ളുകൾ നിറഞ്ഞുനിൽക്കുന്ന ഒരു മുറിയിലോ സുഹൃത്തുക്കളോടൊപ്പമുള്ള ആഘോഷങ്ങളിലോ കുടുംബാംഗങ്ങൾക്കൊപ്പമോ ഇരിക്കുമ്പോഴോ ചിലപ്പോൾ വലിയൊരു ഒറ്റപ്പെടൽ അനുഭവപ്പെട്ടിട്ടുണ്ടോ? ചുറ്റും ആളുകളുണ്ടായിട്ടും ഉള്ളിൽ അനുഭവപ്പെടുന്ന ഈ ശൂന്യത നമ്മളിൽ പലരും നേരിടുന്ന ഒന്നാണ്. ഒറ്റപ്പെടൽ (Loneliness) എന്നത് ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ഒന്നല്ല, മറിച്ച് വൈകാരികമായ ബന്ധത്തിന്റെ (Emotional Connection) അഭാവമാണെന്ന് വ്യക്തമാക്കുകയാണ് മനഃശാസ്ത്രജ്ഞർ. പുണെയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് സ്ഥാപകയും ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ നൂപുർ ധാക്കേഫാൽക്കറാണ് ഈ മാനസികാവസ്ഥയുടെ ഉള്ളറകളെക്കുറിച്ച് വിശദീകരിച്ചത്.

To advertise here,

എന്തുകൊണ്ടാണ് ആളുകൾക്കിടയിലും ഒറ്റപ്പെടൽ തോന്നുന്നത്?

മനുഷ്യർക്ക് വേണ്ടത് കേവലം ഒപ്പമുണ്ടാകാൻ കുറച്ച് ആളുകളെ മാത്രമല്ല, മറിച്ച് വൈകാരികമായ അടുപ്പമാണ്. നൂപുർ ധാക്കേഫാൽക്കറുടെ അഭിപ്രായത്തിൽ ആളുകൾക്കിടയിൽ ജീവിക്കുമ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്: മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്ത് വിചാരിക്കും, നിരസിക്കപ്പെടുമോ എന്നൊക്കെയുള്ള ഭയം കാരണം പലരും തങ്ങളുടെ യഥാർത്ഥ ചിന്തകളും വികാരങ്ങളും തുറന്നുപറയാൻ മടിക്കുന്നു. പുറമേയ്ക്ക് തമാശ പറയുകയും സംസാരിക്കുകയും ചെയ്യുമെങ്കിലും ഉള്ളിലെ യഥാർത്ഥ വികാരങ്ങൾ മറച്ചുവെക്കും. നിങ്ങൾ കാട്ടുന്ന കൃത്രിമമായ നിങ്ങളെ മാത്രമാണ് ചുറ്റുമുള്ളവർക്ക് അറിയാവുന്നത് എന്നതിനാൽ ഉള്ളിൽ വലിയ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

മുൻകാലങ്ങളിൽ അനുഭവിച്ച നിന്ദകൾ, പങ്കാളികളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ നേരിട്ട ചതി, വൈകാരികമായ അവഗണന എന്നിവ ആളുകളിൽ സുരക്ഷിതത്വമില്ലായ്മയുണ്ടാക്കും. മറ്റുള്ളവരെ വിശ്വസിക്കാൻ ഇത്തരക്കാർക്ക് ഭയമായിരിക്കും. ആളുകൾക്ക് ഒപ്പമുണ്ടായിരിക്കാൻ ആഗ്രഹിക്കുമ്പോഴും വൈകാരികമായി അവരിൽ നിന്ന് അകലം പാലിക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഒറ്റപ്പെടൽ മനസ്സിനെ കൂടുതൽ സെൻസിറ്റീവ് ആക്കും. സുഹൃത്തുക്കൾ അയക്കുന്ന ചെറിയ സന്ദേശങ്ങളോ, വിളിക്കാൻ വൈകുന്നതോ പോലും തങ്ങളെ ഒഴിവാക്കുകയാണെന്ന തരത്തിൽ ഇവർ തെറ്റിദ്ധരിച്ചേക്കാം. ഇത് ആളുകളിൽ നിന്ന് കൂടുതൽ ഉൾവലിയുന്നതിന് കാരണമാകും. മറ്റുള്ളവരുടെ ആർഭാടപൂർവ്വമായ ആഘോഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ കാണുമ്പോൾ, എല്ലാവരും സന്തോഷത്തിലാണെന്നും താൻ മാത്രം ഒറ്റയ്ക്കായിപ്പോയെന്നും ഉള്ള തോന്നൽ ചിലരിൽ ശക്തമാകുന്നു.

ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് കുറവല്ല എന്ന് മനസിലാക്കാം. ഒറ്റപ്പെടൽ അനുഭവപ്പെടുന്നു എന്നത് നിങ്ങൾ ദുർബലനോ അല്ലെങ്കിൽ ആളുകൾക്ക് ഇഷ്ടപ്പെടാത്തയാളോ ആയതുകൊണ്ടല്ലെന്നും നൂപൂർ പറയുന്നു. നിങ്ങളുടെ ജീവിതത്തിൽ വൈകാരികമായ സുരക്ഷിതത്വമോ അല്ലെങ്കിൽ ആഴത്തിലുള്ള ബന്ധങ്ങളോ കുറവാണ് എന്നതിന്റെ സൂചന മാത്രമാണത്. നൂറുകണക്കിന് ഫോൺ കോൺടാക്റ്റുകൾ ഉള്ളതിനേക്കാൾ പ്രധാനം, ശരിക്കുമുള്ള വ്യക്തിത്വത്തോടെ തുറന്നുസംസാരിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ വ്യക്തികൾ ഒപ്പമുണ്ടാവുക എന്നതാണ്. മുഖമൂടികൾ മാറ്റിവെച്ച്, ഉള്ളിലെ വിഷമങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുകയാണ് ഈ ഒറ്റപ്പെടലിനുള്ള ഏക പരിഹാരം.