ബ്രിട്ടനിലെ  ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ പോപ് താരം കാറ്റി പെറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഇരിപ്പിടം തിരയുന്ന കാറ്റി പെറി ആയിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്. അതിഥികളായി എത്തിയവരോട് തന്റെ സീറ്റ് അവിടെയുണ്ടോ എന്ന് ചോദിക്കുകയായിരുന്നു താരം.

To advertise here,

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാറ്റി പെറി. 'നിങ്ങള്‍ വിഷമിക്കേണ്ട, ഞാന്‍ എന്റെ സീറ്റ് കണ്ടെത്തി' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, വ്യത്യസ്ത മേഖലയില്‍ നിന്നുള്ള 2200 അതിഥികളാണ് ചടങ്ങിനെത്തിയത്. അതില്‍ ഒരാളായിരുന്നു കാറ്റി പെറിയും. വിവിയന്‍ വെസ്റ്റ്‌വുഡ് ഡിസൈന്‍ ചെയ്ത ലാവന്‍ഡര്‍ നിറത്തിലുള്ള സ്‌കര്‍ട്ട്-ടോപ്പ് ആയിരുന്നു പോപ്പ് താരത്തിന്റെ വേഷം. ഇതിനൊപ്പം അതേ നിറത്തിലുള്ള വലിയ തൊപ്പിയും ഗ്ലൗവും താരം ധരിച്ചിരുന്നു. പവിഴ മുത്തുകള്‍ കൊണ്ടുള്ള ഒരു നെക്ലേസും അണിഞ്ഞു. 

ഇതില്‍ വലിയ തൊപ്പിയാണ് താരത്തിന് വിനയായതെന്നാണ് വൈറല്‍ വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിരുന്നത്. ആ തൊപ്പി അവരുടെ കാഴ്ച്ച മറയ്ക്കുന്നുണ്ടാകുമെന്നും അതിനാലാണ് സീറ്റ് കാണാതിരുന്നതെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 

ചടങ്ങില്‍ താരം പരിപാടി അവതരിപ്പിക്കുകയും ചെയ്തു. ഗോള്‍ഡന്‍ നിറത്തിലുള്ള, മിന്നിത്തിളങ്ങുന്ന ഗൗണ്‍ അണിഞ്ഞാണ് കാറ്റി പെറി സ്‌റ്റേജിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.