തന്റെ അറുപതാം പിറന്നാളിന്റെ സന്തോഷത്തിലാണ് നടന്‍ ജയറാം. അതിനൊപ്പം വീട്ടിലേക്ക് മരുമകള്‍ കൂടി വന്നതിന്റെ ഇരട്ടി സന്തോഷം അദ്ദേഹത്തിനുണ്ട്. ഗുരുവായൂരിലെ വിവാഹത്തിനുശേഷം ചെന്നൈയിലെത്തിയെ കാളിദാസിനേയും തരിണിയേയും ജയറാമും കുടുംബവും വീട്ടിലേക്ക് സ്വീകരിച്ചു. ഇതിന്റെ വീഡിയോ ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

സെറ്റ് മുണ്ടുടുത്ത് സുന്ദരിയായ തരിണി വലതുകാല്‍വെച്ച്, നിലവിളക്ക് പിടിച്ച് വീട്ടിലേക്ക് കയറുന്നത് വീഡിയോയില്‍ കാണാം. പാര്‍വതി മരുമകളെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. ഒപ്പം മാളവികയേയും ഭര്‍ത്താവ് നവനീതിനേയും കാണാം. 

'വീട്ടിലേക്ക് സ്വാഗതം, താരൂ' എന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച്ച ചെന്നൈയില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളോടെയാണ് വിവാഹത്തിന് തുടക്കമായത്. ഞായറാഴ്ച്ച രാവിലെ 7.15നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂരില്‍വെച്ച് ഇരുവരും വിവാഹിതരായി. അന്നുതന്നെ ജയറാമും കുടുംബവും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച്ച മെഹന്ദി ആഘോഷവും നടത്തിയിരുന്നു. ഇനി ബുധനാഴ്ച്ച ചെന്നൈയില്‍ റിസപ്ഷനും നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ റിസപ്ഷനില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.