2020-ല്‍ 'ദി ആക്സിഡന്റല്‍ ഷെഫു'മായി കൈകോര്‍ത്തുകൊണ്ട് ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തേക്കും അവര്‍ ചുവടുവെച്ചു

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മുംബൈയിലെ പ്രശസ്തമായ വസതി ജൽസയുമായി ബന്ധപ്പെട്ട സ്വത്ത് തർക്കങ്ങൾ ചർച്ചയാകുമ്പോൾ, അതിന്റെ കേന്ദ്രബിന്ദുവായി ഉയർന്നുകേൾക്കുന്ന പേരാണ് രമോള ബച്ചന്റേത്. ബംഗ്ലാവ് അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന് കൈമാറിയ 1993-ലെ സമ്മാന രേഖയെ ചോദ്യം ചെയ്തുകൊണ്ട് അമിതാഭിന്റെ സഹോദരൻ അജിതാഭ് ബച്ചന്റെ മുൻ ഭാര്യ റമോള ബച്ചൻ രംഗത്തെത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധ നേടിയത്. അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ മുൻ ഭാര്യ എന്നതിലുപരി, ഫാഷൻ, മാധ്യമം, നിയമം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് രമോള.
ബച്ചൻ കുടുംബവുമായുള്ള ബന്ധം
സിനിമാ ലോകത്തേക്കാൾ ബിസിനസ് രംഗം തിരഞ്ഞെടുത്ത അമിതാഭ് ബച്ചന്റെ സഹോദരൻ അജിതാഭ് ബച്ചനെയാണ് രമോള വിവാഹം കഴിച്ചത്. അമിതാഭിന്റെയും ജയ ബച്ചന്റെയും വിവാഹത്തിന് മുൻകൈ എടുത്തവരിൽ പ്രമുഖയും ബച്ചൻ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായിരുന്നു രമോള. അജിതാഭ്-രമോള ദമ്പതികൾക്ക് ഭീം, നമ്രത, നൈന, നിലിമ എന്നിങ്ങനെ നാല് മക്കളാണുള്ളത്. ഇവരിൽ നൈന ബച്ചൻ ബോളിവുഡ് നടൻ കുനാൽ കപൂറിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
അജിതാഭ് ബച്ചനെ പരിചയപ്പെടുന്നതിനും മുമ്പേ അമിതാഭുമായി രമോളയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. 2002-ൽ റെഡിഫി'ന നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം ഓർമ്മിച്ചിട്ടുണ്ട്. 'സിനിമയിൽ എത്തുന്നതിന് മുമ്പ് അമിതാഭ് കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഒരേ സൗഹൃദവലയത്തിലായിരുന്ന ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അമിതാഭിലൂടെയാണ് ഞാൻ അജിത്തിനെ കണ്ടുമുട്ടിയത്,' രമോള അന്ന് വ്യക്തമാക്കി.
1973-ലായിരുന്നു രമോളയും അജിതാഭും തമ്മിലുള്ള വിവാഹം. അതേ വർഷം തന്നെയാണ് അമിതാഭ് ബച്ചൻ ജയ ബച്ചനെ വിവാഹം കഴിച്ചതും. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ താരകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും, സിനിമാ ലോകത്തെ വെള്ളിവെളിച്ചത്തിൽ നിന്ന് വിട്ടുനിന്ന് സ്വന്തമായൊരു കരിയർ കെട്ടിപ്പടുക്കാനാണ് രമോള എപ്പോഴും ശ്രമിച്ചത്.
വർഷങ്ങൾ നീണ്ട ദാമ്പത്യത്തിന് ശേഷം അജിതാഭും രമോളയും വേർപിരിഞ്ഞു. ഇപ്പോൾ മുംബൈയിലെ ജൽസ വസതിയുമായി ബന്ധപ്പെട്ട് പുതിയ സ്വത്ത് തർക്കങ്ങൾ വാർത്തകളിൽ ഇടംപിടിക്കുമ്പോൾ, ബച്ചൻ കുടുംബത്തിന്റെ ചരിത്രത്തിലെ നിർണായക കണ്ണിയായിരുന്ന രമോള ബച്ചന്റെ പേരും വീണ്ടും ചർച്ചയാവുകയാണ്.
1947-ൽ കൊൽക്കത്തയിലായിരുന്നു രമോളയുടെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിലും രാഷ്ട്രീയത്തിലും ബിരുദം നേടിയ ശേഷം അമേരിക്കയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ഉന്നതപഠനം പൂർത്തിയാക്കി. പിന്നീട് ലണ്ടനിൽ സോളിസിറ്ററായും അവർ പരിശീലനം നേടി. കരിയറിന്റെ തുടക്കകാലത്ത് എയർ ഹോസ്റ്റസായി ജോലി ചെയ്തുകൊണ്ടാണ് രമോള തന്റെ പ്രൊഫഷണൽ യാത്രയ്ക്ക് തുടക്കമിട്ടത്.
ടെലിവിഷൻ, ഫാഷൻ, ഇവന്റ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് അവരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു. ലണ്ടനിലെ ടിവി ഏഷ്യയിൽ അവതാരകയായി പ്രവർത്തിച്ച കാലയളവ് ഏറെ ശ്രദ്ധേയമായിരുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ, സംഗീത ഇതിഹാസം പണ്ഡിറ്റ് രവിശങ്കർ തുടങ്ങിയ ലോകപ്രശസ്ത വ്യക്തിത്വങ്ങളെ അവർ അഭിമുഖം ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഫാഷൻ, ബിസിനസ് രംഗങ്ങളിൽ റമോള സജീവമായി. ഫസ്റ്റ് റിസോർട്ട് എന്ന പേരിൽ സ്വന്തമായി റിസോർട്ട്-വെയർ ഫാഷൻ ലേബൽ ആരംഭിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ആർ.ബി.സി ഇവന്റ്‌സ് സ്ഥാപിക്കുകയും രാജ്യത്തെ പ്രമുഖ ഫാഷൻ-ലൈഫ്സ്‌റ്റൈൽ എക്‌സിബിഷനുകളുടെ സംഘാടകയായി മാറുകയും ചെയ്തു. 2020-ൽ 'ദി ആക്‌സിഡന്റൽ ഷെഫു'മായി കൈകോർത്തുകൊണ്ട് ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തേക്കും അവർ ചുവടുവെച്ചു.
ജൽസയിലെ സ്വത്ത് തർക്കം?
ജൽസ ബംഗ്ലാവ് ആദ്യം തന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത് എന്നും, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയ ബച്ചന്റെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറിയതെന്നുമാണ് രമോള ബച്ചന്റെ ആരോപണം. കഴിഞ്ഞ ഏഴ് മാസമായി രമോള നൽകിയ നിരവധി പരാതികളെ തുടർന്ന് മുംബൈ അന്ധേരിയിലെ സഹകരണ സംഘങ്ങളുടെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് മുമ്പാകെ ഈ വിഷയത്തിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്.
കപോൾ ഹൗസിംഗ് സൊസൈറ്റി രേഖകളിൽ ജയ ബച്ചനാണ് ഉടമയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മഹാരാഷ്ട്ര സർക്കാരിന്റെ ഔദ്യോഗിക പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും രമോള ബച്ചന്റെ പേരാണ് ഉള്ളതെന്നതാണ് തർക്കത്തെ സങ്കീർണ്ണമാക്കുന്നത്. 1993-ലെ സമ്മാന രേഖയുടെ നിയമസാധുതയെയും രമോള ചോദ്യം ചെയ്യുന്നു. സ്റ്റാമ്പ് ഡ്യൂട്ടിയോ സാക്ഷികളുടെ ഒപ്പുകളോ ഇല്ലാതെ സാധാരണ വെള്ളക്കടലാസിലാണ് ഈ രേഖ തയ്യാറാക്കിയതെന്നും, പിന്നീട് മഹാരാഷ്ട്ര സർക്കാരിന്റെ അഭയ് യോജന പദ്ധതി പ്രകാരം ഇത് ക്രമീകരിച്ചെടുക്കുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. ഉടമസ്ഥാവകാശ തർക്കത്തിൽ അധികാരികൾ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
Content Highlights: Ramola Bachchan, once married to Amitabh's brother, shares a deep connection with the Bachchan family, influencing key events in their lives.
Published: 16 Nov 2026, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented