ബോളിവുഡിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായ മുതിർന്ന നടൻ രോഹിത് റോയ് ടെലിവിഷൻ മാധ്യമത്തെയും ടിവി അഭിനേതാക്കളെയും കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ടെലിവിഷനെ ഒരു 'ചവറ്റുകുട്ട' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിനിമാ താരങ്ങളെപ്പോലെ പൊതുവേദികളിൽ മാന്യതയോടെയും അന്തസ്സോടെയും പെരുമാറാൻ ടിവി താരങ്ങൾക്ക് അറിയില്ലെന്നും ആരോപിച്ചു. ഒരു അഭിമുഖത്തിലാണ് രോഹിത് റോയ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

To advertise here,

1990-കളിൽ ദൂർദർശനിൽ സംപ്രേഷണം ചെയ്ത 'സ്വാഭിമാൻ' എന്ന ജനപ്രിയ പരമ്പരയിലൂടെ കരിയർ ആരംഭിച്ച നടൻ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ടെലിവിഷൻരംഗത്തെ മറ്റ് കലാകാരന്മാരെ ചൊടിപ്പിച്ചിട്ടുണ്ട്.

സത്യം പറയാതിരിക്കാൻ വയ്യ, ടെലിവിഷൻ എന്നത് ഒരു ചവറ്റുകുട്ട മാധ്യമമാണ്. ഇന്നത്തെ പത്രം പോലെയാണത്; ഇന്ന് വായിക്കും, നാളെ അത് പൂർണമായി മറക്കും. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ടിവി സീരിയലുകളിൽ ഒരേതരം ഉള്ളടക്കമാണ് വീണ്ടും വീണ്ടും വരുന്നത്. അതിൽ ക്രിയേറ്റിവിറ്റി എന്ന് പറയാൻ ഒന്നുമില്ല,' രോഹിത് തുറന്നടിച്ചു. താൻ തന്നെ അഭിനയിച്ച പല ഹിറ്റ് സീരിയലുകളും ഇന്ന് ആളുകൾ മറന്നുപോയെന്നും എന്നാൽ സിനിമകൾ കാലാകാലങ്ങളോളം ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സിനിമാ താരങ്ങൾക്ക് സ്‌റ്റൈലുണ്ട്; ടിവി താരങ്ങൾ മണ്ടത്തരം പറയുന്നു

ബോളിവുഡ് സിനിമാ ലോകം ടിവി താരങ്ങളോട് കാണിക്കുന്ന 'ജാതി വ്യവസ്ഥയെയും വിവേചനത്തെയും കുറിച്ച് ചോദിച്ചപ്പോൾ, അതിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് രോഹിത് സംസാരിച്ചത്. സിനിമാ താരങ്ങളെ അപേക്ഷിച്ച് ടിവി താരങ്ങൾക്ക് ഒരു സവിശേഷ വ്യക്തിത്വവും ഇല്ലെന്ന് അദ്ദേഹം വാദിച്ചു.പൊതുവേദികളിൽ സിനിമാ താരങ്ങൾ വരുന്ന ശൈലിയും പെരുമാറ്റവും ശ്രദ്ധിക്കൂ. അവർ പുറമേക്ക് കാണിക്കുന്ന രൂപം വളരെ മാന്യവും, അന്തസ്സുള്ളതും സ്‌റ്റൈലിഷുമാണ്. എന്നാൽ ടിവി താരങ്ങളുടെ ഒരു കൂട്ടായ്മ നോക്കൂ, അവർ എങ്ങനെയാണ് പെരുമാറുന്നതെന്ന് കണ്ടാൽ തന്നെ നിങ്ങൾക്ക് കാര്യം മനസ്സിലാകും. ക്യാമറകൾക്ക് മുന്നിൽ അനാവശ്യമായി ബഹളം വെയ്ക്കാനും  മണ്ടത്തരങ്ങൾ പറയാനും പാടില്ല. അത് മാന്യതയോടെ കൈകാര്യം ചെയ്യണം,' രോഹിത് പറഞ്ഞു.

വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാൻ ശ്രമിക്കുന്ന പ്രമുഖ ടിവി താരങ്ങളെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, അത്തരം വസ്ത്രധാരണം കൊണ്ട് പേരുണ്ടാക്കാം എന്നല്ലാതെ ഇൻഡസ്ട്രിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും യാതൊരു ബഹുമാനവും ലഭിക്കില്ലെന്നും കൂട്ടിച്ചേർത്തു. സിനിമയും ടെലിവിഷനും തമ്മിലുള്ള വ്യത്യാസത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കളിക്കുന്നതും രഞ്ജി ട്രോഫിയിൽ കളിക്കുന്നതും തമ്മിലാണ് രോഹിത് ഉപമിച്ചത്. 'സിനിമ എന്നത് കാലാകാലങ്ങളോളം നിലനിൽക്കുന്ന ഒന്നാണ് .എല്ലാ അഭിനേതാക്കളും സിനിമയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല,' അദ്ദേഹം പറഞ്ഞു.

'സ്വാഭിമാൻ', 'ദേശ് മേം നിക്​ലാ ഹോഗാ ചാന്ദ്', 'സഞ്ജീവനി' തുടങ്ങിയ മികച്ച ടിവി പരമ്പരകൾക്ക് പുറമെ 'ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല', 'ഫാഷൻ' തുടങ്ങിയ സിനിമാ ചിത്രങ്ങളിലും രോഹിത് അഭിനയിച്ചിട്ടുണ്ട്. 2025-ൽ പുറത്തിറങ്ങിയ 'കൺട്രോൾ' എന്ന ത്രില്ലറിലാണ് താരം ഒടുവിലായി വേഷമിട്ടത്.