കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് കണ്ട് അമ്പരന്ന് യുകെയില്‍ നിന്നുള്ള ട്രാവല്‍ വ്‌ളോഗറായ യുവതി. ഡിയാന എന്ന ബ്രിട്ടീഷ് യുവതിയാണ് കളരിപ്പയറ്റ് കണ്ട് മതിമറന്നത്. ഇതിന്റെ വീഡിയോ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കളരിപ്പയറ്റെന്ന ദൃശ്യവിസ്മയം മനസില്‍ നിന്ന് മായുന്നില്ലെന്ന് ഡിയാന പറഞ്ഞു.

To advertise here,

'കളരിപ്പയറ്റിലേക്ക് സ്വാഗതം. കഴിഞ്ഞതവണ കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് ഇത് കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇത് എന്താണെന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ പറയട്ടെ, ഇത് എല്ലാവരേയും ഇരിപ്പിടത്തില്‍ പിടിച്ചിരുത്തുന്ന ഒന്നാണ്.' -വീഡിയോയ്‌ക്കൊപ്പം ഡിയാന കുറിച്ചു.

'ഇവരുടേത് മാസ്മരികമായ പ്രകടനമായിരുന്നു. തുടക്കത്തില്‍ അവര്‍ പരമ്പരാഗതമായ ആയോധനകല പ്രദര്‍ശിപ്പിക്കും. അത് ഭീകരമായിരുന്നു. ചിലതെല്ലാം ഞാന്‍ കണ്ണ് പൊത്തിക്കൊണ്ടാണ് കണ്ടത്. പക്ഷേ അവസാനം സര്‍പ്രൈസായി. അവര്‍ തീ അണച്ചത് കണ്ട് ഞാന്‍ ഞെട്ടി. അത് എന്റെ മനസില്‍ നിന്ന് മായുന്നില്ല.' -ഡിയാന തുടര്‍ന്നു.

തേക്കടിയില്‍ നിന്നാണ് ഡിയാന കളരിപ്പയറ്റ് കണ്ടത്. ഡിയാന പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടിട്ടുണ്ട്.