ബോളിവുഡിൽ തന്റേതായ നിലപാടുകൾ കൊണ്ടും ധീരമായ കഥാപാത്രങ്ങൾ കൊണ്ടും ശ്രദ്ധേയയായ നടിയാണ് താപ്‌സി പന്നു . പാപ്പരാസികളുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ പലപ്പോഴും പരസ്യമായി ശബ്ദമുയർത്താൻ താപ്‌സി മടിക്കാറില്ല. അതിനാൽ തന്നെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്കിടയിലും തപ്‌സിക്ക് ലഭിച്ച ഒരു വിളിപ്പേരാണ് ' മറ്റൊരു ജയാ ബച്ചൻ' (Dusri Jaya Bachchan). മുതിർന്ന നടിയും പാർലമെന്റ് അംഗവുമായ ജയാ ബച്ചനും പാപ്പരാസികളുടെ പ്രകോപനപരമായ പെരുമാറ്റത്തോട് കടുത്ത ഭാഷയിൽ പ്രതികരിക്കാറുള്ള വ്യക്തിത്വമാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഈ വിശേഷണത്തെക്കുറിച്ചും താൻ മാധ്യമങ്ങൾക്ക് മുന്നിൽ ദേഷ്യപ്പെടുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും താപ്‌സി മനസ്സ് തുറന്നു.
തന്നെ ജയാ ബച്ചനുമായി ഉപമിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ വ്യക്തവും ലളിതവുമായ മറുപടിയാണ് തപ്‌സി നൽകിയത്. 'ആളുകൾ എന്നെ ജയാ ബച്ചനുമായി ഉപമിക്കുന്നുണ്ടെങ്കിൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾ രണ്ടുപേരും ഒരേപോലെ സത്യസന്ധരാണ് എന്നതിനാലാകാം അത്,' താപ്‌സി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വ്യക്തിഗത ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറുന്ന പാപ്പരാസി രീതികളെയും താൻ അംഗീകരിക്കില്ലെന്ന് താപ്‌സി വ്യക്തമാക്കി. തനിക്ക് ചുറ്റും അപരിചിതരായ ആളുകൾ തിടുക്കം കൂട്ടുകയും ദേഹത്ത് തട്ടുകയും ചെയ്യുമ്പോൾ അത് സ്വാഭാവികമായും പ്രകോപനമുണ്ടാക്കും. അത്തരം സന്ദർഭങ്ങളിൽ നിശ്ശബ്ദയായിരിക്കാൻ തനിക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. ഞാൻ ഒരു നടിയാണ്, എന്നാൽ അതിനുമുമ്പ് ഞാൻ ഒരു മനുഷ്യനാണ്. എന്റെ വ്യക്തിഗത അതിരുകളെ ആരെങ്കിലും ലംഘിക്കുമ്പോൾ, പ്രതികരിക്കേണ്ടത് എന്റെ അവകാശമാണ്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് സുരക്ഷിതത്വവും ആത്മാഭിമാനവും പ്രധാനമാണ്,' എന്ന് താപ്‌സി മുൻപും വ്യക്തമാക്കിയിട്ടുണ്ട്.
ജയാ ബച്ചന്റെ മാതൃക
ബോളിവുഡിൽ അനാവശ്യമായ മാധ്യമ ശ്രദ്ധയോടും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്ന രീതികളോടും കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ജയാ ബച്ചൻ അതുകൊണ്ടുതന്നെ, താപ്‌സിയുടെ ഈ സമാനമായ പ്രതികരണ ശൈലിയാണ് സോഷ്യൽ മീഡിയയിൽ ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കാരണമായത്. എന്നാൽ, അനാവശ്യമായി ആരോടും താൻ ദേഷ്യപ്പെടാറില്ലെന്നും, തന്നോട് മാന്യമായി പെരുമാറുന്ന മാധ്യമപ്രവർത്തകരോടും ആരാധകരോടും തികഞ്ഞ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് പെരുമാറാറുള്ളതെന്നും താപ്‌സി വ്യക്തമാക്കി. പ്രകോപനപരമായ പെരുമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അതിരുകൾ നിശ്ചയിക്കാൻ താൻ നിർബന്ധിതയാകുന്നതെന്നും അവർ പറഞ്ഞു. സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത ബോളിവുഡിലെ ചുരുക്കം ചില നടിമാരിലൊരാളാണ് താപ്‌സി പന്നു. ഇത്തരം ഉപമകളെയും ട്രോളുകളെയും താൻ ഗൗരവമായി എടുക്കുന്നില്ലെന്നും, സ്വന്തം വ്യക്തിത്വത്തിൽ വിശ്വസിച്ച് മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.
Content Highlights: Taapsee Pannu responds to the 'Second Jaya Bachchan' comparison by media and social media., Explains her reactions against paparazzi crossing personal boundaries and safety norms., Emphasizes that she is a human first and has the right to react when personal space is violated., Clarifies that she is respectful to media and fans who behave cordially.
Published: 11 Sept 2026, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented