വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും പോകുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് അവിടുത്തെ നിയമങ്ങളോടും വീടുകളിലെ സാങ്കേതിക സൗകര്യങ്ങളോടും പൊരുത്തപ്പെടുക എന്നതാണ്. അതിനൊരു ഉത്തമ ഉദാഹരണമായിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി നേരിട്ട അപ്രതീക്ഷിത അനുഭവം. അഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ കുളിച്ചതിന് 1.30 ലക്ഷം രൂപയിലധികം പിഴയടക്കേണ്ടി വന്ന അനുഭവമാണ് സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെച്ചത്. വാമിക എന്ന യുവതിക്കാണ് കനത്ത പിഴ വന്നിരിക്കുന്നത്. വാമിക കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫയർ അലാറം മുഴങ്ങിയത്. എത്രയും പെട്ടെന്ന് ബിൽഡിങ്ങിൽ നിന്ന് പുറത്തുകടക്കണമെന്ന അനൗൺസ്‌മെന്റും അതിന് പിന്നാലെ മുഴങ്ങി. ഉടൻ തന്നെ യുവതി കുളി മതിയാക്കി പുറത്തിറങ്ങി. തുടക്കത്തിൽ ടെസ്റ്റ് ഡ്രിൽ ആയിരിക്കും എന്നാണ് വാമിക കരുതിയത്. എന്നാൽ പുറത്തിറങ്ങിയപ്പോഴാണ് അത് ടെസ്റ്റ് ഡ്രിൽ അല്ലെന്ന് യുവതി മനസ്സിലാക്കിയത്.

To advertise here,

തുടർന്ന് അവിടെ നിൽക്കുകയായിരുന്ന ആളുകളോട് യുവതി താൻ അലാറം മുഴങ്ങുന്ന സമയത്ത് കുളിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അപ്പോഴാണ് ബിൽഡിങ് മാനേജർ നിങ്ങളായിരുന്നോ കുളിച്ചിരുന്നത് എന്ന് തിരിച്ചുചോദിക്കുന്നത്. അപ്പോഴാണ് തന്റെ കുളി കാരണമാണ് ഫയർ അലാറം അടിച്ചതെന്ന് വാമിക മനസ്സിലാക്കുന്നത്. കുളിക്കുമ്പോൾ യുവതി എക്‌സ്‌ഹോസ്റ്റ് ഓൺ ചെയ്തിരുന്നില്ല.

കുളിക്കുന്നതിനിടെ ബാത്ത്‌റൂമിൽ നിന്ന് പുറത്തേക്ക് പടർന്ന ചൂടേറിയ ആവി ഫ്‌ളാറ്റിലെ അതീവ സംവേദനക്ഷമതയുള്ള സ്‌മോക്ക് ഡിറ്റക്ടറിൽ തട്ടുകയും ഉടൻ തന്നെ ഫയർ അലാറം മുഴങ്ങുകയുമായിരുന്നു.

കെട്ടിടത്തിൽ തീപിടിത്തമുണ്ടായെന്ന് കരുതുന്ന രീതിയിൽ അലാറം മുഴങ്ങിയതോടെ നിമിഷങ്ങൾക്കകം അഗ്‌നിശമന സേന സ്ഥലത്തെത്തി. പരിശോധനയിൽ കുളിച്ചപ്പോൾ ഉയർന്ന ആവിയാണ് അലാറം പ്രവർത്തിപ്പിച്ചതെന്നും ബോധ്യപ്പെട്ടു.

ഇവിടത്തെ നിയമപ്രകാരം ഇത്തരം അടിയന്തര ഏജൻസികളെ അനാവശ്യമായി വിളിപ്പിക്കുന്നതും അശ്രദ്ധ മൂലം വ്യാജ അലാറങ്ങൾ മുഴങ്ങുന്നതും ഗുരുതരമായ കുറ്റമാണ്. ഫയർഫോഴ്‌സിന്റെ സമയവും വിഭവങ്ങളും നഷ്ടപ്പെടുത്തിയതിന് യുവതിക്ക് 1,900 ഡോളർ അതായത് ഏകദേശം 1,30,000 ഇന്ത്യൻ രൂപ പിഴ ചുമത്തുകയായിരുന്നു.

'ഭക്ഷണം പാകം ചെയ്യുമ്പോൾ അബദ്ധത്തിൽ പുക ഉയർന്ന് അലാറം അടിച്ചതായിരുന്നുവെങ്കിൽ പോലും ഇത്രയും നാണക്കേട് തോന്നുമായിരുന്നില്ല' എന്ന് യുവതി തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നുണ്ട്. ബാത്ത്‌റൂമിലെ എക്സ്ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കാതിരുന്നതാണ് ആവി പുറത്തേക്ക് പടരാൻ കാരണമായത്.

പാശ്ചാത്യ രാജ്യങ്ങളിലെ വീടുകളിലും ഫ്‌ലാറ്റുകളിലും സ്ഥാപിച്ചിട്ടുള്ള സ്‌മോക്ക്/ഹീറ്റ് ഡിറ്റക്ടറുകൾ വളരെ വേഗത്തിൽ പ്രതികരിക്കുന്നവയാണ്. അതിനാൽ ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ആവി പുറത്തേക്ക് കടക്കാതിരിക്കാൻ ബാത്ത്‌റൂം വാതിൽ പൂർണ്ണമായും അടച്ചിടണം. കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴും മുറിക്കുള്ളിലെ ഫാനുകൾ പ്രവർത്തിപ്പിക്കാൻ മറക്കരുത്.

അല്ലെങ്കിൽ കെട്ടിട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ ഇത്തരം വലിയ തുകകൾ പിഴയായി ഒടുക്കേണ്ടി വരും. യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പ്രവാസികളാണ് വിദേശത്തെ സ്‌മോക്ക് അലാറങ്ങൾ കാരണം തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.