ഇന്നും പ്രജക്തയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. അവള് ഇപ്പോഴും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

'ഇതൊരു പുനർജന്മം തന്നെയാണ്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഭക്ഷണം കഴിക്കാനും ഇരിക്കാനും നടക്കാനും തുടങ്ങി ജീവിതത്തിലെ ഓരോ കാര്യവും എനിക്ക് ആദ്യം മുതൽ വീണ്ടും പഠിക്കേണ്ടി വന്നു...'മരണത്തിന്റെ തണുത്ത സ്പർശം തൊട്ടറിഞ്ഞ നിമിഷങ്ങളിൽനിന്ന്, അസാമാന്യമായ ഇച്ഛാശക്തികൊണ്ട് ജീവിതത്തിലേക്ക് നടന്നുകയറിയ പ്രജക്ത ലോട്ടങ്കറുടെ വാക്കുകളാണിത്. 2025 ഫെബ്രുവരി ഏഴിനുണ്ടായ ഒരു ബൈക്ക് അപകടം അവളുടെ ജീവിതത്തെ കീഴ്‌മേൽ മറിച്ചെങ്കിലും, തളർന്നുപോകാൻ പ്രജക്ത തയ്യാറായിരുന്നില്ല. ശ്വാസം പോലും നിലച്ചുപോയ അപകടസ്ഥലത്തുനിന്ന്, ഇന്ന് ലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രതീക്ഷ പകരുന്ന അതിജീവനത്തിന്റെ പ്രതീകമായി മാറിയ പ്രജക്തയുടെ പോരാട്ടകഥ ഏതൊരാളെയും വിസ്മയിപ്പിക്കുന്നതാണ്.
2025 ഫെബ്രുവരി ഏഴിന് കോർപ്പറേറ്റ് കരിയറിലെ പതിവ് തിരക്കുകളുമായി ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു പ്രജക്ത. അന്ന് അപ്രതീക്ഷിതമായി ഓഫീസ് ക്യാബ് നഷ്ടമായി. സമയം വൈകാതിരിക്കാൻ ടൂവീലറിൽ പോകാൻ അവൾ തീരുമാനിച്ചു. എന്നാൽ ആ യാത്ര അവളെ കൊണ്ടെത്തിച്ചത് മരണത്തിന്റെ വക്കിലേക്കായിരുന്നു.
https://www.instagram.com/reel/DQv11-3CEiQ/?utm_source=ig_web_copy_link&srtk=MzRlODBiNWFlZA==
യാത്രയ്ക്കിടെ ഉണ്ടായ ഗുരുതരമായ ബൈക്ക് അപകടത്തിൽ പ്രജക്ത റോഡിലേക്ക് തലയിടിച്ചു വീണു. പിന്നീട് നടന്നതൊന്നും അവളുടെ ഓർമ്മയിലില്ല. നിയന്ത്രണം വിട്ട ബൈക്ക് അവളുടെ ശരീരത്തിന് മുകളിലേക്ക് വീണതോടെ നെഞ്ചിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. കാലുകളിൽ ആഴത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടായി. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു.
ശരീരത്തിൽ നിന്ന് അമിതമായി രക്തം വാർന്നുപോയതോടെ ഹീമോഗ്ലോബിൻ അളവ് അപകടകരമാംവിധം 5-ലേക്ക് താഴ്ന്നു. ഹൃദയമിടിപ്പ് മിനിറ്റിൽ 38 ആയി കുറഞ്ഞു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നേർത്ത നൂൽപ്പാലത്തിലായിരുന്നു ആ നിമിഷം പ്രജക്ത.
അപ്പോഴാണ് അതുവഴി കടന്നുപോയ ഒരു അപരിചിതൻ അവൾക്ക് രക്ഷകനായി എത്തിയത്. ഒട്ടും സമയം പാഴാക്കാതെ അദ്ദേഹം പ്രജക്തയ്ക്ക് സി.പി.ആർ നൽകുകയും, സുഹൃത്തിനൊപ്പം ചേർന്ന് അവളെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആ അപരിചിതന്റെ സമയോചിതമായ ഇടപെടലാണ് പ്രജക്തയ്ക്ക് ജീവൻ തിരികെ നൽകിയത്.
