തൊണ്ണൂറുകളില്‍ ബോളിവുഡ് ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് കജോള്‍. 1992-ല്‍ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായികയായി മാറി. 1999-ല്‍ അജയ് ദേവ്ഗണുമായുള്ള വിവാഹശേഷം അവര്‍ സിനിമയില്‍നിന്ന് ഇടവേളയെടുത്തു. നൈസയുടേയും യുഗിന്റേയും അമ്മയായതോടെ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിച്ചു.

To advertise here,

ഇപ്പോഴിതാ മക്കളുമായുള്ള ആത്മബന്ധത്തെ കുറിച്ചും മാതൃത്വത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് കജോള്‍. താനും മക്കളും തമ്മില്‍ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ടെന്നും മാതൃത്വം എപ്പോഴും ഒരു പഠനാനുഭവമായിരുന്നുവെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

പലപ്പോഴും ഡൈനിങ് ടേബിളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താകും മക്കളുമായി തര്‍ക്കമുണ്ടാകുകയെന്നും അടുത്തിടേയും അങ്ങനെയൊരു വഴക്കുണ്ടായെന്നും കജോള്‍ പറയുന്നു. 'ഭക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. ഇതെല്ലാം ഡൈനിങ് ടേബിളില്‍വെച്ചാണ് സംഭവിക്കാറുള്ളത്. കാരണം ആ സമയത്താകും പല ചര്‍ച്ചകളും നടക്കുക. അന്നൊരു ദിവസം നൈസ എന്നോട് പറഞ്ഞു ' അമ്മ വെറുതെ റിലാക്‌സ് ചെയ്യൂ. എന്ത് ചെയ്യണമെന്ന് എനിക്കറിയാം. വിശക്കുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിച്ചോളാം.'-കജോള്‍ പറയുന്നു.

തനിക്ക് തെറ്റ് സംഭവിക്കുന്നത് മക്കള്‍ ഓര്‍മിപ്പിക്കാറുണ്ടെന്നും അത് തന്നെ അമ്പരപ്പിക്കാറുണ്ടെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു. മക്കളില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അവര്‍ പറയുന്നു. 'എനിക്ക് അവരില്‍നിന്ന് പഠിക്കാനാകുമെന്ന് ഞാന്‍ മനസിലാക്കി. ഇപ്പോള്‍ എനിക്കിത് ശീലമായി. ചെറിയ കാര്യങ്ങള്‍പോലും മക്കളില്‍ നിന്ന് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ മക്കള്‍ എന്നെ തിരുത്തിയത് കൊണ്ട് ഞാന്‍ കൂടുതല്‍ നല്ല വ്യക്തിയായി മാറിയ സന്ദര്‍ഭങ്ങളുണ്ട്.

നൈസ ബോര്‍ഡിങ് സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് ലണ്ടനിലേക്ക് പോയി. അവിടെ അവള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞാന്‍ ശരിയായ തിരഞ്ഞെടുപ്പ് തന്നെ നടത്തിയെന്നാണ് കരുതുന്നത്. തുടക്കത്തില്‍ എന്റെ മകള്‍ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് ഞാന്‍ വളരേയധികം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ആലോചിക്കാതെ ശാന്തയായിരിക്കാന്‍ ഞാന്‍ പഠിച്ചു. അമ്മയുടെ ആശങ്കകള്‍ മനസിലാക്കുന്ന മകളില്‍നിന്നാണ് ഞാന്‍ ഇത് പഠിച്ചത്. അവര്‍ക്ക് വിശക്കുമ്പോള്‍ കഴിച്ചോളും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്‌തോളും. അതിനാല്‍ അതിനെ കുറിച്ച് അധികം ആലോചിക്കേണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.'-കജോള്‍ പറയുന്നു.

തന്റെ സിനിമകള്‍ മക്കള്‍ കാണാറില്ലെന്നും കജോള്‍ പറയുന്നു. അമ്മ കരയുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം അഭിനയമാണെന്നും യാഥാര്‍ഥ്യമല്ലെന്നും അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആ സിനിമകളൊന്നും അവര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും കജോള്‍ പറയുന്നു. നൈസയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും അവള്‍ അവളുടേതായ രീതിയില്‍ കരിയറുണ്ടാക്കി സന്തോഷം കണ്ടെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്ന കാര്യമെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു.