പൊതുവേ എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ളതും എന്നാല്‍ ഒട്ടും ആരോഗ്യകരമല്ലാത്തതുമാണ് ജങ്ക് ഫുഡുകള്‍. നാവിന് രുചി നല്‍കും, വിശപ്പ് മാറും എന്നീ രണ്ട് കാര്യങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ ജങ്ക് ഫുഡുകള്‍ മനുഷ്യന് ദോഷമാണ് സമ്മാനിക്കുന്നത്. ശരീരഭാരം കൂടുകയും തടി വര്‍ധിക്കുകയും ചെയ്യുന്നതിനൊപ്പം ധാരളം രോഗങ്ങളും ജങ്ക് ഫുഡുകള്‍ ക്ഷണിച്ച് വരുത്തും. 

To advertise here,

അത്തരത്തില്‍ ജങ്ക് ഫുഡുകള്‍ കഴിച്ചാണ് സാക്ഷി യാദവ് എന്ന യുവതിക്ക് തടി കൂടിയത്. രണ്ടുമൂന്ന് വര്‍ഷം ജങ്ക് ഫുഡ് കഴിച്ച സാക്ഷിയുടെ ശരീരഭാരം 80 കിലോയോളമായി. കൂടാതെ ജങ്ക് ഫുഡില്‍ നിന്ന് വയറ്റില്‍ സാരമായ അണുബാധയും സാക്ഷിക്കുണ്ടായി. എന്നാല്‍ അതിനെയെല്ലാം മറികടന്ന്, നിശ്ചയദാര്‍ഢ്യം കൊണ്ട് ശരീരഭാരം കുറച്ച കഥ പങ്കുവെച്ചിരിക്കുകയാണ് സാക്ഷി. 

വെറും ആറ് മാസം കൊണ്ടാണ് ശരീരഭാരം 80 കിലോയില്‍ നിന്ന് 55 കിലോഗ്രാമായി കുറച്ചത്. താന്‍ എങ്ങനെയാണ് ഇത് സാധ്യമാക്കിയതെന്ന് വിശദീകരിക്കുന്ന വീഡിയോ സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രചോദനമായേക്കാവുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. തടിച്ചപ്പോഴും ശരീരഭാരം കുറച്ചശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സാക്ഷി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശരീരഭാരം കുറയ്ക്കാനായി ഭക്ഷണക്രമത്തിലെ ആറ് തെറ്റുകള്‍ ഒഴിവാക്കണമെന്ന് സാക്ഷി പറയുന്നു. ജങ്ക് ഫുഡ്, വറുത്ത ഭക്ഷണം, എണ്ണമയമുള്ള ഭക്ഷണം, പ്രൊസസ്സ്ഡ് ഫുഡ്, കൂടിയ അളവില്‍ പഞ്ചസാരയുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുകയും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുകയുമാണ് അവ. 

അടുത്തതായി സാക്ഷി പറയുന്നത് അഞ്ച് ആരോഗ്യകരമായ ജീവിതശൈലികളാണ്. ഇവ നിര്‍ബന്ധമായും പിന്തുടരണമെന്നും സാക്ഷി നിര്‍ദേശിക്കുന്നു. പ്രതിദിനം പതിനായിരം ചുവടുകള്‍ നടക്കണം. ദിവസവും 45 മിനുറ്റ് മുതല്‍ 60 മിനുറ്റ് വരെ വ്യായാമം. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. എല്ലാ ദിവസവും രാത്രി ആറ് മുതല്‍ എട്ട് മണിക്കൂര്‍ സമയം ഉറങ്ങുക. ഒപ്പം ദിവസവും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളം കുടിക്കുകയും വേണം. 

ഡയറ്റ് ആണ് സാക്ഷി പറയുന്ന അടുത്ത കാര്യം. രാവിലെ വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രഭാതഭക്ഷണത്തിന് മുളപ്പിച്ച ധാന്യങ്ങളും നട്ടുകളുമാണ് നല്ലത്. 11 മണിക്ക് ലഭ്യമായ ഏതെങ്കിലും പഴം ഒരെണ്ണം കഴിക്കാം. ഉച്ചഭക്ഷണമായി രണ്ട് റൊട്ടി, സാലഡ്, തൈര്, പച്ചക്കറികള്‍ എന്നിവയാണ് കഴിക്കേണ്ടത്. വൈകുന്നേരം അല്‍പ്പം കടല കഴിക്കാം. അല്‍പ്പം ചോറും പരിപ്പുകറിയുമാണ് രാത്രിഭക്ഷണം. 

കൂടാതെ ശരീരഭാരം കുറയ്ക്കുന്നവര്‍ക്കായി രണ്ട് ടിപ്പുകള്‍ കൂടി സാക്ഷി നല്‍കുന്നു. ഒരിക്കലും നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ലക്ഷ്യം നേടാന്‍ ക്ഷമ വേണമെന്നും തിരക്കുകൂട്ടരുതെന്നും സാക്ഷി പറയുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. )