ലോസ്ആഞ്ചലീസ്: സ്വന്തം രാജ്യത്തിന്റെ ലോകകപ്പിലെ മത്സരം കാണാതെ അമേരിക്കയുടെ മത്സരം കാണാനെത്തിയതിൽ വിശദീകരണവുമായി കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയും ബോസ്‌നിയയും തമ്മിലുള്ള മത്സരം കാണാതെ യുഎസ്എ-പരാഗ്വെ മത്സരം കാണാൻ അമേരിക്കൻ പോപ് ഗായികയായ കാമുകി കാറ്റി പെറിക്കൊപ്പമാണ് ട്രൂഡോ എത്തിയിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ ട്രൂഡോ പ്രതികരിക്കുകയായിരുന്നു.

To advertise here,

ചില സമയത്ത് ഉത്തരവാദിത്തപ്പെട്ട കാമുകന്റെ കടമകൾ നിറവേറ്റേണ്ടി വരുമെന്നും ലോകകപ്പിൽ താൻ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാമല്ലോയെന്നും ട്രൂഡോ കുറിച്ചു. ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത റീഷെയർ ചെയ്തുകൊണ്ടാണ് ട്രൂഡോ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്. അമേരിക്കയുടെ മത്സരം നടന്ന അതേ ദിവസമാണ് കാനഡയും ടൂർണമെന്റിലെ ആദ്യ മത്സരം കളിച്ചത്.

ലോസ് ആഞ്ജലീസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറിയുടെ സംഗീത പരിപാടിയുണ്ടായിരുന്നു. ഇതിനുശേഷം ട്രൂഡോയ്‌ക്കൊപ്പം വിഐപി ഗാലറിയിലിരുന്ന മത്സരം കാണുകയും ചെയ്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

കഴിഞ്ഞ ജൂലൈയിൽ ഇരുവരും ഒന്നിച്ച് ഡിന്നർ കഴിക്കാൻ പോയതോടെയാണ് പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടങ്ങിയത്. കാനഡയിലെ മൊൺട്രിയലിലായിരുന്നു ഡിന്നർ ഡേറ്റ്. പിന്നീട് കാനഡയിൽ നടന്ന കാറ്റി പെറിയുടെ സംഗീത പര്യടനത്തിലും ട്രൂഡോ പങ്കെടുത്തു. 2023-ലാണ് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറിയും വേർപിരിയുന്നത്. 2005-ൽ വിവാഹിതരായ ഇരുവർക്കും മൂന്ന് മക്കളുണ്ട്. ഏഴു വർഷത്തോളം ഒന്നിച്ചുണ്ടായിരുന്ന ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം 2025 ജൂണിലാണ് കാറ്റി പെറി അവസാനിപ്പിച്ചത്. ഇരുവർക്കും ഡെയ്‌സി ഡവ് എന്ന മകളുണ്ട്.