രണ്ട് ദിവസത്തെ ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തിയത്. ഇസ്രയേലിൽ വെച്ച് മോദിയെ കണ്ടതിന്റെ ആവേശം പങ്കുവെക്കുകയാണ് ഇന്ത്യക്കാരിയായ ഒരു യുവതി. റിവിറ്റൽ മോസസ് എന്ന യുവതിയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. മോദിയെ കണ്ടത് വൈകാരികമായ നിമിഷമായിരുന്നുവെന്ന് ഇവർ വീഡിയോയിൽ പറഞ്ഞു. യുവതിയുടെ വീഡിയോ ഇതിനകം വൈറലായി.

To advertise here,

'ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ടു. ഈ മനുഷ്യനാണ് 150 കോടി ജനങ്ങളുള്ള രാജ്യത്തെ നയിക്കുന്നത്. ഈ മനുഷ്യനാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നയിക്കുന്നത്. അദ്ദേഹത്തെ വ്യക്തിപരമായി കാണാനും എന്റെ ചില ചിന്തകൾ അദ്ദേഹവുമായി പങ്കുവെക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. അതൊരു അവിശ്വസിനീയമായ നിമിഷമായിരുന്നു.' -റിവിറ്റൽ മോസസ് വീഡിയോയിൽ പറഞ്ഞു.

'ഇസ്രയേലി പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗം. അത് ഗംഭീരമായിരുന്നു. ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ തിളങ്ങിയ ഇസ്രയേലി പാർലമെന്റിൽ അദ്ദേഹത്തെ കണ്ടത് വൈകാരികമായ നിമിഷമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. അടുത്ത പത്ത് വർഷങ്ങൾ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റേതാണ്. നമ്മൾ തുടങ്ങിയിട്ടേയുള്ളൂ.' -യുവതി പറഞ്ഞുനിർത്തി. ഇതിനകം ഒന്നരലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ കമന്റുകളുമിട്ടു.