നട്ടെല്ലിലെ കശേരുക്കൾക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ഇത്തരം പരിക്കുകൾ ഏൽക്കുന്നവരിൽ ഭൂരിഭാഗം പേരും ഒന്നുകിൽ മരണപ്പെടും, അല്ലെങ്കിൽ കഴുത്തിന് താഴേക്ക് തളർന്ന് ബാധിച്ച് ജീവിതകാലം മുഴുവൻ കിടപ്പിലാകും. നീണ്ട എട്ട് മണിക്കൂർ നേരം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പ്രജക്തയുടെ കഴുത്തിൽ രണ്ട് പ്ലേറ്റുകളും നിരവധി സ്‌ക്രൂകളും ഘടിപ്പിച്ചു. തലയിൽ 18 തുന്നലുകൾ ഇടേണ്ടിവന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പൊള്ളലേറ്റ തുറന്ന മുറിവുകളുമായി മാസങ്ങളോളം അവൾക്ക് ആശുപത്രിയിലും വീട്ടിലുമായി കഴിയേണ്ടിവന്നു.
കണ്ണുകൾക്ക് ശരിയായ കാഴ്ചയില്ലാത്ത, ശരീരത്തിൽ സ്പർശിക്കുന്നത് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. കണ്ണാടിയിൽ സ്വന്തം മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ഭയമായിരുന്നു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഭക്ഷണം കഴിക്കാനും എഴുന്നേറ്റിരിക്കാനും ചുവടുകൾ വെക്കാനും പ്രജക്തയ്ക്ക് ആദ്യം മുതൽ വീണ്ടും പഠിക്കേണ്ടി വന്നു.
ആശുപത്രി കിടക്കയിൽ തളർന്നുകിടക്കുമ്പോൾ പ്രജക്തയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അമ്മയുടെ കണ്ണീരായിരുന്നു. മകളുടെ അവസ്ഥ കണ്ട് തകർന്നുപോയ ആ അമ്മ, 'ഇനി ആര് നിന്നെ കല്യാണം കഴിക്കും? നിന്റെ ഭാവി എന്താകും?' എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ട് കിടക്കുമ്പോഴാണ് വിവാഹത്തെയും ഭാവിയെയും കുറിച്ചുള്ള അമ്മയുടെ ഈ വാക്കുകൾ പ്രജക്ത കേൾക്കുന്നത്. പക്ഷേ, ആ വാക്കുകൾ അവളെ തളർത്തുന്നതിന് പകരം ഉള്ളിൽ അഗ്‌നി പടർത്തുകയാണ് ചെയ്തത്. അതായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. 'എനിക്ക് എന്റെ കാലിൽ എഴുന്നേറ്റ് നിൽക്കണം, എനിക്ക് സ്വതന്ത്രയാകണം' എന്ന് അവൾ ഉറപ്പിച്ചു.
അന്ന് മുതൽ ഓരോ ദിവസവും വേദനയോടും ക്ഷമയോടും വിശ്വാസത്തോടും കഠിനാധ്വാനത്തോടുമുള്ള പോരാട്ടമായിരുന്നു. ജീവിതത്തിലെ ചെറിയ ചെറിയ മുന്നേറ്റങ്ങളെ അവൾ വലിയ വിജയങ്ങളായി ആഘോഷിച്ചു. യോഗയും ധ്യാനവും അവളുടെ വീണ്ടെടുക്കലിന് കരുത്തേകി.
പതിയെ കരുത്ത് വീണ്ടെടുത്ത പ്രജക്ത, അപകടത്തിന് ശേഷം ആദ്യമായി തന്റെ പൊള്ളലേറ്റ പാടുകൾ മറച്ചുവെക്കാതെ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. 'ആ വീഡിയോ ഡിലീറ്റ് ചെയ്യൂ', എന്തിനാണ് നിന്റെ പാടുകൾ ലോകത്തെ കാണിക്കുന്നത്?','ആളുകൾ നിന്നെ നോക്കി ചിരിക്കും, നിന്നെ വിധിയെഴുതും', 'നിന്നെ ആരും കല്യാണം കഴിക്കില്ല.' തുടങ്ങി ചുറ്റുമുള്ള പലരിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചത്.
