When a government becomes lawless or corrupt, civil disobedience becomes a sacred duty - Mahatma Gandhi

To advertise here,

violence. ..violence ...violence...!

യാഷ് കെജിഎഫിൽ പറഞ്ഞ ഡയലോഗാണ് യൂറോപ്പിന്റെ അവസ്ഥ കാണുമ്പോൾ ഓർമ്മ വരുന്നത്.

കലാപം..പ്രതിഷേധം...സമരം...!

ഫ്രാൻസ്, ഇറ്റലി, ബെൽജിയം, പോർച്ചുഗൽ, സ്‌പെയിൻ, ആൽബെനിയ... അതായത് ഏതാണ്ട് യൂറോപ്പ് മുഴുവൻ ജനങ്ങൾ കൂട്ടംകൂട്ടമായി തെരുവിൽ പ്രതിഷേധിക്കുകയാണ്. യുദ്ധത്തിനും പ്രശ്‌നങ്ങൾക്കും കുപ്രസിദ്ധമായ യുക്രൈനും റഷ്യയുമുൾപ്പെടുന്ന കിഴക്കൻ യൂറോപ്പ് ആയിരുന്നു ഹിറ്റ് ലിസ്റ്റിൽ ഇതുവരെയുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ യൂറോപ്പിന്റെ തെക്കും പടിഞ്ഞാറുമൊക്കെ ബഹുജന പ്രക്ഷോഭങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്നു. ഹാപ്പിനെസ്സ് ഇൻഡക്‌സിൽ മുന്തിയ, സമാധാനത്തിന്റെ താഴ്‌വരയെന്ന് വിശേഷിപ്പിക്കാറുള്ള വടക്കൻ യൂറോപ്പിൽവരെ റാലികളും പ്രക്ഷോഭങ്ങളും കഴിഞ്ഞ കുറെ മാസങ്ങളിലായി നടന്നു. വേനൽ മാറി തണുപ്പ് തുടങ്ങിയിട്ടും യൂറോപ്പ് ഇത്തരത്തിൽ ചൂട് പിടിക്കുന്നതിന് പിന്നിലെ അച്ചടക്കരാഹിത്യവും പാപഭാരവും മുഴുവൻ കുടിയേറ്റക്കാരുടെ തലയിൽ കെട്ടിവെയ്ക്കാൻ അടിക്കടി പ്രസ്താവനയിറക്കുന്ന അമേരിക്കൻ പ്രസിഡന്റും അതിന്റെ വാലിൽ പിടിച്ചുതൂങ്ങാൻ കുറെ തീവ്രവലതുപക്ഷവാദികളും കൂടിയിറങ്ങുമ്പോൾ സീൻ മുഴുവൻ ഡാർക്ക് ആകാൻ വേറെയെന്തു വേണം?

ഇവിടെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണുള്ളത്:
1.എന്താണ് യൂറോപ്പിൽ പ്രശ്‌നം?
2.ആരാണ് യൂറോപ്പിൽ പ്രശ്‌നം?

രണ്ട് ചോദ്യങ്ങളുടെയും ഉത്തരം രണ്ടാണെന്നു എഴുതിവെയ്ക്കാൻ എളുപ്പമാണ്. പക്ഷെ, ഈ രണ്ട് ചോദ്യങ്ങൾക്കുമിടയിലെ ദൂരം വൈകാരിക പ്രശ്‌നങ്ങളില്ലാതെ ഗ്രഹിച്ചെടുക്കുക എന്നത് യൂറോപ്പിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ എളുപ്പമല്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തെ രണ്ടാമത്തെ ചോദ്യത്തിലേക്ക് വഴി തിരിച്ചുവിടാനും രണ്ടാമത്തെ ചോദ്യത്തിന് തെറ്റായ ഉത്തരം കൊടുത്ത്‌ അത് ശരിയാണെന്ന് സമർഥിക്കുമ്പോഴുമാണ് കാര്യങ്ങൾ സങ്കീർണ്ണമാകുന്നത്.

ഇനി ആദ്യത്തെ ചോദ്യത്തിലേക്ക് വരാം. എന്താണ് യൂറോപ്പിലെ പ്രശ്‌നം? ഉയർന്ന ജീവിതനിലവാരവും മികച്ച വിദ്യാഭ്യാസവും സമ്പന്നവാഴ്ചയുമൊക്കെ അലങ്കാരമായിട്ടുണ്ടെന്ന് നമ്മൾ വാഴ്ത്തിപ്പാടാറുള്ള യൂറോപ്യൻ ജീവിതം എന്തുകൊണ്ടാണ് മുമ്പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം ഇങ്ങനെ തെരുവിൽ പൊട്ടിത്തെറിക്കുന്നത്? കുടിവെള്ളത്തിനും റേഷനരിക്കും നിരാഹാരവും ലാത്തിചർച്ചുമൊക്കെ 'അയ്യോ പാവം' മൂന്നാംകിട വികസ്വര ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ-ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നൊരു ചിത്രമുണ്ടാക്കി, കോട്ടും സൂട്ടുമിട്ട് നടക്കയായിരുന്നല്ലോ യൂറോപ്പ്. ഇപ്പോൾ 'elephant in room' എന്ന വാചകം പോലെയായി കാര്യങ്ങൾ. ഓരോയിടത്തും നടന്ന സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ നോക്കാം.

ഫ്രാൻസ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശോചനീയാവസ്ഥയും തിങ്ങിഞെരുങ്ങിയ ക്ലാസ് മുറികളും അധ്യാപകരുടെ കുറവും ടൈം ടേബിൾ മുതൽ പരീക്ഷയും യൂണിവേഴ്‌സിറ്റി സീറ്റുകളുംവരെ നീളുന്ന സകലതിലും പ്രശ്‌നങ്ങൾക്ക് മുകളിൽ പ്രശ്‌നങ്ങളും കഷ്ടപ്പാടും സഹിച്ചു പൊറുതികെട്ട വിദ്യാർത്ഥികൾ (അതും ഹൈസ്‌കൂൾ സ്റ്റുഡന്റസ് ) പാരീസിൽ തുടങ്ങിവെച്ച പ്രക്ഷോഭമാണ് ഫ്രാൻസിനെ കത്തിച്ചത്. പിന്നെ അത് ടീച്ചർമാർ, കോളേജ് സ്റ്റുഡന്റസ്, ട്രേഡ് യൂണിയനുകൾ തുടങ്ങി ജീവിതം ദുരിതമായി മാറിയ സാധാരണ മനുഷ്യരും ഏറ്റെടുത്തു.

ഇറ്റലി: ഒക്ടോബർ 16-നും 18-നുമൊക്കെ മിലനിൽ നടന്ന സംഘർഷങ്ങൾ മിക്കതും വർധിച്ചുവരുന്ന ജീവിതച്ചെലവിനും വിലവർധനവിനും യുദ്ധത്തിന് ചെലവിടുന്ന പണത്തെയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു. ഒരു ഇറ്റലിക്കാരി സുഹൃത്ത് പറഞ്ഞത് പത്തുവർഷം മുൻപ് രണ്ടര യൂറോയ്ക്ക് കിട്ടിയിരുന്ന ബ്രെഡ് ഇപ്പോൾ നാല് യൂറോ മുടക്കിയാലെ കിട്ടുകയുള്ളൂവെന്നാണ്. ഗവണ്മെന്റ് തെരുവിൽ തല്ലിച്ചതച്ചാലും ജയിലിൽ അടച്ചാലും ദാരിദ്ര്യം വിഴുങ്ങിയ ജനങ്ങൾ അക്രമാസക്തരായി തെരുവിലിറങ്ങുക തന്നെ ചെയ്യും.

സ്‌പെയിൻ: സ്‌പെയിനിൽ സാധാരണക്കാരെ സമരത്തിലേക്ക് തള്ളിവിട്ടത് താങ്ങാനാകാത്ത വാടകയും ഭവനവായ്പ്പകളും പാർപ്പിടമില്ലായ്മയും മറ്റു പ്രശ്‌നങ്ങളുമാണ്‌. പത്തുവർഷം മുൻപ് സ്‌പെയിനിലുണ്ടായിരുന്ന ഭവനരഹിതരുടെ (homeless ) സ്ഥാനത്ത് ഇന്ന് ഇരട്ടിക്കിരട്ടി മനുഷ്യരാണ് ടാക്‌സും ബില്ലുകളും വാടകയും താങ്ങാൻ വയ്യാതെ റോഡിലും കടത്തിണ്ണയിലും കിടക്കുന്നത്. കോസ്റ്റ കോഫിയുടെ കാലിക്കപ്പും കൊണ്ട് തെണ്ടുന്നവരെ യൂറോപ്പിൽ കണ്ടവർക്ക് അവസ്ഥ മനസിലാകും.

