
ലോകം മുഴുവൻ പുതുവത്സരത്തെ വരവേൽക്കുന്നതിന്റെ തിരക്കിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ആശംസകളും ആരാധകരെ തേടിയെത്തുന്നുണ്ട്. ബോളിവുഡിന്റെ പ്രിയ താരം കരീന കപൂർ ഖാനും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പതുവത്സരാശംസകൾ പങ്കുവെക്കാൻ മറന്നില്ല.
പുതുവർഷത്തിന്റെ ആശംസകൾ മാത്രം പങ്കുവെക്കുന്ന ഒരു പോസ്റ്റായിരുന്നില്ല കരീന പോസ്റ്റ് ചെയ്തത്. കഴിഞ്ഞുപോയ വർഷത്തിൽ നടന്ന ചില ഭീകരമായ അനുഭവങ്ങളും കുറിച്ചു. സെയ്ഫ് അലി ഖാനോടൊപ്പമുള്ള ചിത്രത്തിനൊപ്പം 2025 തനിക്കും കുടുംബത്തിനും കഠിനമായ വർഷമായിരുന്നു എന്ന് കരീന പങ്കുവെച്ചു.
കഴിഞ്ഞ വർഷം സെയ്ഫിന് നേരെ ഉണ്ടായ അക്രമണം ആണ് അവരെ വൈകാരികമായ കുറിപ്പ് പങ്കുവെക്കാൻ പ്രേരിപ്പിച്ചത്. ‘2025 ഞങ്ങൾക്കും കുട്ടികൾക്കും കുടുംബത്തിനും ദുഷ്കരമായ വർഷമായിരുന്നു. എന്നിട്ടും ഞങ്ങൾ തലയുയർത്തി, ചിരിച്ചും പരസ്പരം താങ്ങും തണലുമായി അതിജീവിച്ചു. ഒരുപാട് കരഞ്ഞു, പ്രാർഥിച്ചു. ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നു. 2025 പലതും പഠിപ്പിച്ചു. സ്നേഹം എല്ലാത്തിനേയും കീഴടക്കുമെന്നും കുട്ടികൾ കരുതുന്നതിലും ധൈര്യശാലികളാണെന്നും മനസ്സിലാക്കി’ എന്നാണ് കരീന കുറിച്ചത്.
ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ കൂടെ നിന്ന ആരാധകർക്കും സുഹൃത്തുക്കൾക്കും ദൈവത്തിനും നന്ദി പറയാനും അവർ മറന്നില്ല. പുതിയ ഊർജത്തോട് കൂടിയാണ് 2026- നെ വരവേൽക്കുന്നതെന്നും കരീന കൂട്ടിച്ചേർത്തു. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് താരം കുറിപ്പവസാനിക്കുന്നത്.
2025 ജനുവരിയിലാണ് സെയ്ഫ് അലി ഖാൻ അക്രമത്തിനിരയാകുന്നത്. പുലർച്ചെ രണ്ട് മണിയോടെ ബാന്ദ്രയിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയ പ്രതി സെയ്ഫിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് അഞ്ച് ദിവസം ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സെയ്ഫ് ജനുവരി 21-നാണ് ആശുപത്രി വിട്ടത്. അക്രമസമയത്ത് സെയ്ഫിനൊപ്പം ഇളയ മകൻ ജെഹിനും ആയയും ഉണ്ടായിരുന്നു.
പിന്നീട് നടന്ന ഒരഭിമുഖത്തിൽ പങ്കെടുത്ത സെയ്ഫ് അന്നത്തെ സംഭവത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. വളരെ വൈകി കുട്ടികൾക്കൊപ്പം സിനിമ കണ്ട് ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്താണ് ഇളയമകന്റെ മുറിയിൽ ഒരാൾ കത്തിയുമായി നിൽക്കുന്നത് കണ്ടെന്ന് ആയ സെയ്ഫിനോട് പറഞ്ഞത്. മകന്റെ മുറിയിൽ എത്തിയപ്പോൾ ഒരാൾ കത്തി ഉപയോഗിച്ച് പണത്തിന് ആവശ്യപ്പെടുന്നതാണ് കണ്ടതെന്നും അതിനിടെ മകന് മുറിവേൽക്കുകയും ചെയ്തെന്നും താരം കൂട്ടിച്ചേർത്തു.
തന്നെക്കാൾ ചെറിയ വ്യക്തിയാണ് എന്ന ധാരണയിലാണ് അയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചതെങ്കിലും അയാൾ കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും മുറിവേൽപ്പിച്ചത് തടുക്കാനായില്ല എന്നും സെയ്ഫ് പറഞ്ഞു. രക്തത്തിൽ കുളിച്ചുകിടക്കുന്ന തന്റെ അവസ്ഥകണ്ട് തൈമുർ കരഞ്ഞതായും, അച്ഛൻ മരിക്കുമോ എന്ന ചിന്തയാകാം അവനെ ഭയപ്പെടുത്തിയതെന്നും സെയ്ഫ് അന്ന് പരിപാടിയിൽ പങ്കുവെച്ചു.
നിലവിൽ കരീനയും സെയ്ഫും കുട്ടികൾക്കൊപ്പം അവധിക്കാലം ആസ്വദിക്കുകയാണ്. വിദേശത്തുൾപ്പടെ നടത്തുന്ന യാത്രകളുടെ ദൃശ്യങ്ങൾ കരീന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
Content Highlights: Kareena Kapoor Khan shares a heartfelt New Year message, reflecting on a tough 2025 marked by Saif Ali Khan`s attack and her family`s resilience.
Published: 01 Jan 2026, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented