മാസം 2.2 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും സമ്പാദ്യമുണ്ടാക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ദമ്പതിമാർ. മുംബൈയിൽ നിന്നുള്ള ദമ്പതിമാരാണ് സാമൂഹികമാധ്യമമായ റെഡ്ഡിറ്റിൽ തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ പങ്കുവെച്ചത്. തങ്ങളുടെ ചെലവുകൾ എന്തൊക്കെയാണെന്ന് ഇരുവരും പങ്കുവെച്ചു. പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

To advertise here,

വീട്ടുവാടകയാണ് ഏറ്റവും വലിയ ചെലവെന്ന് പോസ്റ്റിൽ പറയുന്നു. ഇരുവരും താമസിക്കുന്ന ഒറ്റമുറി അപ്പാർട്ട്‌മെന്റിന് 44,000 രൂപയാണ് വാടക. അതായത് വരുമാനത്തിന്റെ 20 ശതമാനം വാടകയായാണ് പോകുന്നത്. എന്നാൽ മുംബൈയെ സംബന്ധിച്ച് ന്യായമായ വാടകയാണ് ഇതെന്നാണ് പലരും പറയുന്നത്.

പലചരക്ക് സാധനങ്ങൾക്കായി 20,000 രൂപ, വീട്ടുജോലിക്കാർക്ക് 8000 രൂപ, 3000 മുതൽ 4000 രൂപ വരെ പാചകവാതകം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ എന്നിവയാണ് മറ്റ് ചെലവുകൾ. കൂടാതെ യാത്ര, വൈദ്യുതി തുടങ്ങിയവയ്ക്ക് 10000 രൂപ മുതൽ 12000 രൂപ വരെയാണ് മാസചെലവ്. വിനോദം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 12000 മുതൽ 13000 രൂപ വരെയും ചെലവുണ്ട്.

നിക്ഷേപത്തിലേക്കാണ് വരുമാനത്തിന്റെ സിംഹഭാഗവും പോകുന്നത്. 60,000 രൂപയാണ് വിവിധ എസ്‌ഐപികളിലായി നിക്ഷേപിക്കുന്നത്. എന്നാൽ ഇത് മികച്ച സമ്പാദ്യമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സമ്പാദ്യമുണ്ടെന്ന് തോന്നില്ലെങ്കിലും ഇത്തരം നിക്ഷേപമുള്ള ദമ്പതിമാർ ശക്തമായ സമ്പാദ്യമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് പലരും കമന്റിട്ടത്.

നിരവധി പേരാണ് പോസ്റ്റിൽ കമന്റുകളിട്ടത്. നിക്ഷേപരൂപത്തിൽ ഭാവിയിലേക്ക് സമ്പാദ്യമുണ്ടെങ്കിലും പണമായി കൈയിൽ ഇല്ലാത്തതാണ് നിങ്ങളുടെ പ്രശ്‌നമെന്നാണ് ഒരാൾ ചൂണ്ടിക്കാട്ടിയത്. കുറച്ചുകാലത്തേക്ക് നിക്ഷേപത്തുക കുറയ്ക്കണമെന്നും ആ പണം പണമായി തന്നെ അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും അങ്ങനെ കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും അടിയന്തര ഫണ്ടായി സൂക്ഷിക്കണമെന്നുമാണ് കമന്റിലെ ഉപദേശം.