പോപ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തില്‍ പങ്കെടുക്കാനാണ് ബീബര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായകന്‍ മുംബൈയിലെത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

To advertise here,

വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ പാടാന്‍ വേണ്ടിയാണ് ബീബറിനെ അംബാനി ഇന്ത്യയിലെത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 83 കോടി രൂപയാണ് ഇതിനായി അംബാനി ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.

പ്രശസ്ത പോപ്പ് ഗായിക അഡെല്‍, കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്, അമേരിക്കന്‍ പാട്ടുകാരി ലാനാ ഡെല്‍ റേ എന്നീ ഗായകര്‍ വിവാഹത്തിനെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് നല്‍കുന്ന പ്രതിഫലക്കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും നടന്ന ആഘോഷത്തില്‍ സംഗീതലോകത്ത് നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു.

കാറ്റി പെറി, ആന്‍ഡ്രിയ ബോച്ചെല്ലി, ബാക്ക്ട്സ്ട്രീററ് ബോയ്സ്, പിറ്റ്ബുള്‍, ഗുരു രണ്‍ധാവ എന്നിവരുടെ സംഗീത വിരുന്ന് കപ്പലിലെ ആഘോഷത്തിന് മാറ്റുകൂട്ടിയിരുന്നു. ജാംനഗറിലെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ റിയാനയുടെ പ്രകടനമായിരുന്നു ഏറെ ചര്‍ച്ചയാത്. സ്വകാര്യ വിമാനത്തില്‍ പറന്നെത്തിയ റിയാന ഒരു മണിക്കൂര്‍ പ്രകടനത്തിന് 74 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. 2018-ല്‍ നടന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിന് പറന്നെത്തിയത് ബിയോൺസായിരുന്നു. അതിനുവേണ്ടി 50 കോടി രൂപയാണ് ചിലവഴിച്ചത്. 

ജൂലായ് 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് വിവാഹത്തിനുണ്ടാകുക. കഴിഞ്ഞ ദിവസം വിവാഹത്തിന് തുടക്കം കുറിച്ച് ഗുജറാത്തി പരമ്പാഗത ചടങ്ങായ 'മാമേരു' ആഘോഷം മുംബൈയിലെ ആന്റീലിയയില്‍ നടന്നിരുന്നു. അടുത്ത കുടുംബാംഗങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.