വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ചടങ്ങിനിടെ വധൂവരന്മാര്‍ പിടിച്ചിരുന്ന ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചു. ഹല്‍ദിയിലേക്കുള്ള 'ഗ്രാന്‍ഡ് എന്‍ട്രി'ക്കുവേണ്ടി ഒരുക്കിയ ബലൂണുകളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ വധൂവരന്മാര്‍ക്ക് പൊള്ളലേറ്റു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

To advertise here,

കൈയില്‍ ഹൈഡ്രജന്‍ ബലൂണുകളുമേന്തി വരുന്ന വധൂവരന്മാരാണ് വീഡിയോയിലുള്ളത്. ഇവര്‍ക്കൊപ്പം കളര്‍ ഗണ്ണുകളുമായി മറ്റുചിലരുമുണ്ടായിരുന്നു. കളര്‍ ഗണ്ണുകള്‍ മുകളിലെ ബലൂണുകള്‍ക്കുനേരെ തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. കളര്‍ ഗണ്ണില്‍ നിന്നുള്ള ചൂടേറ്റാണ് ബലൂണുകള്‍ ഒറ്റയടിക്ക് പൊട്ടിത്തെറിച്ചത്.

വധുവായ ടാനിയയ്ക്ക് മുഖത്തും പുറത്തുമാണ് പൊള്ളലേറ്റത്. വരന്‍ കുശാഗ്രയുടെ വിരലുകള്‍ക്കും പുറത്തും പൊള്ളലേറ്റു. ഇരുവരുടേയും മുടിയുടെ ഭാഗങ്ങളും പൊട്ടിത്തെറിയില്‍ കരിഞ്ഞുപോയി. കുടുംബത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ ഇരുവരും ഉടന്‍ തന്നെ പ്രാഥമിക ചികിത്സ തേടി. വധൂവരന്മാര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വൈറല്‍ ട്രെന്‍ഡുകളുടെ പിന്നാലെ പോകുമ്പോള്‍ ജാഗ്രത വേണമെന്ന ഉപദേശവും ഇവര്‍ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചു.

 

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ ദിവസത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. രസകരമാകേണ്ടിയിരുന്ന ഹല്‍ദി എന്‍ട്രി ഞങ്ങള്‍ക്ക് ഭയാനകമായ നിമിഷങ്ങളായി മാറി. ഞങ്ങള്‍ ഈ റീല്‍ പങ്കുവെക്കുന്നത്, സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ വൈറല്‍ ട്രെന്‍ഡുകള്‍ എത്രത്തോളം അപകടകരമായേക്കാം എന്ന ബോധവത്കരണത്തിനായാണ്.' -വധൂവരന്മാര്‍ പോസ്റ്റില്‍ കുറിച്ചു.