ന്യൂഡൽഹി: 18 തികഞ്ഞ ജെൻ-സി വോട്ടർമാരെ വോട്ടർപ്പട്ടികയിൽ ചേർക്കുന്നതിനുള്ള വാർഷിക സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ.) 2024 മുതൽ മുടങ്ങിയിരിക്കുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് പുതിയ വിവാദം. യുവാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

To advertise here,

യുവജനങ്ങളെ വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ മോദി സർക്കാരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കാൻ സാധിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യസഭാ എം.പി ജയറാം രമേശും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

2024-നു ശേഷം പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള നടപടികളൊന്നും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 2026-27 വർഷത്തെ എസ്.എസ്.ആർ. നടപടികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി മേയ് അവസാനത്തോടെയാണ് ഇത് പ്രഖ്യാപിക്കാറുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. കമ്മിഷൻ കൈക്കൊണ്ട വിവിധ തീരുമാനങ്ങളിൽ 10 മാസത്തിനിടെ ഈ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും 14 തവണ എതിർപ്പറിയിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സാധാരണമായി വോട്ടർപ്പട്ടിക പുതുക്കാനും 18 വയസ്സ് തികയുന്നവരെ ഉൾപ്പെടുത്താനും നടത്തുന്ന വാർഷിക പ്രക്രിയയാണ് എസ്.എസ്.ആർ. ഒരുവർഷത്തിൽ ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നീ നാല് തീയതികളിൽ 18 വയസ്സ് തികയുന്നവർക്ക് ഇതിലൂടെ അപേക്ഷിക്കാം. എന്നാൽ, ഇത്തവണ എസ്.ഐ.ആർ. നടപടികൾ നടക്കുന്നതിനാൽ എസ്.എസ്.ആർ. ആവശ്യമുണ്ടോ എന്നതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നിയമോപദേശം തേടിയിട്ടുണ്ട്.