മാതൃത്വത്തിന്റെ തുടക്കത്തില്‍ അമ്മമാര്‍ക്ക് പല തരത്തിലുള്ള ആശങ്കകളുമുണ്ടാകും. കുഞ്ഞ് ജനിച്ചതിനുശേഷം അവരെ വളര്‍ത്തേണ്ടത് എങ്ങനെയാണെന്ന കാര്യത്തിലാകും മിക്കപ്പോഴും സംശയങ്ങളുണ്ടാകുക. ചില അമ്മമാര്‍ കുഞ്ഞുങ്ങളെ കൈയില്‍നിന്ന് താഴെപോലും വെയ്ക്കില്ല. ഇത്തരത്തില്‍ 'ഓവര്‍ പ്രൊട്ടക്ടീവ്' ആയ അമ്മയായിരുന്നു താനെന്ന് ബോളിവുഡ് താരം കജോള്‍ പറയുന്നു. 

To advertise here,

മകള്‍ നൈസയെ വളര്‍ത്തിയ ആദ്യകാലങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 'ഞാന്‍ എല്ലാ അര്‍ത്ഥത്തിലും 'ഓവര്‍ പ്രൊട്ടക്ടീവ്' ആയ ഒരു അമ്മയായിരുന്നു. എന്റെ കൈയില്‍ എപ്പോഴും ബാന്റേജുകളും മരുന്നുകളുമുണ്ടാകും. സ്പീഡ് ഡയലില്‍ എപ്പോഴും ഡോക്ടറുടെ ഫോണ്‍ നമ്പറുമുണ്ടാകും. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇടയ്ക്കിടെ ഡോക്ടറെ വിളിച്ച് 'മകള്‍ക്ക് ഈ മരുന്നോ അതോ മറ്റേതെങ്കിലും മരുന്നോ കൊടുക്കണമോ' എന്ന് ചോദിക്കും.' -കജോള്‍ പറയുന്നു.

താന്‍ മകളുടെ ഡയപ്പര്‍ മാറ്റിയതുപോലെ മറ്റാരും മാറ്റിയിട്ടുണ്ടാകില്ലെന്നും അവര്‍ തമാശരൂപത്തില്‍ പറയുന്നു. ആദ്യമായി അമ്മയായതിന്റെ തുടക്കത്തിലെ അമിതമായ സമ്മര്‍ദത്തെ കുറിച്ചും എല്ലാം തനിയെ ചെയ്യേണ്ടി വരുമെന്ന തോന്നലിനെ കുറിച്ചും കജോള്‍ ഓര്‍ത്തെടുത്തു. 'വേറെ ആര്‍ക്കും ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് നിങ്ങള്‍ വിചാരിക്കും. നിങ്ങള്‍തന്നെ എല്ലാ കാര്യങ്ങളും ചെയ്യും. നിങ്ങളുടെ ഹൃദയം തകരുമെങ്കിലും ആ റിസ്‌ക്ക് നിങ്ങള്‍ ഏറ്റെടുക്കും.'-കജോള്‍ പറയുന്നു. 

2018-ല്‍ പുറത്തിറങ്ങിയ ഹെലികോപ്റ്റര്‍ ഈല എന്ന ചിത്രത്തില്‍ ഇതുപോലെ ഓവര്‍പ്രൊട്ടക്ടീവ് ആയ ഒരു അമ്മയുടെ വേഷമാണ് കജോള്‍ ചെയ്തത്. ആ സിനിമയില്‍ കൗമാരക്കാരനായ മകന്റെ ചുറ്റും എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന അമ്മയുടെ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്.