പതിനഞ്ച് വർഷം നീണ്ട പ്രണയത്തിനുശേഷമാണ് നടി കീർത്തി സുരേഷ് വ്യവസായിയായ ആന്റണി തട്ടിലുമായി വിവാഹിതയാകുന്നത്. തൻ്റെ പ്രണയ ജീവിതത്തെക്കുറിച്ചും ആന്റണി തട്ടിലുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് താരം. ജഗപതി ബാബുവിൻ്റെ ടോക്ക് ഷോ ആയ 'ജയമ്മു നിശ്ചയമ്മു റാ'യിൽ സംസാരിക്കുകയായിരുന്നു നടി. 

To advertise here,

15 വർഷത്തെ പ്രണയബന്ധം

കീർത്തി സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ആന്റണിയുമായി പ്രണയത്തിലായിരുന്നു. 2024-ൽ വിവാഹിതരാകുന്നതിന് മുൻപ് ഇരുവരും 15 വർഷം ഡേറ്റിങ്ങിലായിരുന്നു. എന്തുകൊണ്ടാണ് വിവാഹത്തിനായി ഇത്രയും കാലം കാത്തിരുന്നത് എന്ന ചോദ്യത്തിന് കീർത്തി മറുപടി നൽകുന്നുണ്ട്. 

"ഞങ്ങൾക്ക് സമയം ആവശ്യമായിരുന്നു; 2010-ലാണ് ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചത്. എനിക്ക് കോളേജ് പഠനം പൂർത്തിയാക്കുകയും ഒരു കരിയർ കെട്ടിപ്പടുക്കുകയും ചെയ്യണമായിരുന്നു" -കീർത്തി പറഞ്ഞു. 15 വർഷത്തെ പ്രണയകാലത്തിനിടെ അഞ്ചോ ആറോ വർഷം ലോങ് ഡിസ്റ്റൻസ് ബന്ധത്തിലായിരുന്നു എന്നും താരം വ്യക്തമാക്കി. ഈ സമയത്ത് ആന്റണി ഖത്തറിലും താൻ ചെന്നൈയിലുമായിരുന്നു. 

കുടുംബത്തിൻ്റെ അംഗീകാരം

മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ കുടുംബം തങ്ങളുടെ ബന്ധം അംഗീകരിക്കുമോ എന്ന് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് കീർത്തി പറയുന്നുണ്ട്. ‘മതപരമായ വ്യത്യാസങ്ങൾ കാരണം വീട്ടിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നു’- കീർത്തി പറഞ്ഞു. നാല് വർഷം മുമ്പ് താൻ അച്ഛനുമായി സംസാരിച്ചപ്പോൾ ഭയന്നതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചതെന്നും അച്ഛൻ അത് വളരെ സുഗമമാക്കിയെന്നും കീർത്തി പറയുന്നുണ്ട്. 

2024 ഡിസംബർ 12 ന് ഗോവയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.