
കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളുടെയും വിപുലമായ ആഘോഷ പരിപാടികളുടെയും അകമ്പടിയിൽ 2026-നെ ലോകരാജ്യങ്ങൾ ആവേശപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളായ കിരിബാത്തി, ടോംഗ, എന്നിവിടങ്ങളാണ് ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. ഇതിനുപിന്നാലെ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും കിഴക്കൻ ഏഷ്യയിലും ആഘോഷങ്ങൾ അലയടിച്ചു. സിഡ്നി ഹാർബർ ബ്രിഡ്ജിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷം ശ്രദ്ധേയമായിരുന്നു. എന്നാൽ, നഗരത്തിൽ അടുത്തിടെ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആഘോഷങ്ങൾക്ക് മുൻപായി ഇരകളോടുള്ള ആദരസൂചകമായി ഒരു നിമിഷം മൗനം ആചരിക്കുകയും ഹാർബർ ബ്രിഡ്ജിൽ മെനോറ (menorah) ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തു.
യൂറോപ്പിലും പശ്ചിമേഷ്യയിലും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് അരങ്ങേറിയത്. പാരീസിലെ ആർക്ക് ഡി ട്രയംഫിൽ കൗണ്ട്ഡൗൺ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ആയിരക്കണക്കിന് ആളുകൾ ചാംപ്സ്-എലിസീസിൽ ഒത്തുകൂടിയിരുന്നു. ലണ്ടനിൽ തെംസ് നദിക്കരയിൽ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് പ്രദർശനം നടന്നു.
ദുബായിലെ ബുർജ് ഖലീഫയിൽ വെടിക്കെട്ടും ലേസർ ഷോയും സംഗീതവും കോർത്തിണക്കിയുള്ള ദൃശ്യവിരുന്ന് കാണാൻ പതിനായിരങ്ങളാണ് എത്തിയത്. ഇതിനായി ഒൻപത് മണിക്കൂറോളം ആളുകൾ കാത്തുനിന്നു. ബെർലിനിലും റോമിലും സമാനമായ രീതിയിൽ പൊതുചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തനതായ ആചാരങ്ങളോടെയാണ് 2026-ലേക്ക് കടന്നത്. ജപ്പാനിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴക്കിയും ആദ്യസൂര്യോദയം കാണാൻ മലകയറിയുമാണ് ആളുകൾ പുതുവർഷത്തെ വരവേറ്റത്. ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ സമാധാനത്തിൻ്റെ പ്രതീകമായി പ്രത്യേക മണിമുഴക്കൽ ചടങ്ങും നടന്നു.
ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ആഘോഷങ്ങളിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയിൽ നടന്ന നൃത്തപ്രകടനങ്ങളിലൂടെയും ആളുകൾ 2026-നെ വരവേറ്റു. ലൂണാർ കലണ്ടറിലെ 'കുതിരയുടെ വർഷത്തെ' (Year of the Horse) സൂചിപ്പിക്കുന്ന അടയാളങ്ങളും ആഘോഷങ്ങളിലുടനീളം പ്രത്യക്ഷപ്പെട്ടിരുന്നു.
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വാഷിംഗ്ടൺ സ്മാരകത്തിൽ നടന്ന 'ഫ്രീഡം 250' ചടങ്ങുകളും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ പരമ്പരാഗത ബോൾ ഡ്രോപ്പും ജനശ്രദ്ധയാകർഷിച്ചു. റിയോ ഡി ജനീറോയിലെ കോപ്പകബാന ബീച്ചിൽ റെക്കോർഡ് ജനപങ്കാളിത്തമുള്ള ആഘോഷങ്ങളാണ് നടന്നത്.
അവസരങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ് വരാനിരിക്കുന്ന വർഷമെന്ന് ലോകരാജ്യങ്ങൾ വിലയിരുത്തുന്നു. കായിക രംഗത്ത്, ഫെബ്രുവരിയിൽ ഇറ്റലിയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സും ജൂൺ-ജൂലൈ മാസങ്ങളിൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന 48 ടീമുകളുടെ ലോകകപ്പ് ഫുട്ബോളുമാണ് പ്രധാന ആകർഷണങ്ങൾ. ശാസ്ത്ര മേഖലയിൽ, 50 വർഷത്തെ കാത്തിരിപ്പിനുശേഷം ചന്ദ്രനെ വലംവെക്കാനുള്ള നാസയുടെ മനുഷ്യദൗത്യം ഈ വർഷം നടന്നേക്കും. അതോടൊപ്പം, നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളും നിക്ഷേപകരുടെ സൂക്ഷ്മപരിശോധനയും 2026-ൽ പ്രതീക്ഷിക്കുന്നു.
Content Highlights: Discover how the world welcomed New Year 2026 with spectacular fireworks, cultural events, and major sporting milestones. From Sydney to Times Square, see global celebrations.
Published: 01 Jan 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented