ലണ്ടൻ: ബ്രിട്ടീഷ് പൗരത്വം നേടി മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ. ബ്രിട്ടീഷ് പൗരത്വം നേടിയതോടെ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇനി ഒരു മടങ്ങിവരവില്ലെന്ന് താരം വ്യക്തമാക്കി. ഭാര്യയായ നർജിസ് ഖാൻ വഴിയാണ് ആമിർ ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് ക്രിക്കറ്റിലേക്കുള്ള തന്റെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞതായി താരം വെളിപ്പെടുത്തിയത്.
ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച താൻ ഇനി മുതൽ ഇംഗ്ലണ്ടിൽ ഒരു പ്രാദേശിക കളിക്കാരനായി മാത്രമായിരിക്കും ക്രിക്കറ്റിൽ തുടരുകയെന്ന് 34-കാരനായ ആമിർ വ്യക്തമാക്കി. ബ്രിട്ടീഷ് പ്രാദേശിക താരം എന്ന പദവി ലഭിച്ചതോടെ, കൗണ്ടി ചാമ്പ്യൻഷിപ്പ്, 'ദി ഹണ്ട്രഡ്' തുടങ്ങിയ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കാൻ ആമിറിന് ചില നിയമപരമായ കരാറുകളിൽ ഒപ്പിടേണ്ടിവന്നിട്ടുണ്ട്. ഒരു പ്രാദേശിക കളിക്കാരനായി ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ മറ്റൊരു രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കില്ലെന്ന് എഴുതി നൽകേണ്ടതുണ്ടെന്നും, അതിനാൽ പാകിസ്താൻ ക്രിക്കറ്റിലെ തന്റെ അധ്യായം പൂർണമായും അവസാനിച്ചതായും താരം വ്യക്തമാക്കി.
ഭാവിയിലെ ഐപിഎൽ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ, പാകിസ്താൻ സൂപ്പർ ലീഗിനാണ് താൻ മുൻഗണന നൽകുന്നതെന്നും, ഐപിഎൽ കളിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും താരം പറഞ്ഞു. 2027-ലെ പിഎസ്എല്ലിൽ ഒരു വിദേശ കളിക്കാരനായി താൻ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് പാകിസ്താൻ ഓൾറൗണ്ടർ അസ്ഹർ മഹ്‌മൂദ് ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
നേരത്തെ പലതവണ വിരമിക്കലും തിരിച്ചുവരവുകളും നടത്തിയിട്ടുള്ള താരമാണ് ആമിർ. ടീം മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2020 ഡിസംബറിലാണ് അദ്ദേഹം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിച്ച് 2024-ലെ ടി20 ലോകകപ്പിന് മുന്നോടിയായി അദ്ദേഹം വീണ്ടും പാക് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ആ തിരിച്ചുവരവിന് അധികം ആയുസുണ്ടായിരുന്നില്ല. 2024 ഡിസംബറോടെ ആമിർ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
കൗമാരപ്രായത്തിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ആമിർ പാകിസ്താന്റെ പല ചരിത്ര വിജയങ്ങളിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2009-ൽ ടി20 ലോകകപ്പ് നേടിയ പാക് ടീമിൽ അംഗമായിരുന്നു അദ്ദേഹം. കൂടാതെ, 2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരേ 16 റൺസ് മാത്രം വഴങ്ങി രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി പാകിസ്താന് സമ്മാനിച്ച ഇതിഹാസ വിജയം ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 2019-ലെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പെടെ 17 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ പാക് താരമായിരുന്നു.
Content Highlights: Former Pakistan fast bowler Mohammad Amir has obtained British citizenship through his wife Nargis Khan., Amir confirmed that his chapter with Pakistan cricket is completely closed as local English players cannot play international cricket., He plans to play as a local player in English domestic tournaments like the County Championship and The Hundred., He hinted at participating in the 2027 PSL as an overseas player while remaining undecided on the IPL.
Published: 30 Aug 2026, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented