ജോലിക്കായുള്ള അഭിമുഖത്തില്‍ എച്ച്ആര്‍ മാനേജര്‍ അനുചിതമായ ചോദ്യം ചോദിച്ചെന്ന് യുവതി. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി ഇക്കാര്യം പോസ്റ്റ് ചെയ്തത്. വിചിത്രവും നിയമവിരുദ്ധവുമായ കാര്യമാണ് എച്ച്ആര്‍ ചോദിച്ചതെന്ന് യുവതി പറയുന്നു. ഐടി കമ്പനിയിലെ ജോലിക്കായുള്ള അവസാന വട്ട ഇന്റര്‍വ്യൂവിലാണ് ദുരനുഭവമുണ്ടായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

To advertise here,

ഇടത്തരം സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ സീനിയര്‍ ഡെവലപ്പര്‍ തസ്തികയിലേക്കായിരുന്നു അഭിമുഖം നടത്തിയത്. ടെക്‌നിക്കല്‍ അസസ്‌മെന്റും മാനേജ്‌മെന്റ് ഇന്റര്‍വ്യൂവും വളരെ നന്നായാണ് അവസാനിച്ചത്. ശമ്പളത്തിന്റെ കാര്യത്തില്‍ പോലും ധാരണയായിരുന്നു. എല്ലാത്തിനുമൊടുവിലായിരുന്നു എച്ച്ആറിന്റെ നിയമവിരുദ്ധമായ ചോദ്യമെന്നും യുവതി പോസ്റ്റില്‍ പറഞ്ഞു. 

അഭിമുഖത്തിന്റെ അവസാനമാണ് എച്ച്ആറിന്റെ ഭാഗത്തുനിന്ന് ചോദ്യമുണ്ടായത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രസവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നായിരുന്നു എച്ച്ആറിന്റെ ചോദ്യം. ഇതുകെട്ട് താന്‍ ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. 'അസ്വസ്ഥമായ മൗനത്തിന് ശേഷം ഞാന്‍ അവരോട് ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കാന്‍ പറഞ്ഞു. ചോദ്യം ഞാന്‍ തെറ്റായി കേട്ടുവെന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല. ടീം പ്ലാനിങ്ങിനുവേണ്ടി നിങ്ങളുടെ കുടുംബാസൂത്രണത്തെ കുറിച്ച് അറിയണമെന്ന് അവര്‍ പറഞ്ഞു.' -യുവതി കുറിച്ചു. 

'ഇതിന് ഉത്തരം നല്‍കുന്നത് കംഫര്‍ട്ടബിള്‍ അല്ല എന്ന് വിനയത്തോടെ ഞാന്‍ പറഞ്ഞു. അനുചിതവും നിയമവിരുദ്ധവുമായ ചോദ്യമായിരുന്നു അത്. എന്റെ പ്രതികരണം കേട്ട് അവര്‍ അമ്പരന്നുപോയി. ആ അഭിമുഖത്തിന്റെ പോസിറ്റീവ് വൈബ് മുഴുവന്‍ ആവിയായിപ്പോയി. ഇത്തരം ചോദ്യങ്ങള്‍ സ്വീകാര്യമാകുന്ന ഒരു കമ്പനിയുടെ സംസ്‌കാരത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞു.' -യുവതി പറഞ്ഞു. 

ഇക്കാര്യത്തില്‍ പരാതി നല്‍കണോ അതോ അവഗണിച്ച് അടുത്ത അവസരം നോക്കി മുമ്പോട്ട് പോകണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് താനെന്നും യുവതി കൂട്ടിച്ചേര്‍ത്തു. റെഡ്ഡിറ്റില്‍ ഉടന്‍ തന്നെ പോസ്റ്റ് വൈറലായി. ഒട്ടേറെ പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്തത്. പരാതി നല്‍കണമെന്നാണ് ഭൂരിഭാഗം പേരും യുവതിയെ ഉപദേശിച്ചത്. തനിക്കും സമാനമായ അനുഭവമുണ്ടായെന്നും അന്ന് താന്‍ പരാതി നല്‍കിയെന്നും എന്നാല്‍ അത് എങ്ങുമെത്തിയില്ലെന്നുമാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.