മിക്കവരും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വിവാഹം ആഘോഷപൂര്‍വം നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും വിവാഹം ആര്‍ഭാടമായി നടത്തുമ്പോള്‍ അനുകരിക്കാന്‍ പലരും ശ്രമിക്കാറുമുണ്ട്. ഇതോടെ മിക്കവരുടേയും സമ്പാദ്യം ഒറ്റ ആഘോഷത്തോടെ തീര്‍ന്നുപോകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നിക്ഷേപകയും കോടീശ്വരിയുമായ സിമ്രാന്‍ കൗര്‍.

To advertise here,

ഏറ്റവും കുറഞ്ഞ ചെലവില്‍ വിവാഹനിശ്ചയ ചടങ്ങായ 'റോക്ക' നടത്തിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിമ്രാന്‍. റോക്ക ചടങ്ങിന്റെ ചെലവ് 5000 ഡോളറില്‍ ((ഏകദേശം 4.2 ലക്ഷം രൂപ) കൂടുതലാകരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നെന്നും അതിന് അനുസരിച്ചുള്ള ബജറ്റിലാണ് മേക്കപ്പും വസ്ത്രങ്ങളും തിരഞ്ഞെടുത്തതെന്നും സിമ്രാന്‍ പറയുന്നു. പണം കൂടുതല്‍ ചെലവഴിച്ച് ആഡംബരം കൂട്ടുക എന്നതിന് പകരം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷകരമായ ഒത്തുചേരലിനാണ് താന്‍ പ്രാധാന്യം നല്‍കിയതെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ചടങ്ങിനായുള്ള വസ്ത്രം ഇന്ത്യക്കാരനായ ഒരു ഹോള്‍സെയ്ല്‍ വസ്ത്രവ്യാപാരിയില്‍ നിന്നാണ് വാങ്ങിയത്. ഏകദേശം 25000 രൂപയായിരുന്നു ഇതിന്റെ വില. വജ്രവും സ്വര്‍ണവും ഒഴിവാക്കി 3000 രൂപയുടെ ഫാന്‍സി ആഭരണങ്ങളാണ് അണിഞ്ഞത്. വലിയ ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും ഒഴിവാക്കി. പകരം മാതാപിതാക്കളുടെ വീട്ടില്‍ ചടങ്ങ് നടത്തി. വിവാഹത്തിനായി ടെന്റ് വാടകയ്ക്ക് എടുത്തു. പ്രതിശ്രുത വരന്റെ കുടുംബത്തിന്റെ കൈവശം ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മേശകളുണ്ടായിരുന്നു. വേദി അലങ്കരിച്ചത് പ്ലാസ്റ്റിക്ക് പൂക്കള്‍ കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ അലങ്കാരപ്പണികളെല്ലാം 3000 രൂപയ്ക്കുള്ളില്‍ ഒതുങ്ങി. ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തിനാണ് കൂടുതല്‍ പണം ചെലവായത്. അതില്‍ വിട്ടുവീഴ്ചയൊന്നും ചെയ്തില്ല. ചടങ്ങില്‍ മദ്യം വിളമ്പാത്തതിനാല്‍ ആ പണം കൂടി നല്ല ഭക്ഷണത്തിനായി വിനിയോഗിച്ചു. ഹെയര്‍സ്‌റ്റൈലിനും മേക്കപ്പിനുമായി മുപ്പതിനായിരത്തോളം രൂപ ചെലവായി. മെഹന്ദിക്ക് 3000 രൂപയാണ് നല്‍കിയത്. സമ്മാനങ്ങള്‍ കൊണ്ടുവരരുതെന്ന് അതിഥികള്‍ക്ക് നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു.'-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ സിമ്രാന്‍ പറയുന്നു. 

സാമൂഹിക മാധ്യമത്തിലെ ആഡംബരം യഥാര്‍ഥ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ വിവാഹത്തിനുശേഷം മനസമാധാനം നഷ്ടപ്പെട്ട് സമ്മര്‍ദം അനുഭവിക്കേണ്ടി വരുമെന്നും പിന്നീടങ്ങോട്ട് ജീവിക്കാനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമെന്നും സിമ്രാന്‍ പറയുന്നു. സാമ്പത്തികാവസ്ഥ അനുസരിച്ച് ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മാതാപിതാക്കളും വിവാഹിതരാകാന്‍ പോകുന്നവരും തയ്യാറാകണമെന്നും അവര്‍ കുറിച്ചു. സാമ്പത്തിക അച്ചടക്കത്തോടെ ജീവിതത്തിലെ മനോഹരമായ ഒരു നാഴികക്കല്ല് ആഘോഷിക്കാന്‍ കഴിയുന്നതിന്റെ ഓര്‍മപ്പെടുത്തലാണ് തന്റെ ഈ പോസ്‌റ്റെന്നും അവര്‍ പറയുന്നു. 

ന്യൂസീലന്‍ഡില്‍ താമസിക്കുന്ന സിമ്രാന്‍ നേത്രരോഗ വിദഗ്ദ്ധ കൂടിയാണ്. ഫോബ്‌സിന്റെ അണ്ടര്‍ 30 പട്ടികയില്‍ ഇടം നേടിയിട്ടുള്ള സിമ്രാന്‍ 'ഗേള്‍സ് ദാറ്റ് ഇന്‍വെസ്റ്റ്' എന്ന പോഡ്കാസ്റ്റ് ഷോയുടെ അവതാരക കൂടിയാണ്.