മകന്‍ യുഗ് ദേവ്ഗണുമായുള്ള ഹൃദ്യമായ ബന്ധത്തെ കുറിച്ച് മനസ് തുറന്ന് നടി കജോള്‍. എത്രത്തോളം സ്വയം സ്‌നേഹിക്കുന്നുണ്ട് എന്ന് യുഗ് ഒരിക്കല്‍ തന്നോട് ചോദിച്ചുവെന്ന് കജോള്‍ പറയുന്നു. 'ടൂ മച്ച്' എന്ന ഷോയില്‍ അതിഥികളായെത്തിയ വരുണ്‍ ധവാനോടും ആലിയ ഭട്ടിനോടും സംസാരിക്കുകയായിരുന്നു കജോള്‍. കജോളും ട്വിങ്കിള്‍ ഖന്നയും ചേര്‍ന്നാണ് ഈ ഷോ അവതരിപ്പിക്കുന്നത്.
ഒരു അമ്മ എന്ന നിലയില്‍ എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന് ആലിയയും വരുണും ചോദിച്ചപ്പോഴാണ് കജോള്‍ ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ പറയുന്നത് കേള്‍ക്കണമെന്നും അവരെ ശ്രദ്ധിക്കണമെന്നും കജോള്‍ മറുപടി നല്‍കി. 'പലപ്പോഴും കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ക്ക് നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. കാരണം അവര്‍ വെറും കുട്ടികളാണെന്നും അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ അറിയില്ലെന്നും നമ്മള്‍ കരുതുന്നു. എന്നാല്‍ അത് ശരിയല്ല. എന്റെ മകന് എട്ട് വയസ്സുള്ളപ്പോള്‍ ഒരു ദിവസം എന്നോട് ഇങ്ങനെ ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അമ്മ എത്രത്തോളം സ്വയം സ്‌നേഹിക്കുന്നുണ്ട്? എന്നായിരുന്നു അവന്റെ ചോദ്യം. 'ഞാന്‍ എന്നെത്തന്നെ ഒരു 60-70% സമയത്തും സ്‌നേഹിക്കുന്നു. ബാക്കി 30% അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയാണ്' എന്ന് ഞാന്‍ അവന് മറുപടി നല്‍കി. 'അല്ല, നിങ്ങള്‍ നിങ്ങളെത്തന്നെ 100% സമയത്തും സ്‌നേഹിക്കണം' എന്നായിരുന്നു അവന്‍ അപ്പോള്‍ പറഞ്ഞത്. അത് കേട്ടതുമുതല്‍ ഞാന്‍ ആ കാര്യം മനസ്സില്‍ സൂക്ഷിച്ചുവെച്ചു.'-കജോള്‍ പറയുന്നു.
മാതാപിതാക്കളായതിനുശേഷം തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് ആലിയയും വരുണും വ്യക്തമാക്കി. ഉത്തരവാദിത്തങ്ങള്‍ കൂടിയെന്നും ഇരുവരും ഷോയില്‍ പറഞ്ഞു. റാഹ എന്നാണ് ആലിയയുടെ മകളുടെ പേര്. കഴിഞ്ഞ വര്‍ഷം അച്ഛനായ വരുണ്‍ മകള്‍ക്ക് ലാറ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം കജോളിന്റെ മകന്‍ യുഗിന്റെ പതിനഞ്ചാം ജന്മദിനമായിരുന്നു. പിറന്നാളാശംസ നേര്‍ന്ന് കജോള്‍ മനോഹരമായൊരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോകത്തെ ഏറ്റവും മനോഹരമായ കാര്യം നിന്റെ പുഞ്ചിരിയാണെന്നും എപ്പോഴും കൈകോര്‍ത്ത് നടക്കാനും വിചിത്രമായ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കാനും കഴിയട്ടെ എന്നാണ് കജോള്‍ കുറിച്ചത്.
കജോളും അജയും 1999-ലാണ് വിവാഹിതരായത്. 2003 ഏപ്രില്‍ 20-ന് ഇരുവര്‍ക്കും മകള്‍ പിറന്നു. നൈസ എന്നാണ് മകളുടെ പേര്. 2010-ലാണ് യുഗ് ജനിച്ചത്.
Content Highlights: kajol recalls a heartwarming moment when her son yug
Published: 04 Oct 2025, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented