ആലപ്പുഴ: പുതുവത്സരം മലയാളി 'കഴിച്ച്' ആഘോഷിച്ചപ്പോൾ അകത്തായത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. പുതുവത്സരത്തലേന്ന് 9.04 ലക്ഷം രൂപയുടെ അധിക വിൽപ്പന നടന്നു.

To advertise here,

പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളിൽ കോഴിയിറച്ചി വിൽപ്പനയ്ക്കു നിരോധനമുണ്ടായിരുന്നെങ്കിലും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. ഉയർന്ന വിലയും കച്ചവടത്തിനു തടസ്സമായില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.

സംസ്ഥാനത്തെ ഭക്ഷണശാലകളിലേക്കും വീടുകളിലേക്കുമായി എന്നും ശരാശരി 22.6 ലക്ഷം കിലോ കോഴിയിറച്ചിയാണ് ചെലവാകുന്നത്. ആഘോഷദിവസങ്ങളിൽ 40 ശതമാനം വർധനയുണ്ടാകുമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷന്റെ കണക്കു വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ കോഴിയിറച്ചി വിറ്റത് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്; 3.5 ലക്ഷം കിലോ വീതമായിരുന്നു അത്. രണ്ടാമത് തൃശ്ശൂരും കണ്ണൂരും- 3.15 ലക്ഷം കിലോ വീതം. ഏറ്റവും കുറവ് വയനാട്ടിലാണ്-84,000 കിലോ. ആലപ്പുഴയിൽ 1.4 ലക്ഷം കിലോ ചെലവായി. രണ്ടുവർഷം മുൻപ് ആഘോഷദിവസങ്ങളിൽ പ്രതിദിന വിൽപ്പന പരമാവധി 22 ലക്ഷം കിലോയായിരുന്നു.

ഇപ്പോൾ ലൈവ് ചിക്കന് കിലോയ്ക്ക് 164-168 രൂപയാണു വില. ഇതിൽ പ്രാദേശികമായി നേരിയ വ്യത്യാസമുണ്ടാകാം. ചിക്കൻ ബിരിയാണി മുതൽ അൽഫാം, മന്തി, ഫ്രൈഡ് ചിക്കൻ ഉൾപ്പെടെയുള്ള എല്ലാ വിഭവങ്ങൾക്കും പ്രായഭേദമെന്യേ ആവശ്യക്കാർ കൂടിയതും കച്ചവടം വർധിക്കുന്നതിനു കാരണമായി.

വിൽപ്പനയിലെ വർധന പ്രതീക്ഷ നൽകുന്നു
ഇത്തവണത്തെ ഉയർന്ന വിൽപ്പന പ്രതീക്ഷ നൽകുന്നു. വില ഇനിയും ഉയരാനാണു സാധ്യത. വേണ്ടത്ര സ്റ്റോക്കില്ലാത്തതാണു കാരണം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൂടുതലായി എത്തിക്കേണ്ട സ്ഥിതിയാണ്.
എസ്.കെ. നസീർ,
സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