സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും അസ്വസ്ഥമാക്കുകയുമൊക്കെ ചെയ്യുന്ന പലവിധ കാഴ്ചകൾ നമ്മൾ സാമൂഹികമാധ്യമങ്ങളിലൂടെ കാണാറുണ്ട്. വ്യക്തികൾ പല രീതിയിൽ വിലയിരുത്തപ്പെടുന്ന ഇടമാണ് സൈബറിടം. ചിലരെ വാനോളം പുകഴ്ത്തുകയും ചിലപ്പോൾ ഇകഴ്ത്തുകയും ചെയ്യുന്നു. ഇവിടെയിതാ റോഡിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ പഴയ സഹപാഠിയായ ഒരു ഡോമിനോസ് പിസ്സ ഡെലിവറി ബോയിയെ ഒരു പെൺകുട്ടി കളിയാക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. 

To advertise here,

എക്സിൽ വിവിധ അക്കൗണ്ടുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.  ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സന്തോഷം പ്രകടിപ്പിക്കുന്നതിന് പകരം പരിഹസിക്കുകയാണ് പെൺകുട്ടി. പണ്ട് എല്ലാവരേയും പഠിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്ത് ഇപ്പോൾ 30-ാം വയസിൽ പീസ്സ ഡെലിവറി ചെയ്യുകയാണോ എന്ന് ചോദിച്ചുകൊണ്ടാണ് പരിഹാസം. യുവാവിന്റെ മുഖം വ്യക്തമായി കാണും വിധമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ചോദ്യത്തെ തുടർന്നുണ്ടായ ജാള്യത മറയ്ക്കാൻ യുവാവ് പാടുപെടുന്നത് വീഡിയോയിൽ കാണാം. സ്കൂളിലെ മറ്റ് സുഹൃത്തുക്കളുമായി ഈ വീഡിയോ പങ്കുവെക്കുമെന്നും പെൺകുട്ടി പറയുന്നുണ്ട്.

എല്ലാം വെറും സൃഷ്ടി

എന്നാൽ ഈ വീഡിയോ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന വിശദീകരണവുമായി സുഹൃത്തുക്കൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ കിട്ടിയെന്ന് അവകാശപ്പെട്ട് വീഡിയോയിൽ കണ്ട യുവാവും പശ്ചാത്തലത്തിൽ സംസാരിച്ചിരുന്ന പെൺകുട്ടിയും വീഡിയോ പങ്കുവെച്ചു.

വീഡ‍ിയോ യഥാർത്ഥമെന്ന് കരുതിയ സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ ഗൗരവതരമായ പ്രതികരണങ്ങളാണ് നടത്തിയത്.

ഒരു സെക്കന്റ് പോലും ഒന്ന് ആലോചിക്കാൻ നിക്കാതെ അവൾ ചിരിക്കുകയായിരുന്നുവെന്ന് വീഡിയോ പങ്കുവെച്ച സാഫ്രോൺ ചാർജേഴ്സ്  എന്ന ക്രിയേറ്റർ ഒപ്പം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആൺകുട്ടികളുടെ ജീവിതം അത്ര എളുപ്പമല്ല, ചിലപ്പോൾ വളരെ നേരത്തെ തന്നെ ഉത്തരവാദിത്വങ്ങൾ വന്നേക്കാം, സ്വപ്നങ്ങൾ കുഴിച്ചുമൂടപ്പെട്ടേക്കാം, സ്വാഭിമാനം പരീക്ഷിക്കപ്പെട്ടേക്കാം. പീസ്സ ഡെലിവറി ചെയ്യുന്നത് അത്ര നാണക്കേടുള്ള കാര്യമല്ല, എന്നാൽ മറ്റൊരാളുടെ പ്രയാസങ്ങളെ കളിയാക്കുന്നത് നാണക്കേടാണ്. ആൺകുട്ടിയായിരിക്കുക എളുപ്പമല്ല എന്നും കുറിപ്പിൽ പറയുന്നു.

നീ ആരായാലും ഒരു ഹീറോയാണ്. നീ ഒരു യഥാർത്ഥ നായകനാണ്. ആർക്കും ഭാരമാകാതെ സത്യസന്ധമായി അധ്വാനിച്ച് നീ സമ്പാദിക്കുന്നു. ഒരു ജോലിയും ചെറുതോ വലുതോ അല്ല. നീ ഒരു യഥാർത്ഥ പോരാളിയാണ്. നിനക്ക് എന്റെ ആദരം" എന്നാണ് ഒരു എക്സ് യൂസറുടെ കമന്റ്.

"ഒരു സഹപാഠിയെ കാണുമ്പോൾ അയാളോട് ഒരിക്കലും എന്താണ് ചെയ്യുന്നതെന്ന് ചോദിക്കരുത്, പരസ്പരം കണ്ടതിന്‍റെ സന്തോഷം മാത്രം പങ്കുവെക്കുക" എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.