ആൽബേനിയ: അഴിമതിയും സ്വജനപക്ഷപാതവും സർക്കാരുകളുടെ കൊള്ളയും സഹിക്കവയ്യാതെ ജനങ്ങൾ പൊറുതിമുട്ടി. പഠിച്ചാൽ തൊഴിൽ കിട്ടില്ല, തൊഴിൽ കിട്ടിയാൽ നല്ല വേതനം ലഭിക്കില്ല. ഇനി ശമ്പളം കിട്ടിയാലോ, കിട്ടുന്ന ദിവസംതന്നെ മുഴുവൻ ഡയറക്റ്റ് ഡെബിറ്റ് പോയി സീറോ ബാലൻസായി ബാക്കി ദിവസങ്ങൾ തള്ളിനീക്കാൻ ഓവർ ടൈം ചെയ്തു ചെയ്തു നരകിച്ചു ജീവിക്കുകയാണ് സാധാരണ മനുഷ്യരെന്ന്‌ ഒരു ആൽബെനിയൻ സുഹൃത്ത് പറഞ്ഞത് യു.കെയെ പ്രതിയും സത്യമാണല്ലോയെന്നു തോന്നുമ്പോഴാണ് യൂറോപ്പിലെ ചിത്രം പൂർണ്ണമാകുന്നത്.

പോർച്ചുഗൽ: മുകളിൽ പറഞ്ഞ സർവ്വപ്രശ്‌നങ്ങളും അവിടെയുമുണ്ട്. പെൻഷൻ സംബന്ധമായ നയങ്ങളിലെ വീഴ്ചയെ തുടർന്ന് വൃദ്ധരുടെ അവസ്ഥ പരമകഷ്ടത്തിലാവുകയും ചെയ്തയിടമാണ് പോർച്ചുഗൽ. ജോലി ചെയ്യുന്ന കാലം മുഴുവൻ മിച്ചംപിടിച്ചു വലിയ തുക സർക്കാരിനെ വിശ്വസിച്ചു പെൻഷൻ ഫണ്ടിലേക്കിട്ട്, അത് അവർക്കും മക്കൾക്കും ലഭിക്കാതെ, വാർദ്ധക്യത്തിൽ കെയർ ഹോമിൽ പോകാൻ വസ്തുവോ വീടോ വിൽക്കാൻ നടക്കുന്ന വൃദ്ധരെ യൂറോപ്പിൽ മുഴുവൻ കാണാം.

ബെൽജിയം: ഉന്നതവിദ്യാഭ്യാസത്തിന് പോകാൻ സാധാരണക്കാരായ കുട്ടികൾക്ക് ലോൺ എടുക്കുകയോ ഫാക്ടറികളിലോ ഡെലിവറി യൂണിറ്റിലോ പാർട്ട് ടൈം ജോലി ചെയ്താലേ സാധിക്കുള്ളു എന്ന് വരുമ്പോൾ വിദ്യാർത്ഥികൾ തെരുവിലിറങ്ങാതെ എന്ത് ചെയ്യും? യൂണിവേഴ്‌സിറ്റികളിൽ പകൽ പോയി, വൈകിട്ട് ബാറിലും പബ്ബിലും ഹോട്ടലിലും ജോലിയും ചെയ്തു പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് എങ്ങനെയാണ് സംയമനം സാധ്യമാകുക?

വീണ്ടും വീണ്ടും അക്കമിട്ട് എഴുതാൻ നൂറ് കണക്കിന് വിഷയങ്ങളുണ്ട് യൂറോപ്യൻ സമരമുഖങ്ങളെ ചുറ്റിപ്പറ്റി. സാധാരണക്കാരുടെ ദുരിതങ്ങൾ യൂറോപ്പിൽ അവസാനിക്കുന്നില്ല. യുകെയിൽ തൊഴിൽ ചെയ്തു അതിൽനിന്ന് ഒരു പൗണ്ട് പോലും സാമ്പാദ്യമായി മാറ്റിവെയ്ക്കാൻ കഴിയാത്തവരാണ് ഇവിടെ ബഹുഭൂരിപക്ഷവും. പഠിക്കാനായി വലിയ തുക ലോൺ എടുത്തുവന്ന ഒരു വിദ്യാർത്ഥി പറഞ്ഞത് പെൺകുട്ടിയായിരുന്നു എങ്കിൽ ടാങ്കോയിലോ മറ്റു അഡൾട്ട് സൈറ്റുകളിലോ സബ്‌സ്‌ക്രിപ്ഷൻ നോക്കുന്നത് താൻ ആലോചിക്കുമായിരുന്നു എന്നാണ്. യുകെയിൽ മാത്രം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കണക്കെടുത്താൽ സങ്കടം തോന്നും. യുകെയിലൊരു വീട് വാങ്ങാൻ സാധിക്കാത്തതുകൊണ്ട് മാത്രം യൂറോപ്പ് വിട്ട എത്രയോ ദമ്പതികൾ. യൂറോപ്പിലെ പുതുതലമുറയിൽ മിക്കവരും വിവാഹമോ കുട്ടികളോ വേണ്ട ലിവിങ് ടുഗെതർ മതി, ‘കമ്മിറ്റ്‌മെന്റസ്’ ഓർത്താൽ 'anxiety diosrder' വരും എന്ന് പറയുന്നതിൽ കാര്യമുണ്ട്. ഇങ്ങനെ നരകിക്കുന്ന പുതുതലമുറ തെരുവിലിറങ്ങി ക്ഷുഭിതരാകുന്നതിൽ എന്താണ് തെറ്റ്?

ഇനിയാണ് ഏറ്റവും പ്രസക്തമായ രണ്ടാമത്തെ ചോദ്യം വരുന്നത്- ആരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി? സർക്കാരുകൾക്ക് ഇവിടെ ഒരു പ്രതിയെ വേണം. ഒരു രക്തസാക്ഷിയെ തൂക്കിലേറ്റിയാലേ ബറാബാസുകളെ വെറുതെവിടാനാകൂ. കണക്കെടുപ്പിൽ പെടാത്ത, പുൽതൊഴുത്തിൽ ജനിച്ച ഒരു അഭയാർത്ഥി എല്ലാ ജെറുസലേമിലും കാണും. സ്വർഗ്ഗരാജ്യവും സമാധാനവും സ്വപ്നം കണ്ടുനടക്കുന്ന അങ്ങനെയുള്ള സാധുപ്രാണനുകളുടെ ചുമലിൽ ഭരിക്കുന്നവർക്ക് സ്വന്തം പിടിപ്പുകേടുകൾ ചുമത്താനും കൊലക്കളത്തിലേക്ക് നയിക്കാനും എളുപ്പമാണ്. യൂറോപ്പിലായാലും അമേരിക്കയിലായാലും ജീവനും ജോലിയും അതിജീവനവും കൈയിൽപിടിച്ച്‌, ഒന്നും മിണ്ടാൻ ധൈര്യമില്ലാതെ കഴിയുന്ന കുറെ പാവം കുടിയേറ്റക്കാരുണ്ട്. തൊഴിലില്ലായ്മയും പട്ടിണിയും പാർപ്പിടമില്ലായ്മയുമൊക്കെ അവരുടെ തലയിലിട്ട് സർക്കാറുകൾക്ക് വോട്ട് ഉറപ്പിക്കാം. ഈ കുടിയേറ്റക്കാർ അവരുടെ രാജ്യങ്ങളിൽനിന്ന് തന്നെ ഗതികെട്ട്, വിറ്റും പെറുക്കിയും ലോണും കടവുമായി നാട് കയറിയതാവും. തിരിച്ചുപോകാൻ ഒരു നിവൃത്തിയില്ലാത്തതുകൊണ്ട് രാഷ്ട്രീയ പകിടകളിയിലെ ചാവേർക്കരുവായി നികുതിക്ക് മുകളിൽ നികുതി കൊടുത്തു കഴിയുന്നു. പല യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാരും പല ദേശങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് അവർക്ക് ഒറ്റക്കെട്ടായി തീരുക അത്ര എളുപ്പമല്ല. യുകെയിൽ ഇന്ത്യക്കാരനും ശ്രീലങ്കനും പാകിസ്ഥാനിയും സിറിയക്കാരനുമൊക്കെ അനുഭവിക്കുന്ന അസ്തിത്വപ്രശ്‌നം ഒന്നാണ്.

ഈ കുടിയേറ്റക്കാരാണ് സമരങ്ങൾക്ക് പിന്നിൽ, അല്ലെങ്കിൽ അവരാണ് ഉത്തരവാദികളെന്നു വരുത്തി തീർക്കാൻ എത്ര ശ്രമിച്ചാലും സത്യം മുഴച്ചുതന്നെ നിൽക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിലും ഇറ്റലിയിലുമൊക്കെ അറസ്റ്റിലായ നൂറുകണക്കിന് മനുഷ്യരിൽ ഭൂരിപക്ഷവും ആ രാജ്യത്തെ പൗരന്മാരാണ്. പൊറുതികെട്ട് സാധാരണ ജനങ്ങൾ പ്രതികരിക്കുമ്പോൾ അവർക്ക് തീവ്രവാദി, ദേശവിരുദ്ധർ, സാമൂഹികവിരുദ്ധർ തുടങ്ങി സകല ചാപ്പയും കുത്തിക്കൊടുക്കുകയാണ് സർക്കാർ.

സത്യത്തിൽ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്: തോറ്റുപോയ, കഴിവുകെട്ട, യുദ്ധക്കൊതിയും രാഷ്ട്രീയലാഭവും; അധികാരവും കൊള്ളയും മാത്രം ലക്ഷ്യംവയ്ക്കുന്ന ഭരണകൂടങ്ങളും രാഷ്ട്രീയക്കാരുമാണ് ഈ അവസ്ഥയ്ക്ക് കാരണം.

ഈ പിടിപ്പുകേട് മറയ്ക്കാൻ വംശീയവിദ്വേഷവും കപടദേശീയതയും കുടിയേറ്റവിരുദ്ധതയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. യൂറോപ്പിലെ സാധാരണമനുഷ്യർ ഇത് തിരിച്ചറിഞ്ഞു നിരത്തിലിറങ്ങുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളിൽ കണ്ടത്.

അവസാനമായി ഒരു വിഷയം കൂടി ആലോചിക്കുക- എന്തുകൊണ്ടാണ് ഇന്ത്യയിലായാലും ഇറ്റലിയിലായാലും വിദ്യാർഥികൾ ആദ്യം സമരത്തിനിറങ്ങിയത്? ജെൻ സി കലാപങ്ങൾ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ പുതുതലമുറയുടെ സമരങ്ങളോട് എന്ത് കൊണ്ടാണ് അതത് രാജ്യത്തെ മഹാഭൂരിപക്ഷവും കൈ കോർക്കുന്നത്?

ഉത്തരം സിമ്പിളാണ്:
gerontocracy(വൃദ്ധഭരണം) + plutocracy(പണാധിപത്യം) + Nepotsim(സ്വജനപക്ഷപാതം).

സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയസ്ഥാനങ്ങളും ഉന്നതപദവിയും സമ്പത്തും അധികാരവും മുഴുവൻ ചെറിയൊരു ശതമാനം വരുന്ന, പുതുതലമുറയുടെ ജീവിതപ്രശ്‌നങ്ങളൊന്നും മനസ്സിലാക്കാൻ തയ്യാറല്ലാത്ത, വേണ്ടപ്പെട്ടവർക്കും മക്കൾക്കും കുടുംബക്കാർക്കും മാത്രം സ്വർഗ്ഗീയജീവിതം സ്വപ്നം കാണുന്ന വൃദ്ധരായ കുറച്ചു മനുഷ്യരുടെ കൈയിലാണ്. സാധാരണക്കാരുടെ ജീവിതം അവർക്ക് വിഷയമേ അല്ല. ഇങ്ങനെയുള്ളവർക്കെതിരെ പുതുതലമുറ കല്ലെറിയുമ്പോൾ സാധാരണക്കാരായ ജനങ്ങൾ മുഴുവൻ അവർക്കൊപ്പം നിൽക്കുന്നു!