പുതിയ വാഹനം വാങ്ങാൻ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം വരുമെന്നത് മനസിലാക്കാം. എന്നാൽ, ഒരു വാഹനം എടുക്കാൻ 24 ആളുകൾ വരുന്നത് കുറച്ച് ഓവറാണ്.

ഒരു വാഹനം സ്വന്തമാക്കുകയെന്നത് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. ഈ വാഹനം ഏറ്റുവാങ്ങുന്ന ദിവസം ഒരു ആഘോഷമാക്കാനും ആളുകൾ ശ്രമിക്കാറുണ്ട്. ഒരു കുടുംബത്തിലെ ആളുകൾ ഒരുമിച്ച് എത്തി വാഹനം സ്വീകരിക്കുന്നതാണ് പതിവ് കാഴ്ച. എന്നാൽ, ഒരു വാഹനം എടുക്കാൻ ആ കുടുംബത്തിനൊപ്പം ബന്ധുക്കൾ മുഴുവൻ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഒരു വാഹനത്തിന്റെ ഡെലിവറിക്കായി 24 പേർ ഷോറൂമിൽ എത്തിയതിനെ തുടർന്ന് മറ്റ് ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് ആ കുറിപ്പിന് അടിസ്ഥാനം. ഇത്രയധികം ആളുകൾ ഒരു വാഹനത്തിന്റെ ഷോറൂമിൽ എത്തിയതോടെ പുതിയ വാഹനം സ്വന്തമാക്കാനെത്തുന്ന മറ്റ് ആളുകളുടെ സന്തോഷത്തിന് പോലും മങ്ങലേറ്റിട്ടുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്.
വാഹനം ഡെലിവറി എടുക്കാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് മഹീന്ദ്ര ശ്രദ്ധിക്കണമെന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. അടുത്തിടെ ഞാനും മൂന്നുപേരടങ്ങുന്ന എന്റെ കുടുംബവും ഥാർ റോക്‌സ് എടുക്കാൻ മഹീന്ദ്രയുടെ ഷോറൂമിൽ പോയിരുന്നു. വാഹനം സ്വന്തമാക്കുന്നതിന്റെ എല്ലാ ആകാംക്ഷയും ആനന്ദവുമുണ്ടായിരുന്നു. ഡെലിവറി ചടങ്ങ് പ്രത്യേകതകൾ നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
അതേസമയം, മറ്റൊരു ഉപയോക്താവ് കൂടി വാഹനം എടുക്കാൻ എത്തിയിരുന്നു. ഒരു വാഹനം സ്വന്തമാക്കാൻ 24 പേരാണ് അയാളുടെ കൂടെ എത്തിയത്. പുതിയ വാഹനം വാങ്ങാൻ ആളുകൾ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം വരുമെന്നത് മനസ്സിലാക്കാം. അതിൽ ഒരു തെറ്റുമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ, ഒരു വാഹനം എടുക്കാൻ 24 ആളുകൾ വരുന്നത് കുറച്ച് ഓവറാണ്. അവരുടെ വാഹനം ഏറ്റുവാങ്ങിയ ശേഷവും ഒരു മണിക്കൂറോളം ആ വലിയ സംഘം ഷോറൂമിൽ തന്നെയുണ്ടായിരുന്നു.
ഷോറൂമിലെ ജീവനക്കാരുടെ ശ്രദ്ധ ഇവരെ നിയന്ത്രിക്കുന്നതിലും ഇവർക്ക് ഫോട്ടോ എടുത്ത് നൽകുന്നതിലേക്കുമായതോടെ ചെറിയ സംഘമായെത്തിയ ഉപയോക്താക്കൾക്ക് വീണ്ടും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. വിമർശിക്കുന്നത് ഷോറൂം ജീവനക്കാരെയല്ല, മറിച്ച് ഇത്രയും അധികം ആളുകളുമായി വണ്ടിയെടുക്കാനെത്തിയ ആ ഉപയോക്താവിനെ തന്നെയാണെന്നാണ് റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നത്.
ജീവനക്കാർ അവരുടെ ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ഒരു ഉപയോക്താവിന്റെ കൂടെയെത്തിയ ആളുകളുടെ ആധിക്യം ഈ ജീവനക്കാരുടെ സമയവും അധ്വാനവുമെല്ലാം അവർക്കായി ഉപയോഗിക്കുകയാണ് ചെയ്തത്. വാഹന ഡെലിവറിക്ക് ഷോറൂമിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ ന്യായമായ ഒരു പരിധി വെക്കാൻ മഹീന്ദ്ര ആലോചിക്കണം. നാല് അല്ലെങ്കിൽ അഞ്ച് എന്നത് മാന്യമായ പരിധിയായിരിക്കുമെന്നുമാണ് കുറിപ്പിൽ പറയുന്നത്.
Content Highlights: A Reddit user shared an incident where 24 people accompanied a buyer for a Mahindra vehicle delivery., The large crowd caused delays and inconvenience for other customers at the showroom., The post suggests that Mahindra should implement a reasonable limit on the number of people allowed during vehicle delivery ceremonies.
Published: 08 Nov 2026, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented