കൊച്ചി: പുതുവർഷത്തിൽ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചെയുമായി 1,61,683 പേരാണ് സഞ്ചരിച്ചത്. ഡിസംബർ 31-ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റെക്കോഡ് സൃഷ്ടിച്ചു.
പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ ട്രെയിൻ പുലർച്ചെ രണ്ട് മണിവരെ സർവീസ് നടത്തിയിരുന്നു. 1,39,766 പേരാണ് യാത്രചെയ്തത്. പുലർച്ചെ നാലുമണിവരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസ്സിൽ 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്രചെയ്തു.
2017-ൽ സർവീസ് തുടങ്ങിയ മെട്രോയിൽ ഇതേവരെ 17.52 കോടി പേർ യാത്രചെയ്തു. ഈവർഷത്തെ യാത്രക്കാരുടെ എണ്ണം 365,861,94 ആയി വർധിച്ചു. ഡിസംബറിൽമാത്രം 32,68,063 പേരാണ് യാത്രചെയ്തത്.
ലാസ്റ്റ്മൈൽ, ഫസ്റ്റ്മൈൽ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസ്സുകൾ വിവിധ റൂട്ടുകളിൽ മെട്രോ സ്റ്റേഷനുകളേയും വാട്ടർ മെട്രോ സ്റ്റേഷനുകളേയും ബന്ധിപ്പിച്ച് സർവീസ് നടത്തി. നഗരത്തിൽ ഹരിത ഗതാഗത സംവിധാനം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചതെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. കൃത്യതയാർന്ന സർവീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യൽ മീഡിയവഴിയും നടത്തിയ പ്രചാരണം, ഉപഭോക്തൃസൗഹൃദമായ സാങ്കേതികവിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുതുവർഷരാവിൽ ആദ്യമായി ഇലക്ട്രിക് ഫീഡർ ബസ്സും യാത്രനടത്തി. ഫോർട്ട് കൊച്ചിയിൽനിന്ന് ജംഗാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ മെട്രോ ഫീഡർ ബസ്സുകളുണ്ടായിരുന്നു. കൂടാതെ പുലർച്ചെ 5.10 വരെ നിലവിലുള്ളതിനു പുറമെ മട്ടാഞ്ചേരി-ഹൈക്കോടതി, വൈപ്പിൻ-ഹൈക്കോടതി റൂട്ടിലും അധിക സർവീസ് നടത്തിയ വാട്ടർ മെട്രോയും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. പുതുവർഷത്തിൽ 15,000-ത്തോളം പേർ ഈ യാത്രാസൗകര്യം ഉപയോഗിച്ചു.
Content Highlights: Kochi Metro Achieves Record Passenger Numbers This New Year's Eve
Published: 01 Jan 2026, 08:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented