രണ്ടരലക്ഷത്തോളം പേരാണ് പോസ്റ്റ് ഇതിനകം കണ്ടത്

തങ്ങളുടെ മുൻ തലമുറകളിലുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തരാണ് ജെൻ സി തലമുറയിൽ പെട്ടവർ (1997-നും 2012-നും ഇടയിൽ ജനിച്ചവർ). ചാറ്റിലേയും നേരിട്ടുമുള്ള സംസാരഭാഷ മുതൽ എല്ലാ കാര്യങ്ങളിലും തനതായ ശൈലി പുലർത്തുന്നവരാണ് ജെൻ സികൾ. ഓഫീസുകളിലെ ജെൻ സി ജീവനക്കാരുടെ രസകരമായ രീതികൾ പങ്കുവെക്കുകയാണ് ഒരു യുവതി. ശീതൾ റിജ്വാനി എന്ന യുവതിയാണ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
ടോക്‌സിക്കായ തൊഴിൽ സംസ്‌കാരത്തെ മാറ്റിമറിക്കുന്നത് ജെൻ സി തലമുറയായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ശീതൾ പോസ്റ്റ് തുടങ്ങുന്നത്. തുടർന്ന് തന്റെ ജെൻ സി കസിൻ പറഞ്ഞ ഓഫീസ് അനുഭവങ്ങൾ ശീതൾ പങ്കുവെച്ചു. ഓഫീസിൽ ജെൻ സി ജീവനക്കാർ മാത്രമുള്ള ഗ്രൂപ്പ് ഉണ്ടെന്ന് കസിൻ പറഞ്ഞതായി ശീതൾ പറഞ്ഞു.
അവർ എല്ലാവരും ഒന്നിച്ചാണ് ഓഫീസിൽ നിന്നിറങ്ങുക. അതും കൃത്യസമയത്ത്. അവർ ആരും മാനേജരുടെ പ്രീതി പിടിച്ചുപറ്റാനായി ഒരു നിമിഷം പോലും അധികം ഓഫീസിൽ തുടരില്ല. വാരാന്ത്യങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട കോളുകൾ ജെൻ സി ജീവനക്കാർ എടുക്കുക പോലുമില്ല. മാനേജർ മോശമായി പെരുമാറിയാൽ അവർ അക്കാര്യം എച്ച്ആറിൽ റിപ്പോർട്ട് ചെയ്യും. എച്ച്ആർ മാനേജരെ വഴക്ക് പറയും; അല്ലാതെ അവരെയല്ല -ശീതൾ പറയുന്നു.
'ഒരുദിവസം ഓഫീസിലെ എസി പണിമുടക്കി. മുഴുവൻ ജെൻ സി ഗ്രൂപ്പും പുറത്തിറങ്ങി അടുത്തുള്ള കഫേയിലേക്ക് പോകുകയും എച്ച്ആറിനെ അറിയിക്കുകയും ചെയ്തു. 'എസി ശരിയാക്കിയ ശേഷം ഞങ്ങൾ തിരിച്ച് വരാം' എന്നാണ് അവർ പറഞ്ഞത്.' -ശീതൾ തുടർന്നു.
'ആ ഗ്രൂപ്പിലെ എല്ലാവരും ജെൻ സി ആണോ എന്ന് ഞാൻ അവളോട് (കസിനോട്) ചോദിച്ചു. അതെ എന്ന് അവൾ പറഞ്ഞു. മില്ലേനിയൽസിന് (1981-നും 1996-നും ഇടയിൽ ജനിച്ചവർ) ഇങ്ങനെയൊന്നും ചെയ്യാനുള്ള ധൈര്യമില്ലെന്നും അവർ എല്ലാം സഹിച്ച് മിണ്ടാതിരിക്കാൻ ശീലിച്ചുവെന്നും അവൾ പറഞ്ഞു. ഇമോഷണൽ ഡാമേജ്!' -ശീതൾ പറഞ്ഞുനിർത്തി.
രണ്ടരലക്ഷത്തോളം പേരാണ് ശീതളിന്റെ പോസ്റ്റ് ഇതിനകം കണ്ടത്. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റുകളിട്ടത്. പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്നും മില്ലേനിയൽസിന് ലോൺ പോലുള്ള സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ റിസ്‌ക് എടുക്കാനുള്ള ശേഷി കുറവാണെന്നുമാണ് ഒരാൾ കുറിച്ചത്. എഐ കാലത്ത് ജെൻ സി തലമുറയിൽ പെട്ടവരുടെ തൊഴിലിനെ കുറിച്ചുള്ള ആശങ്കയാണ് മറ്റൊരാൾ പങ്കുവെച്ചത്.
Content Highlights: Shital Rijhwani shared a viral post about Gen Z employees breaking toxic work cultures. She noted how they leave exactly on time, report bad managers to HR, and even left the office for a cafe when the AC broke down.
Published: 28 Jun 2026, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented