്‌വൈസറുടെ സഹായത്തോടേ സ്വന്തം വാഹനത്തിൽ വിദ്യാർത്ഥിനി ചെക്കപ്പിന് പോവുകയാണ് ഉണ്ടായത്.ഏറ്റവും വലിയ മനുഷ്യത്വ രഹിത രീതിയിലാണ് പോലീസ് ഇടപെടുന്നത്. ആരുടെയൊക്കെയോ സ്വാധീനത്തിൽ പോലീസ് നടത്തുന്ന ഈ ക്രൂര നാടകത്തിലൂടെ അവർ പ്രതിയുടെ പക്ഷമാണെന്ന് പകൽ പോലെ വ്യക്തമാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ അലംഭാവം ഞങ്ങൾക്ക് നീതി നിഷേധിക്കുന്നതിനും കുറ്റക്കാരന് രക്ഷപെടാനുള്ള രീതിയിൽ സാവകാശം സൃഷ്ടിക്കുന്നതുമാണ്. സ്കൂൾ ഓഫ് ഡ്രാമയിലെ മുഴുവൻ വിദ്യാർത്ഥികളും ഒറ്റക്കെട്ടായിനിന്നുകൊണ്ട് നീതിക്കുവേണ്ടി പോരാട്ടം തുടരുകയാണ്. ഈ വിഷയത്തിലേക്ക് ഉന്നത അധികാരികളുടെ ശ്രദ്ധയും സംരക്ഷണവും ഞങ്ങൾക്ക് ആവശ്യമാണ്.
Content Highlights: kerala drama school dean rape case, sexual harassement , drama school students strike
Published: 28 Feb 2022, 04:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented