
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ഗോവിന്ദ് പത്മസൂര്യയുടേയും നടി ഗോപികയുടേയും വിവാഹം നടന്നത്. മെഹന്ദി, ഹല്‍ദി, സംഗീത് തുടങ്ങി എല്ലാവിധ ആഘോഷങ്ങളോടും കൂടിയാണ് വിവാഹം നടത്തിയത്. ടെലിവിഷന്‍, സിനിമാ രംഗത്തെ ഇരുവരുടേയും അടുത്ത സുഹൃത്തക്കളെല്ലാം ഹല്‍ദി, സംഗീത് ചടങ്ങുകള്‍ക്കെത്തിയിരുന്നു. മെഹന്ദി ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഗീത് ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ജിപിയുടേയും ഗോപികയുടേയും അടുത്ത സുഹൃത്തും അവതാരകനുമായ ജീവയുടെ വാക്കുകളാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. നാട്ടുകാരെ മുഴുവന്‍ അറിയിച്ചിട്ടും ആത്മസുഹൃത്തായ തന്നോട് ജിപി വിവാഹക്കാര്യം പറയുന്നത് വിവാഹനിശ്ചയത്തിന്
മൂന്ന് ദിവസം മുമ്പാണെന്ന് ജീവ വീഡിയോയില്‍ പറയുന്നു.
വിവാഹനിശ്ചയത്തിന് ജീവയെ നേരിട്ട് വിളിക്കണം എന്നായിരുന്നു ജിപിയുടെ ആഗ്രഹം. എന്നാല്‍ ഇരുവരുടേയും തിരക്ക് കാരണം നേരിട്ട് കാണാന്‍ കഴിയാതെ ഒടുവില്‍ മൂന്ന് ദിവസം മുമ്പ് ഫോണില്‍ വിളിച്ച് കല്ല്യാണം ആയെന്ന് ജിപി പറയുകയായിരുന്നു. ഗോപികയും ജീവയെ നേരിട്ട് ക്ഷണിച്ചില്ല. എങ്കിലും ഉറ്റസുഹൃത്തുക്കള്‍ തമ്മില്‍ കല്ല്യാണം വിളിയുടെ ആവശ്യമില്ലെന്നും അവരുടെ സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചുണ്ടാകുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കളെന്നും ജീവ പറയുന്നു.
ജിപിയുടേയും ഗോപികയുടേയും സംഗീത് ചടങ്ങിനെത്തിയ ജീവ വേദിയില്‍വെച്ചാണ് ഇക്കാര്യം പറഞ്ഞത്. 'ഒരു ദിവസം എവിടെയാണെന്ന് ചോദിച്ച് ജിപി എന്നെ വിളിച്ചു. ഞാന്‍ ആ സമയത്ത് അസര്‍ബൈജാനിലാണ്. ഒരു കാര്യം നേരിട്ട് പറയാനുണ്ടെന്നും വന്നിട്ട് സംസാരിക്കാമെന്നും ജിപി പറഞ്ഞു. അങ്ങനെ ഞാന്‍ നാട്ടിലെത്തിയപ്പോള്‍ ജിപിയെ വിളിച്ചു. ആ സമയത്ത് അവന്‍ പട്ടാമ്പിയിലായിരുന്നു. പിന്നെ ഒരിക്കല്‍ വിളിച്ചപ്പോള്‍ ഹൈദരാബാദിലായിരുന്നു. അതു കഴിഞ്ഞ് മുംബൈയിലാണെന്ന് പറഞ്ഞു.
അങ്ങനെ ഒരു ദിവസം കോഴിക്കോടേക്ക് പോകുമ്പോള്‍ പട്ടാമ്പിയില്‍ ഇറങ്ങാം എന്ന് പറഞ്ഞു. അന്ന് ഗൂഗിള്‍ മാപ്പ് വിശ്വസിച്ചുപോയ ഞാന്‍ 22 കിലോമീറ്റര്‍ മുന്നിലായിപ്പോയി. അതോടെ കോഴിക്കോട് നിന്ന് കാണാം എന്ന് പറഞ്ഞു. അന്ന് വൈകീട്ട് പരിപാടി കഴിഞ്ഞ് ഞാന്‍ ജിപിയെ മൂന്നു തവണ വിളിച്ചിട്ടും എടുത്തില്ല. പിന്നീട് ജിപി വീഡിയോ കോള്‍ ചെയ്തപ്പോള്‍ ഞാന്‍ പ്രോഗ്രാമില്‍ ആയത് കാരണം കട്ട് ചെയ്തു. ഒടുവില്‍ ഞാന്‍ കോഴിക്കോട് ഒരു പബ്ലിക് പരിപാടിയുടെ അവതാരകനായി നില്‍ക്കുമ്പോള്‍ ജിപിയുടെ കോള്‍ വരുന്നു. സ്‌റ്റേജില്‍ കയറാന്‍ നില്‍ക്കുകയായിരുന്നു. എന്നാലും ഞാന്‍ ഫോണെടുത്തു. എന്തെങ്കിലും അത്യാവശ്യ കാര്യത്തിനാണോ വിളിച്ചത് എന്ന് ചോദിച്ചു. 'എടാ..എന്റെ കല്ല്യാണമാണ്' എന്ന് ജിപി പറഞ്ഞു. ഞാന്‍ ഞെട്ടി. പെട്ടെന്ന് സ്‌റ്റേജില്‍ കയറാന്‍ ഡയറക്ടര്‍ പറഞ്ഞു. കോള്‍ കട്ട് ചെയ്ത് ഞാന്‍ കയറി. ജിപിയുടെ വിവാഹക്കാര്യം ആ വലിയ സദസിന് മുന്നില്‍ പറയുമോ എന്ന പേടിയിലായിരുന്നു ഞാന്‍. കാരണം ഞാന്‍ ആകെ ബ്ലാങ്കായിപ്പോയിരുന്നു. പക്ഷേ പേടിച്ചതൊന്നും സംഭവിച്ചില്ല. ചക്കിക്കൊത്ത ചങ്കരനാണ് ഗോപിക. ഇന്ന് ഈ നിമിഷം വരെ അവള്‍ കല്ല്യാണം വിളിച്ചിട്ടില്ല. മൂന്ന് ദിവസം മുമ്പ് എന്നെ കല്ല്യാണം വിളിച്ച ജിപിക്കും ഗോപികയ്ക്കും എല്ലാ ആശംസകളും നേരുന്നു.'-ജീവ വീഡിയോയില്‍ പറയുന്നു.
ഇതിന് ജിപിയും മറുപടി നല്‍കുന്നുണ്ട്. ജീവയോട് നേരിട്ട് പോയി വിവാഹനിശ്ചയം പറയണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് അവസാന നിമിഷം വരെ കാത്തുനിന്നതെന്നും ജിപി പറയുന്നു. എന്നാല്‍ രണ്ടു പേരുടേയും തിരക്കുകള്‍ കാരണം നേരിട്ട് കാണാന്‍പോലും പറ്റിയില്ല. ഒടുവില്‍ ഫോണിലൂടെ തന്നെ വിവാഹക്കാര്യം പറയേണ്ടി വന്നുവെന്നും ജിപി കൂട്ടിച്ചേര്‍ത്തു. ഗോപികയും ജീവയെ ക്ഷണിക്കാത്ത കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും 'നീ പേടിക്കേണ്ട, ഞാന്‍ വിളിച്ചോളാം' എന്നാണ് അവളോട് പറഞ്ഞതെന്നും ജിപി വ്യക്തമാക്കുന്നു.
ഭാര്യ അപര്‍ണ തോമസിനൊപ്പമാണ് ജീവ വിവാഹ ആഘോഷത്തിനെത്തിയത്. ഹല്‍ദിയും സംഗീതും വിവാഹ റിസപ്ഷനുമെല്ലാം ജീവയും അപര്‍ണയും ആഘോഷമാക്കിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
Content Highlights: jeevas funny speech at govind padmasooryas sangeeth
Published: 01 Feb 2024, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented