ചേർത്തല: പുതുവർഷത്തിൽ ഇനിയങ്ങു നന്നായേക്കാം എന്നു പ്രതിജ്ഞയെടുക്കുന്നവർ ധാരാളമാണ്. പതിവുനടപ്പുകാർക്ക് ഇടംകിട്ടാത്തവിധം പുതിയ നടപ്പുകാർ രംഗത്തെത്തും. പരമാവധി ഒരാഴ്ചയേ ഈ ആവേശം കാണൂവെന്നാണ് പതിവുകാർ പറയുന്നത്. ഉഗ്രപ്രതിജ്ഞകൾ ആദ്യം വിപണിയിലും അറിയാം. പ്രത്യേകിച്ച് ചില്ലറവിൽപ്പന നടത്തുന്ന ചെറുകിട കടകളിൽ. സിഗരറ്റു വിൽപ്പന പെട്ടെന്നു കുറയും. 25-30 ശതമാനം കുറവുവരുമെന്ന് കച്ചവടക്കാർ പറയുന്നു.

To advertise here,

സ്ഥിരമായി സിഗരറ്റുപയോഗിക്കുന്നവരാണ് ഉപേക്ഷിക്കുന്നതെന്ന് നഗരത്തിലെ ചെറുകിട കച്ചവടക്കാരനായ മോഹനൻ പറഞ്ഞു. പൂർണമായും പിന്മാറുന്നവർ അപൂർവമാണ്. പലരും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മടങ്ങിവരുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. ദൃഢപ്രതിജ്ഞയിൽ മറ്റൊരിനം മദ്യവർജനമാണ്. രണ്ടുമുതൽ പത്തുവരെ തീയതികളിൽ ഇതിന്റെ പ്രതിഫലനം മദ്യവിൽപ്പനശാലകളിൽ തെളിയുമെന്നാണ് ജീവനക്കാർ പറയുന്നത്. ആദ്യ രണ്ടുദിവസം വിൽപ്പനയെ ബാധിക്കുന്ന കുറവുണ്ടാകാറുണ്ടെന്ന് ചേർത്തല നഗരത്തിലെ സ്വകാര്യ മദ്യശാലയിലെ മാനേജരായ ജോബി ജോർജ് പറഞ്ഞു. ഒരാഴ്ച പിന്നിടുന്നതോടെ സാധാരണഗതിയാകുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ചായയും കാപ്പിയും ഒഴിവാക്കുന്നവർ, ജിമ്മിൽ പോയിത്തുടങ്ങുന്നവർ, മൊബൈൽ ഉപയോഗം കുറയ്ക്കുന്നവർ, വായന കൂട്ടുന്നവർ തുടങ്ങി ഒട്ടേറെ പ്രതിജ്ഞകളാണ് പുതുവത്സരത്തിലുണ്ടാകാറുള്ളത്. ഏറെപ്പേരും ഇടയ്ക്കു പിൻവാങ്ങുമെങ്കിലും ഉറച്ചുനിൽക്കുന്നവരുമുണ്ട്. ഡംബെൽ പോലുള്ള ഫിറ്റ്നസ് ഉപകരണങ്ങളുടെ വിൽപ്പന ഈ ദിവസങ്ങളിൽ കൂടാറുണ്ട്.

പ്രഭാതസവാരിക്ക് വ്യാഴാഴ്ച 20-40 ശതമാനം വർധനയുണ്ടായെന്നാണ് വിവിധയിടങ്ങളിൽനിന്നുള്ള പതിവുകാർ പറയുന്നത്. ഇതിനായി ട്രാക്ക്‌ സ്യൂട്ട്, ഷൂസ് തുടങ്ങിയവയൊക്കെ ആളുകൾ വാങ്ങുന്നത് വിപണിയെ സന്തോഷിപ്പിക്കുന്നതാണ്. നഗരങ്ങളിലുള്ളവരാണ് ജിമ്മുകളെ ആശ്രയിക്കുന്നത്. നാട്ടിൻപുറങ്ങളിൽപ്പോലും ടർഫുകൾ വന്നിട്ടുള്ളതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കളിക്കാർ കൂടും. പുതുവത്സരദിനത്തിൽ രാവിലെതന്നെ 30 പേർ അഡ്മിഷൻ എടുത്തതായി കായംകുളത്തെ ഫിറ്റ്നസ് സെന്റർ ഉടമ അഖിൽ സുരേഷ് പറഞ്ഞു. മുൻകാലങ്ങളിലും പുതുവത്സരദിനത്തിൽ ഇതുതന്നെയായിരുന്നു സ്ഥിതി. ശരീരഭാരം കുറയ്ക്കൽ, പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തൽ, മാനസികാരോഗ്യത്തിനായി വ്യായാമം എന്നിവയാണ് എത്തുന്നവരുടെ പ്രധാന ലക്ഷ്യങ്ങൾ. ന്യൂ ഇയർ ഫിറ്റ്‌നസ് ചലഞ്ച്, ട്രാൻസ്ഫർമേഷൻ ചലഞ്ച്, കപ്പിൾ ചലഞ്ച് തുടങ്ങിയ പരിപാടികൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.