ഒരു നിമിഷത്തേക്ക് ആ വാക്കുകൾ അവളുടെ ഉള്ളിൽ തറച്ചുനിന്നു. പക്ഷേ, പൊള്ളലേറ്റവരും മറ്റ് അപകടങ്ങളെ അതിജീവിച്ചവരും ജീവിതപ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുമായ നൂറുകണക്കിന് ആളുകൾ അവൾക്ക് സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. പ്രജക്തയുടെ വീഡിയോ തങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയെന്നും, ജീവിതത്തിലേക്ക് തിരികെ വരാൻ ധൈര്യം പകർന്നെന്നും അവർ പറഞ്ഞു.
'നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമാണെങ്കിൽ, നിങ്ങൾ ആരെയും വേദനിപ്പിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കഥ ഒരാൾക്കെങ്കിലും പ്രതീക്ഷ നൽകുന്നുണ്ടെങ്കിൽ, അത് പങ്കുവെച്ചുകൊണ്ടേയിരിക്കുക. എന്റെ ശരീരത്തിലെ ഈ പാടുകളെക്കുറിച്ച് ഞാൻ ഒരിക്കലും ലജ്ജിക്കില്ല. കാരണം, ഞാൻ മരണത്തെ അതിജീവിച്ചു എന്നതിന്റെ തെളിവുകളാണിവ,' പ്രജക്ത ഉറച്ച സ്വരത്തിൽ പറയുന്നു.
അപകടം തന്നെ എത്രത്തോളം കരുത്തുള്ളവളാണെന്ന് പഠിപ്പിച്ചുവെന്ന് പ്രജക്ത പറയുന്നു. ഉള്ളിലെ ഒളിഞ്ഞിരുന്ന ശക്തി തിരിച്ചറിയാനും, ജീവിതത്തിലെ യഥാർത്ഥ മനുഷ്യർ ആരൊക്കെയാണെന്ന് മനസ്സിലാക്കാനും ഈ പ്രതിസന്ധി കാരണമായി.
'എനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന സമയത്ത് എനിക്കൊപ്പം നിന്ന എന്റെ അമ്മ, അച്ഛൻ, കുടുംബാംഗങ്ങൾ, ഡോക്ടർമാർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർനിങ്ങളോട് നന്ദി പറയാൻ വാക്കുകൾ മതിയാകില്ല. എനിക്ക് തീരെ കരുത്തില്ലാതിരുന്നപ്പോൾ നിങ്ങളെല്ലാവരും എന്റെ ശക്തിയായി മാറി. എല്ലാം ഇരുട്ടിലായെന്ന് തോന്നിയ നിമിഷങ്ങളിൽ നിങ്ങളുടെ പ്രാർത്ഥനകളും സ്‌നേഹവും ഉറക്കമില്ലാത്ത രാത്രികളും പരിചരണവുമാണ് എനിക്ക് പ്രതീക്ഷ നൽകിയത്,' പ്രജക്ത വികാരാധീനയായി കുറിക്കുന്നു.
ഓരോ സന്ദേശവും ഓരോ സന്ദർശനവും ഓരോ നല്ല വാക്കും തന്റെ ഹൃദയത്തിൽ തൊട്ടുവെന്നും, ഓരോ ദിവസവും അല്പാല്പമായി സുഖം പ്രാപിക്കാൻ അത് സഹായിച്ചുവെന്നും അവൾ ഓർമിക്കുന്നു. ഇന്നും പ്രജക്തയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. അവൾ ഇപ്പോഴും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഓരോ ദിവസവും കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഓരോ ശ്വാസത്തിനും, ഓരോ ചെറിയ ചുവടിനും, ഓരോ പുതിയ പ്രഭാതത്തിനും നന്ദി പറഞ്ഞുകൊണ്ട് പ്രജക്ത തന്റെ രണ്ടാം ജന്മം ആഘോഷിക്കുകയാണ്.
Content Highlights: After a life-altering accident, Prajakta Lotankar's determination and strength have inspired countless individuals facing their own life challenges.
Published: 16 Nov 2026, 03:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented